കൊച്ചി: മൂന്നാറില്‍ കൈയ്യേറ്റം ഒഴിപ്പിച്ച് സര്‍ക്കാറിനെയും രാഷ്ട്രീയ നേതൃത്വത്തെയും വിറപ്പിക്കാന്‍ മാത്രമല്ല, യുവ ഐഎഎസ് ഓഫീസറായ ശ്രീറാം വെങ്കിട്ടരാമനറിയാവുന്നത്. നന്നായി തമാശ പറയാനും അറിയാം. ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കാനായി ഹൈബി ഈഡന് എംഎല്‍എ സംഘടിപ്പിച്ച ചടങ്ങിലാണ് ശ്രീറാം തമാശക്കാരനായത്.
‘മൂന്നു കൊല്ലം മുമ്പ് ഐഎഎസ് കിട്ടിയപ്പോള്‍ എംഎല്‍എയുടെ ആദരവ് ഏറ്റുവാങ്ങാനായി കാറില്‍ പുറപ്പെട്ടു. വേദിയില്‍ പ്രസംഗിച്ച് ഷൈന്‍ ചെയ്യുമെന്ന് സുഹൃത്തിനോട് പറഞ്ഞായിരുന്നു യാത്ര. പക്ഷേ, ഇടയ്ക്കുവെച്ച് കാര്‍ പഞ്ചറായി. സമയം തെറ്റരുതെന്ന് കരുതി പഞ്ചറായ കാറും ഉരുട്ടി സ്ഥലത്തെത്തി. അതാ അവിടെ ശശി തരൂരും നടന് ആസിഫ് അലിയും. അതോടെ എല്ലാം തീര്‍ന്നു.
ഇത്തവണ പോസ്റ്ററില്‍ എന്റെയും ഹൈബി ഈഡന്റെയും പേര് മാത്രം. പ്രസംഗിച്ച് കലക്കാമെന്ന് വിചാരിച്ചെത്തിയപ്പോള്, ദാ ഇരിക്കുന്ന നടന് ടോവിനോ തോമസ്. പ്രസംഗം ചീറ്റിപ്പോയെങ്കിലും സാരമില്ല, ടോവിനോയുടെ കട്ട ആരാധകനാണ് ഞാന്‍. ഒരു സെല്‍ഫിയെടുക്കണം’ ശ്രീറാമിന്റെ പ്രസംഗം കേട്ട് സദസ്സില്‍ നിലയ്ക്കാത്ത കൈയ്യടി.
മൂന്നാര്‍ കൈയ്യേറ്റം ഒഴിപ്പിക്കാന്‍ നടപടിയെടുത്ത ഹീറോയോടൊപ്പം സെല്‍ഫിയെടുക്കാന്‍ ചടങ്ങിനെത്തിയവര്‍ തിരക്ക് കൂട്ടി. ഉദ്ഘാടനച്ചടങ്ങില്‍ മുഖ്യാതിഥിയായാണ് ശ്രീറാം എത്തിയത്.
എഞ്ചിനിയറിംഗ് പഠിക്കാന്‍ പോയ സമയത്ത് അഭിനയം പഠിച്ചിരുന്നെങ്കില്‍ നന്നായി അഭിനയിക്കാന്‍ കഴിഞ്ഞേനെ എന്ന് ഉദ്ഘാടകനായ നടന് ടോവിനോ തോമസ് പറഞ്ഞു. നിങ്ങള്‍ എന്താണോ ഇഷ്ടപ്പെടുന്നത് അത് ചെയ്യുക. എങ്കില്‍ ഉയരങ്ങളിലെത്താന്‍ കഴിയും. പത്താം ക്ലാസില്‍ നിങ്ങളുടെ അത്രയും മാര്‍ക്കില്ലാത്ത ഞാന്‍ ഉപദേശിക്കുകയല്ല, വെറുതെ പറഞ്ഞെന്നേയുള്ളൂവെന്നും ടോവിനോ പറഞ്ഞു.
സിവില്‍ സര്‍വീസ് പരീക്ഷയില്‍ 15-ാ റാങ്ക് നേടിയ ബി. സിദ്ധാര്‍ത്ഥ്, ലോക വനിതാ നേതൃ സമ്മേളനത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന രാജശ്രീ പ്രവീണ്‍ തുടങ്ങി ആയിരത്തോളം പ്രതിഭകള്‍ക്കാണ് അവാര്‍ഡ് നല്‍കിയത്. കെ.വി. തോമസ് എംപി, ഹൈബി ഈഡന് എംഎല്, മേയര്‍ സൗമിനി ജെയിന്, എപിഎം മുഹമ്മദ് ഹനീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: