കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ ഗൂഢാലോചനാ കുറ്റം ചുമത്തപ്പെട്ട് റിമാന്‍ഡിലായ നടന് ദിലീപിന്റെ ജാമ്യം നീളാന്‍ സാധ്യത. 14 ദിവസത്തേക്കാണ് കോടതി ദിലീപിനെ റിമാന്‍ഡ് ചെയ്തത്. ഇന്നലെ അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ പോലീസ് കസ്റ്റഡി കഴിഞ്ഞിട്ട് പരിഗണിക്കാന്‍ മാറ്റി. തെളിെവടുപ്പിനായി രണ്ട് ദിവസത്തേക്കാണ് പോലീസ് കസ്റ്റഡി.
ഇന്നലെ ദിലീപിനേയുംകൊണ്ട് അന്വേഷണ സംഘം തൊടുപുഴ ശാന്തിഗിരി കോളേജ്, തോപ്പുംപടി സ്വിഫ്റ്റ് ജങ്ഷന്, എറണാകുളം എംജി റോഡിലെ ഹോട്ടല്‍ അബാദ് പ്ലാസ എന്നിവിടങ്ങളില്‍ തെളിവെടുത്തു. ഇതിനു ശേഷം രാത്രിയോടെ ദിലീപിനെ ആലുവ പോലീസ് ക്ലബ്ബിലെത്തിച്ചു.
ജനങ്ങളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് തെൡവെടുപ്പ് പലയിടത്തും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. അതിനാല്‍, നാളെ വീണ്ടും കസ്റ്റഡി ആവശ്യപ്പെട്ട് അപേക്ഷ സമര്‍പ്പിക്കുമെന്നാണ് സൂചന. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇതുവരെയും ജാമ്യം ലഭിച്ചിട്ടില്ല. കൂടുതല്‍ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നാണ് പോലീസ് ആവശ്യപ്പെട്ടത്. എന്നാല്‍, മജിസ്ട്രേട്ട് ലീന റിയാസ് രണ്ട് ദിവസമാണ് അനുവദിച്ചത്.
കേസില്‍ ഗൂഢാലോചന നടന്ന സ്ഥലങ്ങളിലെത്തിച്ച് തെളിവെടുക്കണമെന്ന് അപേക്ഷയില്‍ പോലീസ് ആവശ്യപ്പെട്ടു. ബിഎംഡബ്ല്യു കാര്‍, നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍, മെമ്മറി കാര്‍ഡ് എന്നിവ കണ്ടെടുക്കണം. കാര്‍ഡില്‍ നിന്ന് വിവരങ്ങള്‍ പകര്‍ത്തിയിട്ടുണ്ടോ, ഗൂഢാലോചനയില്‍ മറ്റാര്‍ക്കെങ്കിലും പങ്കാളിത്തമുണ്ടോ എന്നിവ വ്യക്തമാകുന്നതിന് വിശദമായ ചോദ്യം ചെയ്യല്‍ ആവശ്യമാണ്. ഗൂഢാലോചന നടന്നുവെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയ കൊച്ചിയിലെ അബാദ് പ്ലാസ, തൃശൂര്‍ കിണറ്റിങ്കല്‍ ടെന്നീസ് ക്ലബ്, തൊടുപുഴ വഴിത്തല ശാന്തിഗിരി കോളേജ്, തോപ്പുംപടി സിഫ്റ്റ് ജങ്ഷന് എന്നിവിടങ്ങളില്‍ ദിലീപിനെ എത്തിച്ച് തെളിവെടുപ്പ് നടത്തണമെന്നും കസ്റ്റഡി അപേക്ഷയില്‍ പോലീസ് ചൂണ്ടിക്കാട്ടി. ടെന്നീസ് ക്ലബും തൊടുപുഴയിലെ കോളേജും ജോര്‍ജേട്ടന്‍സ് പൂരം സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനുകളായിരുന്നു.
ആലുവ സബ്ജയിലില്‍ നിന്ന് രാവിലെ 10.15നാണ് ദിലീപിനെ അങ്കമാലി മജിസ്ട്രേട്ട് കോടതിയിലെത്തിച്ചത്. മജിസ്ട്രേട്ടിന്റെ ചേംബറില്‍ ദിലീപിനെ ഹാജരാക്കി. പോലീസിന്റെ കസ്റ്റഡി അപേക്ഷയാണ് ആദ്യം പരിഗണിച്ചത്. പിന്നീട് തുറന്ന കോടതിയില്‍ ജാമ്യാപേക്ഷ പരിഗണിച്ചു. ഗൂഢാലോചന കുറ്റം തെളിയിക്കുന്നതൊന്നും പോലീസ് ഹാജരാക്കിയിട്ടില്ലെന്ന് ദിലീപിന് വേണ്ടി ഹാജരായ അഡ്വ.കെ. രാംകുമാര്‍ കോടതില്‍ പറഞ്ഞു. അന്വേഷണത്തോട് ഏത്തരത്തിലും സഹകരിക്കാന്‍ തയാറാണെന്നും അതിനാല്‍ ജാമ്യം നല്‍കണമെന്നും രാംകുമാര്‍ ആവശ്യപ്പെട്ടു.
വ്യാജവും കെട്ടിച്ചമച്ചതുമായ ആരോപണങ്ങളാണ് ദിലീപിനെതിരെയുള്ളത്. ഇത് തള്ളണം. ഹോട്ടല്‍ അബാദ്, ടെന്നീസ് ക്ലബ്, ശാന്തിഗിരി കോളേജ് എന്നിവിടങ്ങളില്‍ വച്ച് ദിലീപും സുനില്‍കുമാറും കണ്ടുമുട്ടിയെന്ന പോലീസ് കണ്ടെത്തല്‍ ശരിവച്ച രാംകുമാര്‍, ഇത് ഗൂഢാലോചന നടത്താനാണെന്ന് പോലീസിന് തെളിയിക്കാനായിട്ടില്ലെന്നും പറഞ്ഞു.
ജാമ്യാപേക്ഷയില്‍ പോലീസ് വാദം ഇന്ന് നടക്കും. കസ്റ്റഡി അവസാനിക്കുന്ന നാളെ രാവിലെ ദിലീപിനെ കോടതിയില്‍ ഹാജരാക്കും. ഇന്നലെ ദിലീപിനെ ഹാജരാക്കാന്‍ കൊണ്ടുവരുന്നതറിഞ്ഞ് അങ്കമാലി കോടതി പരിസരത്ത് വന്‍ജനാവലിയാണ് തടിച്ചുകൂടിയത്. ദിലീപിന് പുറകെ കോടതിയിലേക്ക് എത്തിയ അദ്ദേഹത്തിന്റെ അഭിഭാഷകന് രാംകുമാറിനെയും കൂവി വിളിച്ചാണ് ജനങ്ങള്‍ വരവേറ്റത്. കോടതിക്ക് മുന്നില്‍ റോഡിന്റെ ഇരുവശവും പോലീസ് സേന സുരക്ഷയൊരുക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: