കോട്ടയം: വിദ്യാഭ്യാസ വായ്പ ലഭിക്കണമെങ്കില്‍ വില്ലേജ് ഓഫീസറുടെ സര്‍ട്ടിഫിക്കേറ്റ് വേണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം വിദ്യാര്‍ത്ഥികള്‍ക്ക് വിനയാകുന്നു. വിദ്യാഭ്യാസ വായ്പ തിരിച്ചടവില്‍ വീഴ്ചയുണ്ടായാല്‍ തന്റെ ഉടമസ്ഥതയിലുള്ള വസ്തുവില്‍ നിന്നോ സാധനങ്ങളില്‍ നിന്നോ തുക ഈടാക്കാന്‍ ബാങ്കിനെ അധികാരപ്പെടുത്തിയുള്ള അപേക്ഷകന്റെ സത്യവാങ്മൂലത്തിന്റെ അടിയിലാണ് വില്ലേജ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തേണ്ടത്. അപേക്ഷകന് നല്‍കിയിരിക്കുന്ന വിവരങ്ങള്‍ നേരിട്ട് ബോധ്യമുണ്ടെന്നും മൂന്നു വര്‍ഷമായി വ്യക്തിപരമായി പരിചയമുണ്ടെന്നുമുള്ള സര്‍ട്ടിഫിക്കേറ്റാണ് വില്ലേജ് ഓഫീസര്‍ നല്‍കേണ്ടത്.
പൊതു സ്ഥലംമാറ്റ നിയമം അനുസരിച്ച് ഒരു വില്ലേജ് ഓഫീസര്‍ക്ക് ഒരു സ്ഥലത്ത് പരമാവധി മൂന്നുവര്‍ഷമാണ് നിയമനം. സ്ഥലം മാറി എത്തുന്ന ഒരാള്‍ക്ക് അപേക്ഷകനെ പരിചയമുണ്ടെന്ന സര്‍ട്ടിഫിക്കേറ്റ് നല്കാന് സാധിക്കില്ല. അതിനാല്‍ സര്‍ട്ടിഫിക്കേറ്റ് നല്കാന് വില്ലേജ് ഓഫീസര്‍മാര്‍ തയ്യാറാകുന്നില്ല.
ഇത് വില്ലേജ് ഓഫീസില്‍ തര്‍ക്കത്തിനും കാരണമാകുന്നു. സംസ്ഥാനത്ത് നിലവിലുള്ള വില്ലേജ് ഓഫീസര്‍മാരുടെ കുറവ് പ്രമോഷനിലൂടെ നികത്തിവരികയാണ്. വടക്കന്‍ ജില്ലകളിലാണ് വില്ലേജ് ഓഫീസര്‍മാരുടെ കുറവ് ഏറ്റവും അധികമുള്ളത്. ഇതിന് പ്രകാരം എറണാകുളം മുതല്‍ തെക്കോട്ട് ജില്ലയിലുള്ളവര്‍ക്ക് തൃശൂര്‍ മുതല്‍ വടക്കോട്ടാണ് നിയമനം നല്‍കുന്നത്. പുതിയതായി ചുമതല ഏല്ക്കുന്ന വില്ലേജ് ഓഫീസര്‍മാര്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം മൂലം വെട്ടിലായിട്ടുണ്ട്.
നേരത്തെ ബാങ്ക് അധികൃതര്‍ നേരിട്ട് പരിശോധന നടത്തിയായിരുന്നു വിദ്യാഭ്യാസ ലോണ്‍ നല്‍കിയിരുന്നത്. തിരിച്ചടവ് മുടങ്ങിയാല്‍ ജപ്തി അടക്കമുള്ള നടപടികള്‍ സ്വീകരിക്കാന്‍ സാധിക്കില്ലായിരുന്നു. ലോണ്‍ തിരിച്ചടവ് മുടക്കുന്നവരുടെ എണ്ണം വര്‍ധിച്ചതോടെ ബാങ്കുകാര് ലോണ്‍ നല്കാന് തയ്യാറാകുന്നില്ല. ഇതോടെയാണ് പുതിയ നിര്‍ദ്ദേശം സര്‍ക്കാര്‍ പുറത്തിറക്കിയത്.
എന്നാല്‍ ഈ നിര്‍ദ്ദേശം വിദ്യാഭ്യാസ വായ്പയ്ക്ക് അപേക്ഷ നല്കാന് പോലും സാധിക്കാത്ത അവസ്ഥയാണ് സംജാതമാക്കിയിരിക്കുന്നത്. ഇതോടെ തുടര്‍വിദ്യാഭ്യാസം പ്രതീക്ഷിച്ചിരുന്ന നിരവധി വിദ്യാര്‍ത്ഥികളുടെ ഭാവി ആശങ്കയിലാക്കിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: