തുറവൂര്‍: വനിതാ ഉദ്യോഗസ്ഥക്ക് നേരെ കരാറുകാരന്‍ വധഭീഷണി മുഴക്കിയതായി പരാതി. കുത്തിയതോട് പോലീസ് കേസെടുത്തു. കുത്തിയതോട് പഞ്ചായത്തിലെ അസിസ്റ്റന്റ് എന്‍ജിനീയറെയാണ് കരാറുകാരന്‍ അസഭ്യം പറയുകയും വധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തത്.
15-ാം വാര്‍ഡിലെ കലുങ്ക് നിര്‍മാണത്തില്‍ അപാകതകള്‍ കണ്ടെത്തിയിരുന്നു. ഇത് പരിഹരിക്കണമെന്ന് ഓവര്‍സിയറോടൊപ്പം സ്ഥലം സന്ദര്‍ശിച്ച വനിതാ എഇ നിര്‍ദ്ദേശിച്ചിരുന്നു. തുടര്‍ന്ന് പഞ്ചായത്ത് ഓഫീസിലെത്തിയ കരാറുകാരന്‍ ഉദ്യോഗസ്ഥര്‍ക്ക് നേരെ അസഭ്യവര്‍ഷം ചൊരിയുകയും ഭരണാധികാരികളുടെ സാന്നിദ്ധ്യത്തില്‍ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നത്രേ.
പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തിലെ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറെ ഉദ്യാഗസ്ഥ വിവരം ധരിപ്പിച്ചു. ഇദ്ദേഹമാണ് കുത്തിയതോട് പോലീസിന് പരാതി നല്‍കിയത്.
പഞ്ചായത്ത് കമ്മിറ്റിയില്‍ ചര്‍ച്ചചെയ്യണണമെന്ന് ബിജെപി അംഗങ്ങള്‍ അടക്കം ആവശ്യപ്പെട്ടെങ്കിലും അധികൃതര്‍ തയാറായിട്ടില്ലെന്ന് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.
















