കണ്ണൂര്‍: സ്വകാര്യ ബസ്സുകളുടെ മത്സരഓട്ടത്തിനെതിരെ പോലീസ് നടപടി തുടങ്ങി. ജനങ്ങളുടെ ജീവന് അപകടകരമാം വിധത്തില്‍ മത്സരഓട്ടം നടത്തുന്ന ബസ്സുകള്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചുവരുന്നത്. ജില്ലയിലെ പല റൂട്ടുകളിലും സ്വകാര്യ ബസ്സുകള്‍ മത്സരിച്ചോടുന്നതും അപകടം വരുത്തിവെക്കുന്നതും സ്ഥിരം സംഭവമായി മാറിയിട്ടുണ്ട്. സ്പീഡ് ഗവര്‍ണര്‍ സ്ഥാപിക്കണമെന്നാണ് നിയമമെങ്കിലും പലരും ഇത് ലംഘിക്കുകയാണെന്നും പരാതിയുണ്ട്. കഴിഞ്ഞ ദിവസം കണ്ണൂര്‍-മയ്യില്‍, കണ്ണൂര്‍-കണ്ണാടിപ്പറമ്പ് റൂട്ടുകളിലോടുന്ന രണ്ട് ബസ്സുകള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
മത്സരിച്ചോടിയതിന് സ്വകാര്യ ബസ് ഡ്രൈവര്‍മാരെ മയ്യില്‍ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റുചെയ്തു. കണ്ണൂര്‍ ജില്ലാആശുപത്രി-പാവന്നൂര്‍ കാടവ് റൂട്ടില്‍ സര്‍വീസ് നടത്തുന്ന പത്മനാഭ ബസ് ഡ്രൈവര്‍ കുറ്റിയാട്ടൂര്‍ പഴശ്ശിയിലെ സുമേഷ് (32), കണ്ടക്കൈ ജില്ലാ ആശുപത്രി റൂട്ടിലോടുന്ന ഷീനാസ് ബസ് ഡ്രൈവര്‍ നണിയൂര്‍ നമ്പ്രത്തെ മൊയ്തു (33) എന്നിവരെ യാണ് അറസ്റ്റുചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തില്‍ വീട്ടു.
അടുത്ത ദിവസം മുതല്‍ അമിത വേഗതയിലോടുന്ന ബസ്സുകളെ നിരീക്ഷിക്കാനും ശക്തമായ നടപടിയെടുക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്. ഇത്തരം ഡ്രൈവര്‍മാരെ കയ്യോടെ പിടികൂടാനാണ് തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: