പയ്യാവൂര്‍: കര്‍ണ്ണാടക സ്വദേശി ഭരത് എന്ന മഹേഷ് പുതുജീവിതത്തിലേക്ക്. വെമ്പുവയിലെ മാനസികാരോഗ്യ പുനരധിവാസ കേന്ദ്രമായ തെരേസ ഭവന്റെ സ്നേഹപരിചരണങ്ങളില്‍ ജീവിതത്തിന്റെ പുതുതീരത്തിലേക്ക് യാത്രയാവുകയാണ് കര്‍ണ്ണാടകത്തിലെ ഉഡുപ്പി ജില്ലയിലെ ഹെബ്രി സ്വദേശിയായ ഭരത് ഷേണായി എന്ന മഹേഷ്. പയ്യാവൂര്‍ പോലീസിന്റെ സഹായത്തോടെ ചന്ദനക്കാംപാറ സ്വദേശികളായ ജോളി ജോസഫ് ആലപ്പാട്ട്, ജോസഫ് വലിയകുളത്തില്‍ എന്നിവരാണ് ചന്ദനക്കാംപാറയ്ക്കടുത്ത് ആടാംപാറയില്‍ ഫോറസ്റ്റ് അതിര്‍ത്തിയില്‍ അലഞ്ഞു നടന്ന ഭരത്തിനെ (45) മാനസികനില തകര്‍ന്ന നിലയില്‍ തെരേസാ ഭവനിലെത്തിച്ചത്.
13 വര്‍ഷങ്ങള്‍ക്കുമുമ്പ് ബംങ്കളൂര് നിംഹാന്‍സ് ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കെ കാണാതായ ഇയാളെ നിരന്തര ചികിത്സയിലൂടെയും, സ്നേഹ ശൂശ്രൂഷയിലൂടെയും ജീവിതത്തിലേക്ക് കൊണ്ടുവരുവാന്‍ തെരേസാഭവനു കഴിഞ്ഞു. ഇയാളുടെ സ്വദേശത്തേക്കുറിയും, കുടുംബാംഗങ്ങളെ കുറിച്ചും സൂചന ലഭിച്ചതോടെ കര്‍ണ്ണാടകത്തിലെ ഹെബ്രി പോലീസിന്റെ സഹകരണത്തോടുകൂടി കുടുംബാംഗങ്ങളെ കണ്ടെത്താനുള്ള ശ്രമം വിജയത്തിലെത്തി. തുടര്‍ന്ന് ഭരത്തിന്റെ അമ്മയുടെ അനുജത്തി വിദ്യ വികിനിയും, സഹോദരി നയന നായക്കും തെരേസാ ഭവനിലെത്തുകയും കൂടിയാന്മല പോലീസ് സബ്ബ് ഇന്‍സ്പെക്ടര്‍ സുരേന്ദ്രന് കല്ല്യാടന്റെയും വാര്‍ഡ് അംഗം ജോസ് പരത്തനാലിന്റെയും വെമ്പുവ മാര്‍. സ്ലീവാ പള്ളി വികാരി ഫാ.ആന്റണി പുന്നൂരിന്റെയും സാന്നിദ്ധ്യത്തില്‍ ഭരത്തിനെ ഏറ്റെടുക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: