കൊച്ചി: കടല്‍ജലം ശുദ്ധീകരിക്കുന്ന സാങ്കേതിക വിദ്യയും സംവിധാനങ്ങളും രാജ്യത്ത് വ്യാപകമാക്കുമെന്ന് കേന്ദ്ര ശാസ്ത്ര-സാങ്കേതിക മന്ത്രി ഡോ. ഹര്‍ഷ വര്ദ്ധന്. ജലദൗര്‍ലഭ്യം നേരിടാന്‍ ഇത് പ്രധാന ദൗത്യമാക്കുമെന്നും മന്ത്രി അറയിച്ചു. ഇന്ത്യന്‍ മീറ്ററോളജിക്കല്‍ ഡിപ്പാര്‍ട്ട്മെന്റ്, ഐസ്ആര്‍ഒ, ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് ചേര്‍ന്ന് തോപ്പുംപടിയില്‍ സ്ഥാപിച്ച കാലാവസ്ഥ നിരീക്ഷണ സംവിധാനം രാജ്യത്തിന് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു.
ശാസ്ത്രസാങ്കേതിക രംഗത്ത് ഇന്ത്യയുടെ നാളുകളാണിനിയെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ഇന്ത്യയുടെ കാലാവസ്ഥാ നിരീക്ഷണ സംവിധാനങ്ങള്‍ അമേരിക്കയുടെയും യൂറോപ്പിന്റെയും ഒപ്പമെത്തി. ലോക സാമ്പത്തിക ശക്തികളെ സാങ്കേതിക രംഗത്ത് പിന്നിലാക്കുന്ന കാലം വിദൂരമല്ല.
പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഏറ്റവും കരുത്തര്‍ ഇന്ത്യയാണ്. മറ്റ് രാജ്യങ്ങള്‍ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നതിന് നമ്മളെ ആശ്രയിക്കുന്നുണ്ട്.
ശാസ്ത്ര സാങ്കേതിക മേഖലയില്‍ ഗവേഷണങ്ങള്‍ക്കായി ഇന്ത്യ പല രാജ്യങ്ങളുമായി സഹകരിച്ചുതുടങ്ങിയിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനങ്ങളെല്ലാം വളരെ നേരത്തെ അറിയാന്‍ കഴിയുന്ന വിധത്തില്‍ രാജ്യത്ത് കൂടുതല്‍ നിരീക്ഷണ സംവിധാനങ്ങള്‍ കൊണ്ടുവരും. ഇതിന്റെഭാഗമായി ഇതുവരെ രാജ്യത്ത് 27 റഡാര്‍ സംവിധാനങ്ങള്‍ സ്ഥാപിച്ചുകഴിഞ്ഞു.
തോപ്പുംപടിയില്‍ റഡാര്‍ ചുഴലിക്കാറ്റും മുന്‍കൂട്ടിയറിയും
കൊച്ചി: ചുഴലിക്കാറ്റടക്കമുള്ളവ മുന്‍കൂട്ടിയറിയാന്‍ കഴിയുന്ന കാലാവസ്ഥ നിരീക്ഷണ സംവിധാനങ്ങളാണ് തോപ്പും പടിയിലെ ചിറക്കലില്‍ സ്ഥാപിച്ച റഡാറിലുള്ളത്. ആറ് നില കെട്ടിടത്തിനു മുകളിലാണ് സ്ഥാപിച്ചിട്ടുള്ളത്. ഇന്ത്യന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ നൂതന റഡാര്‍ സംവിധാനമാണിത്. ചുഴലിക്കാറ്റിന്റെ തീവ്രത, വേഗം, തുടങ്ങി അന്തരീക്ഷത്തിലെ മാറ്റങ്ങള്‍ എന്നിവ കൃത്യമായി മനസിലാക്കാന്‍ റഡാര്‍ സംവിധാനത്തിലൂടെ കഴിയും. റഡാര്‍ സംവിധാനം കേന്ദ്ര ശാസ്ത്ര-സാങ്കേതിക വകുപ്പുമന്ത്രി ഡോ. ഹര്‍ഷ വര്ദ്ധന് രാജ്യത്തിന് സമര്‍പ്പിച്ചു.
കാര്‍ഷിക, മല്‍സ്യ മേഖലയ്ക്ക് പുറമേ വിമാന, ട്രെയിന്‍ ഗതാഗത സംവിധാനങ്ങള്‍ക്കും റഡാറിന്റെ സേവനം പ്രയോജനപ്പെടുത്താം. കേരളത്തില്‍ ഇത്തരത്തിലുള്ള ആദ്യത്തെ റഡാറാണിത്. അഞ്ഞൂറ് കിലോമീറ്റര്‍ അകലെയുള്ള ചെറു വ്യതിയാനം പോലും നിരീക്ഷിക്കുവാന്‍ റഡാറിന് സാധിക്കും. ഐഎസ്ആര്‍ഒ ചെയര്മാന് ഡോ. എ. എസ.് കിരണ്‍കുമാര്‍ ചടങ്ങില്‍ മുഖ്യാതിഥിയായി. ഇന്ത്യന്‍ മീറ്ററോളജി ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ജനറല്‍ ഡോ. കെ. ജെ. രമേഷ്, ആര്‍എംസി മേധാവി ഡോ. ഡി. പ്രധാന്, സിഎംഎല്‍ആര്‍ഇ ഡയറക്ടര്‍ ഡോ. എം. സുധാകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: