മറയൂര്‍: ചന്ദന ഓണ്‍ലൈന്‍ ലേലത്തില്‍ 6.67 കോടി രൂപയുടെ ആദ്യദിന വില്‍പ്പന. 12.32 ടണ്‍ ചന്ദനം വിറ്റുപോയി. പതിനഞ്ച് വിഭാഗങ്ങളിലായിട്ട് തിരിച്ചിരിക്കുന്ന ചന്ദനമാണ് ലേലത്തില്‍ വെച്ചിരിക്കുന്നത്. രണ്ട് ദിവസങ്ങളിലായി നാല് ഘട്ടങ്ങളിലായിട്ടാണ് ലേലം നടക്കുന്നത്. 208 ലോട്ടുകളിലെ 104 ലോട്ടുകളാണ് ഇന്നലെ ലേലത്തില്‍ വച്ചത്. ബാക്കിയുള്ളവ ഇന്ന് ലേലം കൊള്ളും.
13 കമ്പനികളും ദേവസ്വം ക്ഷേത്രങ്ങളുമാണ് പ്രധാനമായും ലേലത്തില്‍ പങ്കെടുത്തത്. ചൈനബുദ്ധ് വിഭാഗത്തില്‍പ്പെടുന്ന രണ്ടാംക്ലാസ് ഇനത്തില്‍പെട്ട ചന്ദനമാണ് ഏറ്റവും അധികം വിറ്റുപോയത്. മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി 16150 രൂപ എന്ന റെക്കോര്‍ഡ് തുകയ്ക്കാണ് ഇവ വിറ്റുപോയത്. ഒരു കിലോയ്ക്ക് 27 ശതമാനം നികുതിയടക്കം 20510 രൂപ വരും. വാരാണസിയിലെ ശ്രീകാശിനാഥ സംസ്ഥാന് ആണ് 6.64 ലക്ഷം രൂപയുടെ ഈ ഇനത്തില്‍പ്പെട്ട ചന്ദനം ലേലം കൊണ്ടത്. 32.4 കിലോഗ്രാം ചന്ദനമാണ് ഇവര്‍ വാങ്ങിയത്.
വാലിയത്ത്ബുദ്ധ് എന്ന് അറിയപ്പെടുന്ന ഒന്നാംക്ലാസ് ചന്ദനം 17792 രൂപയ്ക്കാണ് വിറ്റുപോയത്. അപൂര്‍വ്വമായാണ് ഇത്തരം ചന്ദനവേരുകള്‍ ലേലത്തില്‍ വയ്ക്കുന്നത്. രാവിലെ 10 മുതല്‍ 12 വരെയും ഉച്ചകഴിഞ്ഞ് 2 മുതല്‍ 4 വരെയുമാണ് ലേലത്തിന്റെ സമയം. ലേലം മുറുകുന്നതിനനുസരിച്ച് സമയത്തില്‍ ഏറ്റക്കുറച്ചില്‍ ഉണ്ടാകാം. ലോകത്തില്‍ എവിടെ നിന്നും ലേലം കൊള്ളാം എന്നുള്ളതാണ് മറയൂര്‍ ചന്ദനഇ-ലേലത്തിന്റെ പ്രത്യേകത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: