തിരുവനന്തപുരം: കേരളത്തിലെ ഇടത്തരം ചെറുകിട തുറമുഖങ്ങളുടെ വികസനത്തിനും ഭരണനിര്‍വ്വഹണത്തിനും കേരളാ മാരിടൈം ബോര്‍ഡ് ബില്‍ ഓര്‍ഡിനന്‍സായി ഇറക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. 2014ല്‍ നിയമസഭ പാസ്സാക്കിയ മാരിടൈം ബോര്‍ഡ് ബില്‍ നിയമസഭയുടെ അംഗീകാരത്തോടെ പിന്‍വലിച്ചിരുന്നു. ആ ബില്ലിലെ അപാകതകള്‍ പരിഹരിച്ചാണ് പുതിയ ബില്ലിന് രൂപം നല്‍കിയത്.
ജിഎസ്ടി നടപ്പിലാക്കിയ സാഹചര്യത്തില്‍ സംസ്ഥാന വാണിജ്യനികുതി വകുപ്പിന്റെ പേര് സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് എന്നാക്കാന്‍ തീരുമാനിച്ചു. കേരള സാഹിത്യ അക്കാദമി ജീവനക്കാര്‍ക്ക് ശമ്പള പരിഷ്കരണം നടപ്പാക്കും. കേരള സംസ്ഥാന വ്യവസായ വികസന കോര്പ്പറേഷന് ജീവനക്കാര്‍ക്ക് ശമ്പള പരിഷ്കരണം നടപ്പാക്കാന്‍ തീരുമാനിച്ചു. കെടിട്ട നിര്‍മ്മാണ തൊഴിലാളി ക്ഷേമ ബോര്‍ഡിലെ ജീവനക്കാര്‍ക്ക് ശമ്പള പരിഷ്കരണം നടപ്പാക്കും. സൂപ്പര്‍ ന്യൂമററി തസ്തികയില്‍ നിയമിതരായ എല്‍ഡി ക്ലാര്‍ക്ക്, ഓഫീസ് അറ്റന്‍ഡന്റ്, പ്യൂണ്‍ കം പ്രോസസ് സെര്‍വര്‍ എന്നിവര്‍ക്കും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നിയമിതരായ 12 പാര്‍ട്ട് ടൈം സ്വീപ്പര്‍മാര്‍ക്കും ധനവകുപ്പ് നിര്‍ദ്ദേശിച്ച വ്യവസ്ഥകള്‍ക്കനുസരിച്ച് ശമ്പളപരിഷ്കരണം ലഭിക്കും.
മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കു വേണ്ടിയുളള സംസ്ഥാന കമ്മീഷനില്‍ 30 തസ്തികകളും മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ 10 അധ്യാപകരുടെ തസ്തികകളും സൃഷ്ടിക്കും. കേരള ആരോഗ്യ സര്‍വ്വകലാശാലയില്‍ അധ്യാപക വിഭാഗത്തില്‍ 17 തസ്തികകളും അനധ്യാപക വിഭാഗത്തില്‍ 146 തസ്തികകളും സാങ്കേതിക വിഭാഗത്തില്‍ 12 തസ്തികകളും അനുവദിക്കും. കൊയിലാണ്ടി എസ്എആര്‍ബിടിഎം സര്‍ക്കാര്‍ കോളേജില്‍ ഫിസിക്സ് ലാബില്‍ മൂന്നു അറ്റന്‍ഡര്‍ തസ്തികകള്‍ സൃഷ്ടിക്കും. കണ്ണൂര്‍ സര്‍ക്കാര്‍ ആയുര്‍വേദ കോളേജില്‍ ശല്യതന്ത്ര, ശാലാക്യതന്ത്ര, രസശാസ്ത്ര & ഭൈഷജ്യകല്‍പ്പന എന്നീ വകുപ്പുകളില്‍ പുതിയ പിജി കോഴ്സുകള്‍ അനുവദിക്കാനും തീരുമാനിച്ചു.
ഭവനരഹിതര്‍ക്ക് വീട് നിര്‍മ്മിക്കുവാനായി ആരംഭിച്ച ലൈഫ് മിഷന് പദ്ധതിക്കുവേണ്ടി തൃശ്ശൂര്‍ ജില്ലയിലെ തലപ്പിളളി താലൂക്കില്‍ 1.35 ഹെക്ടര്‍ സ്ഥലവും വയനാട് ജില്ലയില്‍ സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ 50 സെന്റ് സ്ഥലവും വിലയീടാക്കാതെ ബന്ധപ്പെട്ട മുനിസിപ്പാലിറ്റികള്‍ക്ക് കൈമാറും. പാലക്കാട് ജില്ലയിലെ വടകരപ്പതി, ഒഴലപ്പതി വില്ലേജുകളില്‍ 10 മെഗാവാട്ട് ശേഷിയുളള കാറ്റാടി വൈദ്യുതി പദ്ധതികള്‍ സ്ഥാപിക്കുന്നതിന് മലയാള മനോരമ കമ്പനിക്ക് അനുമതി നല്കാന് തീരുമാനിച്ചു. രണ്ട് മെഗാവാട്ട് വീതമുളള അഞ്ച് കാറ്റാടി യന്ത്രങ്ങള്‍ സ്ഥാപിക്കാനാണ് അനുമതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: