എ. ശ്രീകാന്ത്
കൊല്ലം: പാര്‍ട്ടി വിളിച്ചുവരുത്തി ചാനലുകള്‍ക്ക് മുന്നില്‍ അവതരിപ്പിച്ച മുകേഷിന്റെ അഭിനയം വീണ്ടും സജീവചര്‍ച്ചയാകുന്നു. താനും മറ്റുള്ളവരെ പോലെ ഞെട്ടി എന്നാണ് ദിലീപിന്റെ അറസ്റ്റിനോട് മുകേഷ് കഴിഞ്ഞദിവസം പ്രതികരിച്ചത്. എംഎല്‍എ എന്ന നിലയില്‍ പക്വതയോടെ പെരുമാറാതെ ‘അമ്മ’ യോഗത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കയര്‍ത്തത് വീണ്ടും വീണ്ടും ന്യായീകരിച്ച് പുലിവാലാകുമെന്ന ഘട്ടം വന്നപ്പോള്‍ പ്രതികരണം അവസാനിപ്പിക്കുകയായിരുന്നു.
അതിനിടെ ദിലീപ് സിനിമയായ ‘സൗണ്ട് തോമ’ മുകേഷിനെ തിരിഞ്ഞുകൊത്തുവാനുള്ള സാഹചര്യമൊരുങ്ങി. 2013ല്‍ ചിത്രീകരിച്ച സൗണ്ട്തോമയുടെ ലോക്കേഷനില്‍ വച്ചാണ് പള്‍സര്‍ സുനി ദിലീപുമായി പരിചയം സ്ഥാപിക്കുന്നത്. ഈ കാലഘട്ടത്തില്‍ സുനി മുകേഷിന്റെ ഡ്രൈവറായിരുന്നു.
ഇതിന്റെ തുടര്ദിനങ്ങളിലാണ് ക്വട്ടേഷന്‍ സംബന്ധിച്ച ആലോചനകള്‍ സജീവമായത്. ജയിലില്‍ നിന്നും ദീലിപിന് കൊടുത്തുവിട്ട കത്തില്‍ പള്‍സര്‍സുനി ‘സൗണ്ട് തോമ മുതല്‍ ജോര്‍ജേട്ടന്‍സ് പൂരം വരെയുള്ള കാര്യങ്ങള്‍’ എന്ന് പരാമര്‍ശിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് അടുത്ത ദിവസങ്ങളില്‍ മുകേഷിനെ പോലീസ് ചോദ്യം ചെയ്യുമെന്നാണ് അറിവ്. എന്നാല്‍ അങ്ങനെ ഒരു വിവരവുമില്ലെന്നാണ് മുകേഷിന്റെ പ്രതികരണം.
എംഎല്‍എ എന്നനിലയില്‍ മുകേഷ് വരുത്തിവയ്ക്കുന്ന വയ്യാവേലികളില്‍ സിപിഎം നേതൃത്വം അതൃപ്തരും രോഷാകുലരുമാണ്. ഇതിന്റെ ബാക്കിപത്രം വരുംദിവസങ്ങളില്‍ പുറത്തുവരും. പാര്‍ട്ടി ആരെ നിര്‍ത്തിയാലും തെരഞ്ഞെടുപ്പില്‍ ജയിക്കുമായിരുന്നുവെന്നും എംഎല്‍എ ആകുന്നതിന് മുമ്പും ശേഷവും മുകേഷിന് യാതൊരു മാറ്റവുമില്ലെന്നുമാണ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്. ജനവിരുദ്ധസമീപനവുമായി പാര്‍ട്ടിപ്രവര്‍ത്തകരുടെ അന്തസ് ചോദ്യം ചെയ്യുന്ന സമീപനമാണ് അദ്ദേഹം സ്വീകരിക്കുന്നതെന്നും ആക്ഷേപമുണ്ട്. എംഎല്‍എ ആയതിന് ശേഷം ഒട്ടനവധി വിവാദങ്ങള്‍ സൃഷ്ടിച്ച് സംസ്ഥാനത്താകെ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയ എംഎല്‍എ കൂടിയാണ് മുകേഷ് എന്നാണ് അടക്കം പറച്ചില്. ബഡായി ബംഗ്ലാവും സെല്‍ മീ ദ ആന്സറുമായി നടന്നപ്പോള്‍ മണ്ഡലത്തില്‍ ജനങ്ങള്‍ എംഎല്‍എയെ തപ്പിനടന്നതായിരുന്നു ആദ്യസംഭവം. രണ്ടാഴ്ചയിലൊരിക്കലെങ്ങാനും മണ്ഡലത്തില്‍ വന്നാല്‍ വന്നു എന്നതായിരുന്നു അന്നത്തെ സ്ഥിതി.
ഈ ഘട്ടത്തിലാണ് എംഎല്‍എയെ കാണാനില്ലെന്ന പരാതിയുമായി പ്രതിപക്ഷസംഘടനകള്‍ വെസ്റ്റ് പോലീസിനെ സമീപിച്ചത്. ഇത് മാധ്യമങ്ങളില്‍ വാര്‍ത്തയാകുകയും സജീവചര്ച്ചയാകുകയും ചെയ്തതോടെ സിപിഎം പ്രതിരോധത്തിലായി. ഒടുവില്‍ മണ്ഡലത്തില്‍ തല കാണിച്ച് താനിവിടുണ്ടെന്ന് മുകേഷ് വരുത്തിതീര്‍ത്തു. അതിനിടെ പരാതി സ്വീകരിച്ച വെസ്റ്റ് എസ്ഐക്ക് സ്ഥലംമാറ്റവും പിണറായിവിജയനില്‍ നിന്നും വാങ്ങിനല്‍കി. കളക്ട്രേറ്റ് സ്ഫോടനം നടന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും മണ്ഡലത്തിലെ ജനപ്രതിനിധിയായ എം.മുകേഷ് സ്ഥലത്തെത്താതിരുന്നതും വിവാദമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: