മൃഡാനന്ദസ്വാമികളെപ്പോലുള്ള സന്ന്യാസിവര്യന്മാരുമായി സമ്പര്‍ക്കം പുലര്‍ത്തുമ്പോഴാണ് ‘കാല്പനിക കാന്തി കലര്‍ന്ന ദുരന്തമാണ്’ സന്ന്യാസം എന്ന പ്രസ്താവന വാസ്തവവിരുദ്ധമാണെന്ന് വ്യക്തമാകുക. പേരിനും പെരുമയ്ക്കുമായി നിരങ്കുശ ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന സന്ന്യാസവേഷക്കാരുടെ എണ്ണം പെരുകിക്കൊണ്ടിരിക്കുന്ന സമകാലീന കാലഘട്ടത്തില്‍ മൃഡാനന്ദസ്വാമികള്‍ ആദര്ശസന്ന്യാസത്തിന്റെ ഉജ്ജ്വല മാതൃകയായിരുന്നു.
സ്വാമികളൊരിക്കലും സ്വീകരണങ്ങളും പുരസ്ക്കാരങ്ങളും തേടി നടന്നിട്ടില്ല. പുരസ്ക്കാരങ്ങള്‍ സ്വാമികളെ തേടി എത്തുകയായിരുന്നു. കേരള സാഹിത്യ അക്കാദമിയുടെ വൈജ്ഞാനികസാഹിത്യപുരസ്ക്കാരം സ്വാമിജിയുടെ ‘ഗീതാമൃതബോധിനി’ക്ക് ലഭിക്കുകയുണ്ടായി. വി.എ. കേശവന് നായര്‍ സ്മാരക ടോംയാസ് പുരസ്ക്കാരം ആദ്യമായി ലഭിച്ചത് സ്വാമികള്‍ക്കായിരുന്നു.
സനാതനധര്‍മ്മ പ്രവര്‍ത്തനങ്ങള്‍ക്കായി ജീവിതം സമര്‍പ്പിച്ചവര്‍ക്കായുള്ള പാറമേക്കാവ് ദേവസ്വത്തിന്റെ കെ. ബാലകൃഷ്ണ മേനോന് സ്മാരക പുരസ്ക്കാരവും, പണ്ഡിതരത്നം പ്രൊഫ. കെ.പി. നാരായണപിഷാരൊടിയുടെ പേരില്‍ കൊച്ചിന് ദേവസ്വം ബോര്‍ഡ് ഏര്‍പ്പെടുത്തിയ പ്രഥമപുരസ്ക്കാരവും മൃഡാനന്ദ സ്വാമികള്‍ക്കായിരുന്നു ലഭിച്ചത്. സംസ്കൃതപണ്ഡിതന്മാര്‍ക്ക് നല്‍കിവരുന്ന പൂമുള്ളി പുരസ്ക്കാരത്തിനും ദേവീപ്രസാദ പുരസ്ക്കാരത്തിനും സ്വാമികള്‍ അര്‍ഹനായിട്ടുണ്ട്.
മൃഡാനന്ദസ്വാമികളെന്ന മഹാത്മാവിന്റെ സാന്നിദ്ധ്യം നമ്മുടെ നാട്ടില്‍ ഇന്ന് സാര്‍വ്വത്രികമായി കഴിഞ്ഞിരിക്കുന്ന ആദ്ധ്യാത്മിക അന്തര്യോഗങ്ങളില് പ്രതിഫലിക്കും. ആദ്ധ്യാത്മിക അന്തര്‍യോഗങ്ങളുടെ ഉദ്ഘാടകനും പ്രചാരകനുമായിരുന്നു സ്വാമികള്‍. സ്വാമികളുടെ ഉപനിഷദ് ക്ലാസ്സില്ലാതെ ഒരു അന്തര്യോഗവും പൂര്‍ണ്ണമാകാറില്ല. നിഷ്കൃഷ്ടമായ പാണ്ഡിത്യത്തിന്റെ മാത്രമല്ല നിപുണമായ സംഘടനാപാടവത്തിന്റെയും ഉടമയായിരുന്നു സ്വാമികളെന്നതിന് ഉത്തമോദാഹരണമാണ് സ്വാമികളുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെട്ട അന്തര്‍യോഗങ്ങള്‍.
വിവേകാനന്ദ സ്വാമികളെപ്പോലുള്ള യുഗപ്രഭാവന്മാര് അദ്വൈതദര്‍ശനത്തെ മാനവികസമത്വത്തിന്റെ ദര്‍ശനമായി വികസിപ്പിച്ചെടുത്തു. ഭാരതത്തിന്റെ ദേശീയ നവോത്ഥാനത്തിനും സാമൂഹിക അനാചാരങ്ങളുടെ നിര്‍മാര്‍ജ്ജനത്തിനും അദ്വൈതചിന്തകള്‍ അതിന്റേതായ നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്. ആ അദ്വൈതദര്‍ശനം അതിന്റെ മൂലരൂപത്തില്‍ മനസ്സിലാക്കുവാന്‍ സാധാരണക്കാരെ സഹായിക്കുന്ന ശ്ലാഘനീയമായ കര്‍ത്തവ്യമാണ് മൃഡാനന്ദസ്വാമികള്‍ തന്റെ ജീവിതത്തിലൂടെ നിര്‍വ്വഹിച്ചത്.
പാലക്കാട് ജില്ലയിലെ കടമ്പഴിപ്പുറത്താണ് മൃഡാനന്ദസ്വാമികളുടെ പൂര്‍വ്വാശ്രമം. സുപ്രസിദ്ധമായ വായില്ലാകുന്നിലപ്പന്റെ ക്ഷേത്രത്തിനോട് ചേര്‍ന്നാണ് ഭവനം. നായത്ത് വീട്ടിലെ പ്രസിദ്ധ ജ്യോത്സ്യന് രാമന്കുട്ടിഗുപ്തന്റെയും കുഞ്ഞുകുട്ടിയുടെയും എട്ടുമക്കളില്‍ രണ്ടാമനായി 1916 ജൂലൈ 15 നാണ് ജനനം. കുട്ടഗുപ്തനെന്നായിരുന്നു പേര്. സംസ്കൃതജ്ഞാനമുള്ള പിതാവില്‍ നിന്നും ബാല്യത്തില്‍ തന്നെ ഭാഷാപഠനം തുടങ്ങി. 1930 മുതല്‍ 34 വരെ പുന്നേശ്ശേരി നമ്പിയുടെ പട്ടാമ്പി സംസ്കൃത കോളേജില്‍ പഠിച്ച് സംസ്കൃത വിദ്വാന് പരീക്ഷ ഒന്നാംക്ലാസ്സോടെ പാസ്സായി.
ഇക്കാലത്ത് യശഃശ്ശരീരനായ പണ്ഡിതരത്നം കെ.പി. നാരായണപിഷാരോടി സഹപാഠിയായിരുന്നു. 1935 മുതല്‍ 37 വരെ പാവറട്ടി സംസ്കൃത കോളേജിലും തുടര്‍ന്ന് 1944 വരെ പാവറട്ടി ഡിസ്ട്രിക്ട് ബോര്‍ഡ് ഹൈസ്കൂളിലും അദ്ധ്യാപകനായി പ്രവര്‍ത്തിച്ചു. 1944 മുതല്‍ തൃശൂര്‍ രാമകൃഷ്ണാശ്രമം ഗുരുകുലത്തിലെ അദ്ധ്യാപകനായി.
ആ സമയത്ത് രാമകൃഷ്ണാശ്രമത്തിലെ അദ്ധ്യക്ഷന്‍ ഋഷിതുല്യനായിരുന്ന ശ്രീമത് ഈശ്വരാനന്ദസ്വാമികളായിരുന്നു. അദ്ദേഹത്തിന്റെ ആദ്ധ്യാത്മിക ആകര്‍ഷണവലയത്തില്‍പ്പെട്ട് ആശ്രമം സ്കൂളിലെ ജോലി രാജിവെച്ച് രാമകൃഷ്ണാശ്രമത്തിലെ ബ്രഹ്മചാരിയായിത്തീര്ന്നു. 1945 സെപ്തംബറിലാണ് ബ്രഹ്മചര്യദീക്ഷ സ്വീകരിച്ചത്. 1947 മുതല്‍ 58 വരെ ചെന്നെയിലെ മൈലാപ്പൂര് ശ്രീരാമകൃഷ്ണാശ്രമത്തിലായിരുന്നു.
1947ല്‍ രാമകൃഷ്ണമിഷന്റെ അന്നത്തെ അദ്ധ്യക്ഷനും ശ്രീശാരദാദേവിയുടെ ശിഷ്യനും ശ്രീമദ് വിവേകാനന്ദ സ്വാമികളുടെ സന്ന്യാസശിഷ്യനുമായിരുന്ന ശ്രീമദ് വിരജാനന്ദസ്വാമികളില് നിന്നുമാണ് മന്ത്രദീക്ഷ സ്വീകരിച്ചത്. ശങ്കരാനന്ദസ്വാമികളില്‍ നിന്നും 1956 ഫെബ്രുവരിയില്‍ സന്ന്യാസം സ്വീകരിച്ച് മൃഡാനന്ദസ്വാമികളായി 1958-ല്‍ കേരളത്തില്‍ തിരിച്ചെത്തി. 1958 മുതല്‍ 63 വരെ കാലടി ശ്രീരാമകൃഷ്ണാദ്വൈതാശ്രമത്തിലായിരുന്നു. ‘പ്രബുദ്ധകേരളം’ മാസികയുടെ ഉത്തരവാദിത്വവുമായാണ് അവിടെ കഴിഞ്ഞിരുന്നത്. 1963 ല്‍ തൃശ്ശൂരിലെ പുറനാട്ടുകര രാമകൃഷ്ണമഠത്തില്‍ തിരിച്ചെത്തി. കാലടിയില്‍ നിന്നും പുറനാട്ടുകരയിലേക്ക് സ്വാമികള്‍ പോന്നപ്പോള്‍ ‘പ്രബുദ്ധകേരള’വും കൂടെപ്പോന്നു. 1958 മുതല്‍ 98 വരെയുള്ള നീണ്ട നാല്പതുവര്ഷക്കാലത്തില് ഇടയ്ക്ക് ചില ഇടവേളകളൊഴികെ പ്രബുദ്ധകേരളത്തിന്റെ പത്രാധിപരായിരുന്നു സ്വാമികള്‍.
1988 മുതല്‍ 98 വരെ പുറനാട്ടുകര ശ്രീരാമകൃഷ്ണമഠത്തിന്റെ അദ്ധ്യക്ഷനായി. അദ്ധ്യക്ഷപദവിയും ആശ്രമ ഭരണവുമൊന്നും തനിക്കാവില്ലെന്ന് പറഞ്ഞ് സ്വാമികള്‍ ഒഴിയുവാന്‍ ശ്രമിച്ചു. പക്ഷേ തല്‍ക്കാലത്തേക്കായി പദവിയെടുത്താല് മതിയെന്ന് ബേലൂര്‍മഠത്തില്‍ നിന്നും നിര്‍ദ്ദേശം ലഭിക്കുകയുണ്ടായി. അന്ന് ഏറ്റെടുത്ത താല്‍ക്കാലിക ചുമതല പത്തുവര്‍ഷത്തോളം (1998 വരെ) നീണ്ടുനിന്നു. ആശ്രമാദ്ധ്യക്ഷന്‍ എന്ന സ്ഥാനത്തു നിന്ന് വിരമിച്ചിട്ടും സ്വാമികള്‍ക്ക് വിശ്രമമുണ്ടായില്ല. പ്രഭാഷണങ്ങളും അന്തര്‍യോഗങ്ങളും കൊണ്ട് തിരക്കോട് തിരക്കുതന്നെ.
തന്റെ ആരോഗ്യത്തെ അവഗണിച്ചുകൊണ്ടും സ്വാമികള്‍ ദീര്‍ഘദൂരയാത്രകള്‍ നടത്തി ഭക്തജനങ്ങളെയും ആരാധകരെയും ആദ്ധ്യാത്മിക ബോധത്തിലേക്ക് ആനയിച്ചുപോന്നു. മുകുന്ദമാല, ഗുരുവ്വഷ്ടകം, നിര്‍വ്വാണാഷ്ടകം തുടങ്ങിയ കൃതികളുടെയും പരിഭാഷ ഇക്കാലത്താണ് നിര്‍വ്വഹിച്ചത്. മുപ്പതോളം ഗ്രന്ഥങ്ങള്‍ തന്റെ ജീവിതകാലത്തിനിടയില്‍ സ്വാമികള്‍ രചിക്കുകയുണ്ടായി. ‘വിശേഷാലുള്ള ശ്രമങ്ങള്‍ക്കാണ് വിശ്രമകാലം’ എന്നതായിരുന്നു വിശ്രമകാല ജീവിതത്തെക്കുറിച്ച് സ്വാമികളുടെ പുതുനിര്‍വചനം.
അതിരറ്റ സ്നേഹവാത്സല്യങ്ങളുടെ സാഗരമായിരുന്നു സ്വാമികളെന്ന് തെളിയിച്ച ഒരുപാട് സംഭവങ്ങള്‍ സ്മരണയില്‍ സുഗന്ധം പരത്തിക്കൊണ്ടിരിക്കുന്നു. 2005 മാര്‍ച്ച് നാലിന് വൈകിട്ട് മൂന്നു മണിക്കാണ് സ്വാമികള്‍ സമാധിയാകുന്നത്. മാര്‍ച്ച് ഒന്നിന് സ്വാമികളെ നേരിട്ട് കണ്ടിരുന്നു. കാഴ്ചശക്തി കുറഞ്ഞിരുന്ന സ്വാമികള്‍ക്ക് മനസ്സിലാക്കാന്‍ വിഷമിക്കേണ്ടെന്ന് കരുതി, രാജീവാണ്, സ്വാമിജി എന്ന് പറഞ്ഞു.
ഉടനെ മറുപടി വന്നു, തന്നെ എനിക്ക് ഏത് ഇരുട്ടിലും അറിയില്ലേടോ. അതായിരുന്നു മൃഡാനന്ദ സ്വാമികളെന്ന മാഞ്ഞുപോകാത്ത വാത്സല്യം. ആ സന്ദര്‍ഭത്തില്‍ സ്വാമിജി പറഞ്ഞു:- അടുത്ത കര്‍ക്കിടകത്തിലെ ആയില്യത്തിന് 90 വയസ്സാകും. നവതി ആഘോഷിക്കേണ്ടതല്ലേ സ്വാമിജി? എന്ന് ചോദിച്ചപ്പോള്‍ സ്വാമിജി ശാന്തമായി പറഞ്ഞത് ഇത്രമാത്രം, ശരീരത്തിന് എന്ത് ആഘോഷം? ശരീരത്തിന് അപ്പുറത്തുള്ള ആത്മാവിന്റെ നിത്യമായ ഉണ്മയെക്കുറിച്ച് ബോധവാനായി. ആ അനുഭൂതിയില്‍ കഴിയുകയായിരുന്നു അന്ത്യനാളുകളുകളില്‍ സ്വാമിജി. വേദാന്തത്തിന്റെ മര്‍മ്മം ഗ്രഹിച്ച മൃഡാനന്ദ സ്വാമികള്‍ ലോകോദ്ധാരകരായ ഗുരുശ്രേഷ്ഠരില്‍ ഒരാളാകുന്നു.
(അവസാനിച്ചു)
പ്രതികരിക്കാൻ ഇവിടെ എഴുതുക: