കൊച്ചി: മതംമാറി അഫ്ഗാനിസ്ഥാനിലേക്ക് പോയ മകളും കുഞ്ഞും ഐസിസ് തീവ്രവാദികളുടെ തടവിലാണെന്നും ഇവരെ മോചിപ്പിച്ച് ഇന്ത്യയില്‍ തിരിച്ചെത്തിക്കണമെന്നും ആവശ്യപ്പെട്ട് തിരുവനന്തപുരം ആറ്റുകാല്‍ സ്വദേശിനി ബിന്ദു സമ്പത്ത് നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നിലപാടു തേടി.
ഹര്‍ജിക്കാരിയുടെ മകള്‍ നിമിഷ (ഫാത്തിമ), ഭര്‍ത്താവ് പാലക്കാട് യാക്കര സ്വദേശി ബെക്സണ്‍ (ഇസ) ഇവരുടെ പത്തുമാസം പ്രായമായ കുഞ്ഞ് ഉമ്മുഖുല്സു എന്നിവര്‍ അഫ്ഗാനില്‍ ഐസിസ് തീവ്രവാദികളുടെ തടവിലാണെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. ബെക്സണുമായുള്ള വിവാഹശേഷമാണ് നിമിഷ മതം മാറിയത്. പിന്നീട് ഇരുവരും രാജ്യം വിട്ടു. ഇപ്പോള്‍ അഫ്ഗാനിസ്ഥാനിലുള്ള നിമിഷയെ തീവ്രവാദികള്‍ മനുഷ്യ ബോംബായി ഉപയോഗിക്കുമോയെന്ന് ആശങ്കയുണ്ടെന്നും ഇവരെ രക്ഷിക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.
ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് നേരിട്ട് പരാതി നല്‍കിയിരുന്നു. പ്രധാനമന്ത്രിക്കു നിവേദനവും നല്കി. എന്നാല്‍ ഫലപ്രദമായ നടപടി ഉണ്ടായില്ലെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: