സന്ധ്യാനാമം ചൊല്ലിയശേഷം പൂജാമുറിയിലെ കൊളുത്തിയ നിലവിളക്കിനു മുന്നില്‍ ചേര്‍ന്ന കുടുംബസദസ്സ് മുത്തശ്ശന്റെ വായന കേള്‍ക്കാന്‍ കാതു കൂര്‍പ്പിച്ചിരുന്നു-മുത്തശ്ശി, പേരക്കുട്ടികളായ വരുണ്‍, ശരത്ത്, ശ്രീലക്ഷ്മി, ശ്രീഹരി…
ഭക്തിപൂര്‍വം മുത്തശ്ശന് ചൊല്ലി
ലവണജലധിശതയോജനാവിസ്തൃതം
ലംഘിച്ചു ലങ്കയില്‍ ചെല്ലുവാന്‍ മാരുതി
മനുജപരിവൃഢ ചരണനളിയുഗം മുദാ
മാനസേ ചിന്തിച്ചുറപ്പിച്ചു നിശ്ചലം…
മനസ്സ് ലക്ഷ്യത്തിലുറച്ചതോടെ ആ ശക്തികേന്ദ്രം ഉത്ഥിതമായി. നൂറുയോജന വിസ്താരമുള്ളതും മകരമത്സ്യം മുതലായ ഭയങ്കര ജന്തുക്കളുടെ ആവാസസ്ഥാനവുമായ സമുദ്രം ചാടിക്കടക്കാന്‍ നിശ്ചയിച്ചുറച്ച മാരുതി, സര്‍വേശ്വരനായ ശ്രീരാമനെ ധ്യാനിച്ചുകൊണ്ടു പറഞ്ഞു: ലക്ഷ്യത്തില്‍നിന്നു തെല്ലും തെറ്റാത്ത അങ്ങയുടെ ബാണംപോലെ, അതിവേഗം ആകാശമാര്ഗേ സഞ്ചരിക്കുന്ന എന്നെ സകല വാനരന്മാരും കണ്ടുകൊള്ളട്ടെ. ഞാന്‍ ദേവിയെ ദര്‍ശിക്കും; ആ ദര്‍ശനത്തില്‍ കൃതാര്‍ത്ഥനായി മടങ്ങിവന്ന് സ്വാമിയായ അങ്ങയെ കാണും….
വായുപുത്രനെത്തന്നെ കണ്ണിമയ്ക്കാതെ നോക്കിനില്ക്കുന്ന ജാംബവാനടക്കമുള്ള വാനരന്മാരെ
അദ്ഭുതപ്പെടുത്തിക്കൊണ്ട് ഹനുമാന് വളരാന്‍ തുടങ്ങി. മലപോലെ വളര്‍ന്നെത്തിയ ഹനുമദ്രൂപം കുനിഞ്ഞിരുന്ന്, കൈപ്പത്തികളും കാലടികളും മഹാദ്രിയില്‍ ഊന്നി. അതിന്റെ മര്‍ദ്ദത്തില്‍ മാമല ഒന്നു കുലുങ്ങി. ഗുഹാന്തര്‍ഭാഗത്തെ മൃഗങ്ങള്‍ പുറത്തുവന്നു. മലപിളരുകയാണെന്ന് ധരിച്ച വിദ്യാധരന്മാര് സഹധര്മിണിമാര്ക്കൊപ്പം വാനിടത്തിലേക്കുയര്ന്നു.
ഹാരനൂപുരകേയൂര വാരിഹാര്യധര സ്ത്രീയഃ
വിസ്മിതാഃ സസ്മിതാസ്തസ്ഥുരാകാശൈ രമണൈ സഹ
പുണ്യാത്മാക്കളായ മുനിമാര്‍ ആശംസാപൂര്വം മൊഴിഞ്ഞു:
പവനതനയനിതാ സാഗരലംഘനത്തിനു തുനിയുന്നു…
അതിവിപുലഗളതലവുമാര്ജ്ജവമാക്കി നി-
ന്നാകുഞ്ചിതാം ഘ്രിയായൂര്ദ്ധ്വനയനനായ്
ദശവദനപുരിയില്‍ നിജഹൃദയവുമുറപ്പിച്ചു
ദക്ഷിണദിക്കുമാലോക്യ ചാടീടിനാന്‍….
ആ ചാട്ടത്തിനൊപ്പം നീര്ക്കോഴികളും മറ്റും വിശ്രമമേല്ക്കുന്ന വൃക്ഷനിരകള്‍ കടപുഴങ്ങിയെത്തി.
വരുണ്‍ പറഞ്ഞു: മുത്തശ്ശാ, ഹനുമാന് സാഗരം നീന്തിക്കടന്നു എന്നും അഭിപ്രായമുണ്ടല്ലോ. ഇല്ലേ?
‘ഉവ്വ്’ മുത്തശ്ശന് തലകുലുക്കി: ‘അങ്ങനേയും പറയുന്നുണ്ട്. അഗ്നിപുരാണത്തില്‍ പറയുന്നത് ശതയോജന വിസ്തീര്‍ണ്ണം പുല്പുവേളബ്ധീം സ മാരുതിഃ എന്നാണ്. ആദിരാമായണത്തില്‍ കാണുന്നത്, ശതയോജന വിസ്തീര്‍ണ്ണം പുല്പുവേ ലവണാര്ണ്ണവം എന്നാണ്. കാളിദാസന് രഘുവംശത്തില്‍ പറയുന്നത് മാരുതിഃ സാഗരം തീര്ണ്ണഃ എന്നാണ്.
‘ഈ പ്രസ്താവനകള്‍ക്ക് അര്‍ത്ഥം ഹനുമാന് നീന്തിക്കടന്നു എന്നുതന്നെയല്ലേ?’ മുത്തശ്ശി തിരക്കി.
‘സംശയമില്ല’ മുത്തശ്ശന് തുടര്‍ന്നു: ‘വീര്യപ്രകടനം ആരംഭശൂരത്വമാകുമോ? വായു പുത്രനു സമുദ്രത്തിന്റെ മറുകരയെത്താന്‍ പറ്റുമോ? അവന്റെ ബലം ഒന്നു പരീക്ഷിച്ചറിയുകയല്ലേ നന്ന്?’
‘എന്നിട്ടോ? ഹനുമാന്റെ ശക്തി പരീക്ഷിച്ചോ?’ ശ്രീഹരി തിരക്കി.
മുത്തശ്ശന് മെല്ലെ ചിരിച്ചു: ശത്രുക്കളുടെ ബലത്തെക്കുറിച്ച് നാം തീര്പ്പുവരുത്തും. ബന്ധുക്കളുടെ ബലത്തെ സംശയിക്കും. ഇവിടെയും അതുതന്നെ സംഭവിച്ചു. ദേവന്മാരുടെ സംശയം ഹനുമാന് മാര്ഗതടസ്സമുളവാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: