പയ്യന്നൂര്‍: പയ്യന്നൂരില്‍ സിപിഎം അക്രമത്തില്‍ സര്‍വ്വവും നഷ്ടപ്പെട്ടവര്‍ക്കായി സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ അഭയാര്‍ത്ഥി ക്യാമ്പ് തുറന്നു. കഴിഞ്ഞ 11 ന് രാത്രിയില്‍ നടത്തിയ അക്രമത്തില്‍ വാസയോഗ്യമല്ലാത്ത നിലയില്‍ തകര്‍ക്കപ്പെട്ട വീടുകളിലെ കുടുംബങ്ങള്‍ക്കു വേണ്ടിയാണ് പയ്യന്നൂര്‍ കാരയില്‍ അഭയാര്‍ത്ഥി ക്യാമ്പ് ആരംഭിച്ചത്.
കാരയില്‍ സിപിഎമ്മുകാര്‍ വീടും വാഹനങ്ങളും തകര്‍ത്ത ആര്‍എസ്എസ് പയ്യന്നൂര്‍ ജില്ലാ കാര്യവാഹ് പി.രാജേഷ് കുമാറിന്റെ വീട്ടുപറമ്പിലാണ് ക്യാമ്പ് ആരംഭിച്ചത്. അക്രമബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ പയ്യന്നൂരിലെത്തിയ ജില്ലാ കളക്ടര്‍ മീര്‍മുഹമ്മദ് ക്യാമ്പ് സന്ദര്‍ശിച്ചു. ക്യാമ്പിലെ മാര്‍ക്സിസ്റ്റ് ക്രൂരതയ്ക്കിരയായ സ്ത്രീകളും കുട്ടികളും തങ്ങളുടെ ദുരിതങ്ങള്‍ ജില്ലാ കളക്ടറെ ബോധിപ്പിച്ചു.
സിപിഎമ്മിനെ ഭീകരസംഘടനയായി പ്രഖ്യാപിക്കണമെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. എല്ലാവരുടെയും ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടത് കൊണ്ടാണ് ബിജെപി ഇങ്ങനെ ഒരു അഭയാര്‍ത്ഥി ക്യാമ്പ് സംഘടിപ്പിച്ചത്.
കമ്മ്യൂണിസ്റ്റ് ഭീകരതയില്‍ സര്‍വ്വവും നഷ്ടപ്പെട്ട അമ്മമാരും കുഞ്ഞുങ്ങളും നിറകണ്ണുകളുമായി അഭയാര്‍ത്ഥി ക്യാമ്പില്‍ കഴിയുകയാണ്. അമ്മമാരേയും പ്രായമായ സ്ത്രീകളേയും പുരുഷന്മാരേയും കൈക്കുഞ്ഞുങ്ങളെയും സമാശ്വസിപ്പിക്കാന്‍ ക്യാമ്പിലെത്തിയ നേതാക്കളും മറ്റ് പ്രവര്‍ത്തകരും ഏറെ പണിപ്പെട്ടു. സംഘപരിവാര്‍ പ്രവര്‍ത്തകരുടെ പത്തോളം വീടുകളും ബിജെപി മണ്ഡലം കമ്മറ്റി ഓഫീസ്, ആര്‍എസ്എസ് പയ്യന്നൂര്‍ ജില്ലാ കാര്യാലയം, വാഹനങ്ങള്‍ എന്നിവയാണ് കഴിഞ്ഞ ദിവസം സിപിഎം അക്രമത്തില്‍ തകര്‍ക്കപ്പെട്ടത്.
വീടുകള്‍ പൂര്‍ണ്ണമായും തകര്‍ത്ത അക്രമിസംഘം പല വീടുകളില്‍ നിന്നും പണവും സ്വര്‍ണ്ണവും കൊളളയടിച്ചു. ഒട്ടുമിക്ക സ്ഥലത്തും പോലീസ് നോക്കിനില്‍ക്കേയായിരുന്നു അക്രമം. പെട്രോളും ഡീസലും ഒഴിച്ച് വീടുകളും വാഹനങ്ങളും അഗ്നിക്കിരയാക്കുകയും അത്യുഗ്രശക്തിയുളള ബോംബുകളെറിഞ്ഞ് തകര്‍ക്കുകയുമായിരുന്നു. വീടുകളിലും ഓഫീസുകളിലും കണ്ണില്‍ക്കണ്ടതെല്ലാം അക്രമിസംഘം തകര്‍ത്തു. കിണറുകളെല്ലാം മലിനമാക്കി. ആര്‍എസ്എസ് പയ്യന്നൂര്‍ കാര്യാലയത്തിന് തീയിട്ട് ഒരു സാധനമൊഴിയാതെ സിപിഎം സംഘം അഗ്നിക്കിരയാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: