നെടുങ്കണ്ടം: ജിഎസ്ടി അപ്‌ഡേഷന്‍ പൂര്‍ത്തിയായിട്ടില്ലെന്ന് പറഞ്ഞ് നെടുങ്കണ്ടം സപ്ലൈക്കോ മെഡിക്കല്‍ സ്‌റ്റോര്‍ കഴിഞ്ഞ 13 ദിവസമായി അടഞ്ഞ് കിടക്കുന്നു.
ദുരിതത്തിലായി നിര്‍ധനരായ നൂറ് കണക്കിന് രോഗികള്‍. കിഴക്കേകലയില്‍ പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്‌റ്റോര്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചു വരുന്നതാണ്. സമീപത്തായി താലൂക്കാശുപത്രിയും, നിരവധി സ്വകാര്യ ആശുപത്രികളുമാണുള്ളത്. ഇവിടെയെത്തുന്ന സാധരണക്കാരായ രോഗികള്‍ കൂടുതല്‍ പണം മുടക്കി മറ്റ് മെഡിക്കല്‍ സ്‌റ്റോറുകളില്‍ നിന്നും മരുന്ന് വാങ്ങേണ്ട ഗതികേടിലാണിപ്പോള്‍. എല്ലാ മരുന്നുകള്‍ക്കും 12 ശതമാനം മുതല്‍ 50 ശതമാനം വരെ വിലക്കുറവിലാണ് സപ്ലൈക്കോ മെഡിക്കല്‍ സ്‌റ്റോറുകള്‍ വഴി ലഭ്യമായികൊണ്ടിരുന്നത്.
ഇപ്പോള്‍ മെഡിക്കല്‍ സ്‌റ്റോറിന്റെ പകുതി ഷട്ടര്‍ തുറന്നിട്ടിട്ട് ജിഎസ്ടി അപ്‌ഡേഷന്‍ പുര്‍ത്തിയാകുന്നതുവരെ കട അവധിയായിരിക്കുമെന്ന ബോര്‍ഡും മുന്നില്‍ ഒട്ടിച്ചിരിക്കുകയാണ്. സ്വകാര്യ മെഡിക്കല്‍ സ്‌റ്റോറുകളെ സഹായിക്കുന്ന നിലപാടാണ് സപ്ലൈകോ സ്വീകരിച്ചിരിക്കുന്നതെന്നും ആക്ഷേപമുയര്‍ന്നു. എന്നാല്‍ അടുത്ത ദിവസം തന്നെ എല്ലാ നടപടി ക്രമങ്ങളും പൂര്‍ത്തിയാക്കി മെഡിക്കല്‍ സ്റ്റോര്‍ തുറന്ന് പ്രവര്‍ത്തിക്കും എന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.
















