പെരുവ: പെരുവ ഗവ. ബോയിസ് ഹൈസ്കൂളില്‍ അടിസ്ഥാന സൗകര്യമില്ലാത്തതിനാല്‍ ഐടി@സ്കൂള്‍ പദ്ധതയില്‍ അനുവദിച്ച എട്ട് ലക്ഷം രൂപയുടെ പദ്ധതി നഷ്ടമായേക്കും. ഇന്റെര്‍നാഷണല്‍ നിലവാരത്തിലേക്ക് ഉയര്‍ത്തിയത് മൂലം ജനപ്രതിനിധകളാരും സ്കൂളിന് ഫണ്ടും അനുവദിക്കുന്നില്ല. ഇതുമൂലം ക്ലാസ് മുറികള്‍ സജ്ജീകരിച്ച് നല്കാന് പണമില്ലാതെ വിഷമിക്കുകയാണ് അദ്ധ്യാപകരും രക്ഷകര്‍ത്താക്കളും.
മൂന്ന് ക്ലാസ് മുറികളും, ഒരു ലാബുമുള്പ്പെടെ നാല് മുറികള്‍ സജ്ജീകരിച്ച് നല്കിയാല് മാത്രമേ പദ്ധതി അനുവദിക്കുകയുള്ളു.
വാര്‍ക്ക കെട്ടിടത്തിലുള്ള നാല് മുറികളുടെ തറ ടൈല്‍ പാകുകയും മുകള്‍വശം സീലിങ് ചെയ്യുകയും, കമ്പ്യൂട്ടറുകള്‍ സ്ഥാപിക്കാന്‍ ഇലക്ട്രിക് ജോലികള്‍ എന്നിവ ചെയ്താല്‍ മാത്രമേ പദ്ധതിക്ക് പണം അനുവദിക്കുകയുള്ളു. ഇതിനുള്ള പണം കണ്ടെത്താന്‍ ജനപ്രതിനിധികളെ സമീപിച്ചപ്പള് അവര്‍ കൈമലര്‍ത്തുകയാണ്. ഇന്റെര്‍നാഷണല്‍ സ്കൂളായി പ്രഖ്യാപിച്ചതിനാല്‍ ജില്ലാപഞ്ചായത്തിന്റെ കീഴിലുള്ള ഹൈസ്കൂളില്‍ ഇത്തവണ ഫണ്ടൊന്നും നീക്കിവെച്ചിട്ടില്ലെന്ന് ജില്ലാ പഞ്ചായത്തംഗം പറഞ്ഞു. കുട്ടികളുടെ പഠന നിലവാരം ഉയര്‍ത്താന്‍ ഒരു ക്ലാസ് മുറിയില്‍ പന്ത്രണ്ട് കമ്പ്യൂട്ടറുകള്‍ വീതമാണ് ഐടി@പദ്ധതിയില്‍ അനുവദിച്ചിരിക്കുന്നത്. പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്കൂളില്‍ കുട്ടികളുടെ എണ്ണം കുറവായതിനാല്‍ ഇഗ്ലീഷ് അദ്ധ്യാപകന് ഈ മാസം പതിനഞ്ച് മുതല്‍ ഇല്ലാതാകും പിന്നീട് മറ്റ് വിഷയങ്ങള്‍ പഠിപ്പിക്കുന്ന അദ്ധ്യാപകരായിരിക്കും കുട്ടികളെ ഇംഗ്ലീഷ് പഠിപ്പിക്കുക. നാല് മാസം മുന്‍പ് ഇന്റെര്‍നാഷണല്‍ സ്കൂളായി പ്രഖ്യാപനം നടത്തിയെങ്കിലും ഒന്നാം ഘട്ടത്തില്‍ പെരുവ സ്കൂള്‍ ഉല്പ്പെട്ടിട്ടില്ലെന്നാണ് അറിയുന്നത്. പ്രഖ്യാപനസമയത്ത് പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ കമ്മറ്റി രൂപികരിച്ചിരിന്നു എന്നാല്‍ ആ കമ്മറ്റി യോഗം കൂടുകയോ പദ്ധതിയെക്കുറിച്ച് അന്വേഷിക്കുകയോ ചെയ്തില്ലെന്ന് നാട്ടുകാരും രക്ഷകര്‍ത്താക്കളും പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: