കാര്‍ഷികവൃത്തിയുടെ പ്രാധാന്യം വിളിച്ചോതുന്നതായിരുന്നു ബലരാമന്റെ ജീവിചര്യ. പ്രവൃത്തിക്കാണ് ആ അവതാരപുരുഷന് മുഖ്യസ്ഥാനം നല്‍കിയത് കലപ്പയും ഉലക്കയും ആയിരുന്നു പ്രധാന ആയുധം. എന്നാല്‍ ഗദായുദ്ധത്തില്‍ ഏറെ പ്രാവീണ്യം നേടിയിരുന്നു.
ഗോകുലത്തില്‍ ജനിച്ചുവളര്‍ന്ന രാമന് ഗോകുലപതിയായ നന്ദഗോപന്റെ ഇഷ്ടസന്താനമായിത്തന്നെ വളര്‍ന്നു. ശ്രീകൃഷ്ണനെന്നപോലെ രാമനും ആ പേരിട്ടത് യദുകുല ഗുരുവായ ഗര്‍ഗമഹര്‍ഷി തന്നെയായിരുന്നു. നല്ല ബലമുള്ളതുകൊണ്ട് ബലന് എന്നും എല്ലാവരേയും രമിപ്പിക്കുന്നവനായതിനാല് രാമന് എന്നും ഗര്ഗന് നാമകരണം നടത്തി.
കുട്ടിക്കാലം തുടങ്ങി പശുക്കുട്ടികളെ മേച്ചു നടക്കുന്ന ജോലി ഭംഗിയായി നിര്‍വഹിച്ചുവന്നു.
ക്രമേണ വലിയ പശുക്കളെയും കാളക്കൂറ്റന്മാരെയും മേച്ചു നടക്കാനും നിയോഗിക്കപ്പെട്ടു. വളരെ ആനന്ദപൂര്വമായിരുന്നു ഇവര്‍ പ്രവൃത്തികള്‍ നിര്‍വഹിച്ചത്. ബലരാമനും ശ്രീകൃഷ്ണനും മറ്റു ഗോപ ബാലന്മാരുമൊത്ത് വൃന്ദാവനത്തില്‍ കന്നുകാലികളെ മേച്ചുനടന്നു.
ശ്രീകൃഷ്ണനെ യശോദ ഉരലില്‍ പിടിച്ചുകെട്ടി എന്ന് വ്യക്തമാക്കുന്നുണ്ട്. അപ്പോള്‍ ഉരലും ഉലക്കയുമെല്ലാം അവിടെയുണ്ടായിരുന്നുവെന്ന് വ്യക്തം. അവിടെ നെല്ലു സംഭരണമുണ്ടായിരുന്നുവെന്നും ഇതില്‍നിന്നും പ്രകടമാണ്. വൃന്ദാവനം വാസസ്ഥാനമാക്കുന്നത് നന്ദഗോപസഹോദരനായ ഉപനന്ദന്റെ നിര്‍ദ്ദേശപ്രകാരമാണ്.
”വനം വൃന്ദാവനം നാമ പശവ്യം നവകാനനം
ഗോപഗോപീഗവാംസേവ്യം പുണ്യാദ്രിതൃണവിരുധം”
വൃന്ദാദേവിയാല് രക്ഷിക്കപ്പെടുന്ന ആ സ്ഥലം പച്ചപ്പുല്ലുകള്‍ സ്ഥിരമായിക്കാണുന്നു. പശുക്കള്‍ക്കും ഗോപീഗോപന്മാര്ക്കും ഏറ്റവും വാസയോഗ്യമാണ്.
”വൃന്ദാവനം ഗോവര്‍ധനം യമുനാപുളിനാനിച
വീക്ഷ്യാസീദുത്തമാ പ്രീതി രാമ മാധവയോര്നൃപ”
യമുനാപുളിനങ്ങളും ഗോവര്‍ധനവും ഉള്ള വൃന്ദാവനം കണ്ടിട്ട് ഉത്തമമായ സ്ഥലമെന്ന് മനസ്സിലാക്കി രാമ മാധവന്മാര്ക്ക് ഏറെ പ്രീതിയുണ്ടായി. സ്ഥലം രമിപ്പിക്കുന്നതാണ് ലക്ഷ്മീനാരായണ യോഗ്യമാണ്. ഗോക്കളെ വര്‍ധിപ്പിക്കുന്നതിന് ഒരു കന്നുകാലി കര്‍ഷകനെ സംബന്ധിച്ചിടത്തോളം ആദ്യം വേണ്ട ഗുണങ്ങള്‍ ഇതൊക്കെയാണ്.
അനുകൂല സ്ഥലങ്ങളെ പറയുന്ന ലക്ഷണത്തില്‍ ”തീര്‍ത്ഥാന്തേ, തടിനീതടേ, ജലനിധേസ്തീരേ, സരിത് സംഗമേ
ശൈലാഗ്രേളദ്രിതടേ വനോപവനയോരുദ്യാനദേശേതഥാ” എന്നിങ്ങനെ ദേവപ്രശ്നത്തില്‍ ദേവസ്ഥാനലക്ഷണം പറയുന്നുണ്ട്. ഇതില്‍ പറഞ്ഞിരിക്കുന്ന ആദ്യലക്ഷണങ്ങളെല്ലാം യോജിച്ച സ്ഥലമാണിത്.
അവിടെ താമസിക്കുമ്പോള്‍ വല്സാസുരന്, ബകാസുരന്, പ്രലംബാസുരന്‍ തുടങ്ങിയ ശത്രുക്കളെ വധിച്ച് ഭീഷണികള്‍ ഒഴിവാക്കി.
രാമകൃഷ്ണാദികളുടെ കളികളില്‍ കൂടി പലപ്പോഴും അവര്‍ സ്വയം പശുക്കളും കാളകളുമൊക്കെയായി അഭിനയിക്കും. ചിലപ്പോള്‍ പുഴയില്‍ അണകെട്ടി കളിക്കും. ഇത്തരത്തില്‍ കൃഷികാര്യങ്ങളായിരുന്നു പലപ്പോഴും ചിന്തയില്‍ എന്ന് പ്രകടമാക്കിയിരുന്നു. മഹാകാര്യങ്ങള്‍ പലതും ഇക്കൂട്ടത്തില്‍ നടന്നു.
കൃഷിക്കനുയോജ്യമായ വിധത്തില്‍ നദികളുടെ കൈവഴികളെ വഴിതിരിച്ചുവിടാനും അതിനാവശ്യമായ വിധം ചെറിയ അണകള്‍ കെട്ടുവാനും അവര്‍ മിടുക്കരായിരുന്നു.
ഇത്തരത്തില്‍ ഒരിക്കല്‍ കാളിന്ദിയെ കലപ്പകൊണ്ട് വലിച്ച് വഴിതിരിച്ചുവിടുന്നതായി അവതരിപ്പിച്ചിട്ടുണ്ട്. ഈ സംഭവത്തെ കാളിന്ദീ ഭേദനം എന്ന കവിതയിലൂടെ പ്രസിദ്ധ കവി പാലൂര് ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്.
വരള്‍ച്ചയെയും ശുദ്ധജല ക്ഷാമത്തിത്തെയും പരിസ്ഥിതി നാശത്തെയും കുറിച്ചൊക്കെ വാചാലമായി പ്രസംഗിക്കാന്‍ പലരുമുണ്ടാകാം. എന്നാല്‍ ആവശ്യത്തിനനുസരിച്ചുള്ള ക്രിയാത്മക മാര്‍ഗ്ഗങ്ങള്‍ പ്രവൃത്തിയിലൂടെ കാണിച്ചുകൊടുത്ത ബലരാമനെയാണ് കാളിന്ദീ ഭേദനത്തില്‍ കവി കാണിച്ചുതന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: