ചേര്‍ത്തല: എന്‍ആര്‍ഐ അക്കൗണ്ടുകളിലൂടെ അസാധുവാക്കിയ നോട്ടുകള്‍ മാറി കൊടുക്കുന്നതിനിടെ ചേര്‍ത്തലയില്‍ പിടിയിലായ സംഘത്തെ കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
കുഴല്‍ പണ മാഫിയയുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്ന സൂചന ലഭിച്ചതോടെ ഇതുസംബന്ധിച്ചും പരിശോധന ആരംഭിച്ചിട്ടുണ്ട്. പിടിയിലായ ഏഴംഗ സംഘത്തിന് കോടതി ഇന്നലെ ഇടക്കാല ജാമ്യം അനുവദിച്ചു. ഇന്ന് ഇവര്‍ ഹാജരാകണമെന്ന് കോടതി ഉത്തരവായി.
പ്രതികള്‍ സഞ്ചരിച്ച ആഡംബര കാറുകളില്‍ നിന്ന് അരക്കോടിയുടെ നിരോധിത നോട്ടുകളും 13 പാസ്പോര്‍ട്ടുകളും ഒന്‍പത് മൊബൈല്‍ ഫോണുകളും പുരാതന ലോഹനിര്‍മിത ശംഖും പോലീസ് കണ്ടെടുത്തിരുന്നു. തൃശൂര്‍ കുരിച്ചിറ നെഹ്റുനഗറില്‍ ജൂബിലി സ്ട്രീറ്റ് കുന്നത്ത് ഹനീഷ് ജോര്‍ജ് (39), വയനാട് മുട്ടില്നോര്ത്ത് പരിയാരം കള്ളംപെട്ടിയില് വീട്ടില്‍ സനീര്‍ (35), കണ്ണൂര്‍ തളിപറമ്പ് മണിക്കടവ് കല്ലുപുരപറമ്പില് അഖില്‍ ജോര്‍ജ് (24), വര്‍ക്കല ചെറുകുന്നത്ത് മുസലിയാര്‍ കോട്ടേജില്‍ നൗഫല്‍ (44), കോഴിക്കോട് താമരശേരി പുതുപ്പാടി ആനാറമ്മല് കബീര്‍ (33), മൂവാറ്റുപുഴ ആവേലി രണ്ടാര്‍ നെടിയാമല ആരിഫ് (35), കോഴിക്കോട് ഉണ്ണിക്കുളം മടുത്തുമ്മേല്‍ മുഹമ്മദ് അലി (39)എന്നിവരാണ് അറസ്റ്റിലായത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഏജന്റുമാരുള്ള സംഘം ഒരുലക്ഷത്തിന് 25,000 രൂപയുടെ പുതിയ നോട്ടുകള്‍ നല്‍കിയിരുന്നത്. പഴയ നോട്ട് ഒരുകോടിയാകുമ്പോള് എന്‍ആര്‍ഐ അക്കൗണ്ടിലൂടെയാണ് തുക മാറിയെടുത്തിരുന്നത്. പ്രതികള്‍ വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയിട്ടുള്ളതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
ഇത്തരത്തില്‍ സംഘടിപ്പിച്ച പാസ്പോര്‍ട്ടുകളാണ് ഇവരുടെ കൈവശം ഉണ്ടായിരുന്നതെന്നതെന്നാണ് പോലീസിന്റെ നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: