കൊച്ചി: വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലിലെ പാര്‍ക്കിങ് പ്രശ്നത്തിന് പരിഹാരം കാണേണ്ടത് ടെര്‍മിനല്‍ നടത്തിപ്പുകാരായ ഡി.പി വേള്‍ഡാണെന്ന് കൊച്ചി തുറമുഖ ട്രസ്റ്റി ഋഷി പല്‍പ്പു. കരാറനുസരിച്ച് വല്ലാര്‍പാടത്തെ പാര്‍ക്കിങ് കൊച്ചി തുറമുഖത്തിന്റെ ബാധ്യതയല്ല. എന്നിട്ടും നിലവില്‍ 445 കണ്ടെയ്നര്‍ ലോറികള്‍ക്ക് പാര്‍ക്കിംഗ് സൗകര്യം അഞ്ചിടത്തായി പോര്‍ട്ട് ട്രസ്റ്റ് ഒരുക്കിയിട്ടുണ്ട്. ഇതിനുപുറമെ മൂന്നു സ്ഥലം കൂടി തയ്യാറാക്കുന്നുണ്ട്. ഇവയെല്ലാം സജ്ജമായാല്‍ 1025 ലോറികള്‍ക്ക് പാര്‍ക്കിങ് സൗകര്യമുണ്ടാകും.
വെല്ലിംഗ്ടണ്‍ ഐലന്റിലെ രണ്ട് പാര്‍ക്കിംഗ് ഗ്രൗണ്ടുകളിലായി 310 ലോറികള്‍ക്ക് ഇപ്പോള്‍തന്നെ പാര്‍ക്ക് ചെയ്യാം. കളമശേരിയില്‍ വിപുലമായ സൗകര്യമുള്ള മറ്റൊരു സ്വകാര്യ ഫ്രൈറ്റ് സ്റ്റേഷനുമുണ്ട്. ഇത്രയും പാര്‍ക്കിങ് സംവിധാനം ഇന്ത്യയിലെ മറ്റൊരു തുറമുഖത്തുമില്ലെന്ന് പ്രസ്താവനയില്‍ ഋഷി പറഞ്ഞു.
പാര്‍ക്കിങ് പ്രശ്നത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിനും ഒഴിഞ്ഞുമാറാനാകില്ല. ഈ മേഖലയിലുള്ള സര്‍ക്കാര്‍ ഭൂമികളില്‍ പാര്‍ക്കിങ്ങിനുള്ള സാധ്യത പരിശോധിക്കണമെന്നും ഋഷി ആവശ്യപ്പെട്ടു. വല്ലാര്‍പാടത്ത് 4.91 ലക്ഷം കണ്ടെയ്നറുകളാണ് വര്‍ഷം കൈകാര്യം ചെയ്യുന്നത്. ഇതിന് ശരാശരി ദിവസം 1041 ലോറികള്‍ ഓടേണ്ടി വരും. പരമാവധി ഇതിന്റെ 40 ശതമാനം മാത്രമെ ടേണിനായി പുറത്ത് കാത്തുകിടക്കേണ്ടി വരൂ.
അതിന് ഇപ്പോഴുള്ള സൗകര്യം തന്നെ അധികമാണ്. 2500 വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് വേണമെന്ന ട്രെയ്ലര് ഓണേഴ്സ് അസോസിയേഷന്റെ വാദം അതിശയോക്തിയാണ്. പാര്‍ക്കിങ് ഗ്രൗണ്ടുകളില്‍ സര്‍വീസ് ചാര്‍ജ് നല്കേണ്ടിവരുന്നതാകാം ലോറി ഉടമകളുടെ പ്രശ്നമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: