പത്തനാപുരം: ചോര്‍ന്നൊലിച്ച് അപകടാവസ്ഥയിലായി നില്‍ക്കുകയാണ് തലവൂര്‍ വില്ലേജ് ഓഫീസ്. തലവൂര്‍ ക്ഷേത്രം ജങ്ഷന് സമീപത്തായി നിലനില്‍ക്കുന്ന വില്ലേജ് ഓഫീസ് കെട്ടിടം സംരക്ഷിക്കാന്‍ നടപടിയില്ല. 50 വര്‍ഷം മുന്‍പ് സ്വകാര്യവ്യക്തി നല്കിയ ഭൂമിയിലാണ് വില്ലേജ് ഓഫീസ് കെട്ടിടം നിര്‍മ്മിച്ചത്.
വിസ്തൃതമായ പഞ്ചായത്തിലെ പിടവൂര്‍, കമുകുംചേരി, മഞ്ഞക്കാല പ്രദേശങ്ങളെ ഒഴിവാക്കിയാണ് വില്ലേജ് രൂപീകരിച്ച് കെട്ടിടം നിര്‍മിച്ചത്. എന്നാല്‍ കൃത്യമായ അറ്റകുറ്റപണികളോ സംരക്ഷണമോ ഇല്ലാത്തത് കാരണം ഇന്ന് കെട്ടിടം തകര്‍ന്ന് വീഴാറായ നിലയിലാണ്. വില്ലേജ് ഓഫീസര്‍ അടക്കം നാല് ജീവനക്കാരാണ് ഇവിടെ ഉള്ളത്. മഴയായി കഴിഞ്ഞാല്‍ ചോര്‍ച്ച കാരണം ജോലി പോലും ചെയ്യാന്‍ കഴിയാറില്ല. മഴവെള്ളം വീണ് ഭിത്തികളില്‍ വിള്ളല്‍ വീണ് തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞവര്‍ഷം റവന്യൂവകുപ്പ് നവീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതുവരെ അനുബന്ധപ്രവര്‍ത്തനങ്ങള്‍ ഒന്നും തന്നെ നടന്നിട്ടില്ല എന്നതാണ് സത്യാവസ്ഥ. റീ സര്‍വെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ദിവസേന നിരവധിയാളുകളാണ് ഇവിടെ എത്തുന്നത്. ഇതിനുപുറമെ ആവശ്യക്കാര്‍ക്കും ജീവനക്കാര്‍ക്കും യാതൊരു അടിസ്ഥാനസൗകര്യങ്ങളും ഇവിടെയില്ല. വിശ്രമസ്ഥലമോ മൂത്രപ്പുരയോ ഇതെവരെ ഒരുക്കിയിട്ടില്ല. ജപ്തിനടപടികളുടെ ഭാഗമായി ലഭിച്ച സാധനങ്ങള്‍ സൂക്ഷിക്കാനും സൗകര്യമില്ല. മൂന്ന് മുറികളുള്ള ഓഫീസില്‍ ഫയല്‍ സൂക്ഷിക്കാന്‍ പോലും സംവിധാനമില്ല. മേല്‍ക്കൂരയില്‍ നിന്നും ഓടുകള്‍ ഇളകി വീഴുന്നു. നിരവധി തവണ പുതിയ കെട്ടിടത്തിനായി പരാതികള്‍ നല്‍കിയെങ്കിലും ഫലമുണ്ടായില്ലെന്ന് പ്രദേശവാസികളും പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: