കോഴിക്കോട്: സമരം അവസാനിപ്പിക്കാന്‍ ധനമന്ത്രി തോമസ് ഐസക്കിന് കോഴിക്കച്ചവടക്കാര്‍ നല്‍കിയത് വെറും വാക്ക് മാത്രം. 87 രൂപയ്ക്ക് കോഴിയും 158 രൂപയ്ക്ക് കോഴി ഇറച്ചിയും വില്‍ക്കാമെന്നാണ് ധനമന്ത്രിയും കോഴിക്കച്ചവടക്കാരുടെ സംഘടനകളും തമ്മിലുണ്ടാക്കിയ ധാരണ. എന്നാല്‍ ഇന്നലെ കോഴിക്കോട്ട് കോഴിയെ വിറ്റത് കിലോയ്ക്ക് 125 രൂപയായിട്ടാണ്. കോഴയിറച്ചിയ്ക്കാകട്ടെ 160 രൂപയും.
കോഴിയെ വില്‍ക്കാതെ ഇറച്ചി മാത്രം വില്‍പ്പന നടത്തുകയാണ് മിക്ക കച്ചവടക്കാരും ചെയ്തത്. കോഴിയെ മുറിച്ച് കഷ്ണങ്ങളാക്കി മാലിന്യങ്ങള്‍ വേര്‍തിരിച്ച് നല്‍കുന്നതിന് ചെറിയ തുക ഈടാക്കാമെന്ന് ധനമന്ത്രി അറിയിച്ചിരുന്നു. ഇത് പരമാവധി മുതലെടുക്കുകയായിരുന്നു കച്ചവടക്കാര്‍. പ്രോസസ്സിംഗ് ചാര്‍ജ്, ട്രാന്സ്പോര്ട്ടേഷന് ചാര്‍ജ് എന്നിവയെല്ലാമായി 125 രൂപ മുതല്‍ 130 വരെയാണ് ഇന്നലെ ഈടാക്കിയത്.
കോഴിവില 87 രൂപയായി നിശ്ചയിച്ചിട്ടുണ്ടെങ്കിലും ഫലത്തില്‍ ഈ തുകയ്ക്ക് കേരളത്തിലെവിടെയും കോഴിയെ കിട്ടില്ല. ഫാമുകളില്‍ ചെന്നാലും ഈ വിലയ്ക്ക് കോഴിയെ ലഭിക്കില്ലെന്നാണ് ഒരു വ്യാപാരിയുടെ പ്രതികരണം. ജിഎസ്ടി വന്നതോടെ കോഴിക്ക് നികുതി ഇല്ലാതായതിന്റെ ഗുണം ഉപഭോക്താക്കള്‍ക്ക് ലഭിക്കില്ലെന്ന് ഇതോടെ ഉറപ്പായി.
ധനമന്ത്രി പറഞ്ഞതിനെ അംഗീകരിച്ചെന്ന തോന്നലുണ്ടാക്കി സമരം പിന്‍വലിക്കുകയായിരുന്നു വ്യാപാരികള്‍. മന്ത്രിക്ക് നല്കിയ വാക്ക് പാലിക്കപ്പെടുമോയെന്ന കാര്യത്തില്‍ കോഴിക്കച്ചവടക്കാരുടെ നേതാക്കള്‍ക്ക് തന്നെ ഉറപ്പില്ലായിരുന്നു. മന്ത്രിയുമായി കോഴിക്കോട് ചര്‍ച്ച കഴിഞ്ഞിറങ്ങിയ നേതാക്കള്‍ അവിടെ വെച്ചുതന്നെ ഈ നിലപാട് വ്യക്തമാക്കുകയും ചെയ്തിരുന്നു.
സമരം നീണ്ടുപോയാല്‍ നഷ്ടം തങ്ങള്‍ക്ക് തന്നെയാകുമെന്ന തിരിച്ചറിവാണ് വ്യാപാരികളെ ചര്‍ച്ചയിലേക്കെത്തിച്ചത്. പാക്കറ്റില്‍ വരുന്ന ഇറച്ചിക്ക് പ്രിയമേറുന്നതും നിലവിലെ സ്റ്റോക്ക് നശിക്കുന്ന സാഹചര്യവും വ്യാപാരികളെ മാറ്റി ചിന്തിപ്പിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: