അറസ്റ്റിലായ നടന് ദിലീപിനെ അമ്മയില്‍ നിന്നും ഫെഫ്ക്കയില്‍നിന്നും പുറത്താക്കിയെന്നു കേള്‍ക്കുമ്പോഴും സംശയങ്ങളും ആശങ്കകളും ബാക്കി.ഒരു ദിലീപിനെമാത്രം പുറത്താക്കിയതുകൊണ്ട് മാറുന്നതാണോ മലയാള സിനിമയുടെ ഇന്നത്തെ വൃത്തികെട്ടമുഖം.ദിലീപിന്റെ കേസിനോളം വന്നില്ലെങ്കിലും ചതിയും ഒതുക്കലും ഭീഷണിയും പീഡനവും തുടങ്ങിയ മാഫിയാ ഗുണ്ടാപരിപാടികള് ചെറുതും വലുതുമായി നേരത്തെ ഉണ്ടായില്ലെന്നു ഈ സംഘടനകള്‍ക്കു പറയാമോ.
അതൊക്കെ വേണ്ടപ്പെട്ടവര്‍ക്കുവേണ്ടി വേണ്ടുന്ന രീതിയില്‍ ഒതുക്കപ്പെടുകയായിരുന്നില്ലേ എന്നതാണേല്ലാ സത്യം.ചിലരുടെ സ്വാര്‍ഥ താല്പ്പര്യങ്ങള്ക്കുനിലകൊള്ളുന്നവയോ ചിലര്ക്കുവേണ്ടിമാത്രമായി ഉണ്ടാകുന്നവയോ ആണ് സിനിമാസംഘടനകള്‍ എന്നാണോ ധരിക്കേണ്ടത്.സംഘടനകള്‍ അതുമായി ബന്ധപ്പെട്ടവരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനാണ് ഉണ്ടാകുന്നതെങ്കിലും സിനിമാ സംഘടനകള്‍കൊണ്ട് സിനിമയ്ക്കു ദോഷവും ചിലര്‍ക്കു നേട്ടവുമല്ലേ ഉണ്ടായിട്ടുള്ളത്.
അമ്മ പണ്ടേ പിരിച്ചു വിടേണ്ടതായിരുന്നില്ലേ.കുറഞ്ഞ പക്ഷം നടി ആക്രമിക്കപ്പെട്ട് അവര്‍ക്കൊപ്പം ഈ സംഘടന നില്‍ക്കാതെ ആരോപണവിധേയനായ നടനൊപ്പം നിന്ന സാഹചര്യത്തിലെങ്കിലും.താരങ്ങളുടേയും പൊതുജനത്തിന്റയും രൂക്ഷ വിമര്‍ശനത്തിനു വിധേയമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അമ്മയെ പിരിച്ചു വിടേണ്ടത് ജനാധിപത്യം മാത്രമാണ്.പിരിച്ചു വിട്ടില്ലെങ്കില്‍ യുവതാരങ്ങളുടെ നിലയില്‍ പുതിയ സംഘടന വരുമെന്നും ഉറപ്പായി.
എന്തുവന്നാലും നഷ്ടം വരുന്നത് അമ്മയേയും മലയാള സിനിമയേയും നിയന്ത്രിക്കുന്ന സൂപ്പര്‍ താരങ്ങള്‍ക്കു തന്നെയാകും.നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് കുറ്റകരമായ മൗനം ദീക്ഷിച്ച സൂപ്പര്‍ താരങ്ങള്‍ക്കെതിരെ വലിയ വിമര്‍ശനമാണ് പൊതു സമൂഹത്തില്‍നിന്നും വന്നുകൊണ്ടിരിക്കുന്നത്.ഒരു ഹാസ്യതാരത്തെ മുന്‍ നിര്‍ത്തി അമ്മ നടത്തിക്കൊണ്ടിരിക്കുന്ന വളിച്ച കോമഡി അസഹനീയമാണ്.
മലയാള സിനിമയില്‍ വലിയൊരു പൊളിച്ചെഴുത്താണ് ദിലീപിന്റെ അറസ്റ്റോടെ ഉണ്ടാകുന്നത്.ചിലതെല്ലാം വിളിച്ചു പറയാന്‍ പലര്‍ക്കും നാവുണ്ടായി.ആ നാവ് ഇനിയും വളര്‍ന്നുകൊണ്ടിരിക്കും.എത്രവലിയ കുറ്റംചെയ്താലും സിനിമയിലെ നായകന് രക്ഷപെടുംപോലെ ജീവിതത്തിലും രക്ഷപെടുമെന്നാണ് ആകാശത്തെ താരങ്ങളായ സിനിമാക്കാര് വിശ്വസിക്കുന്നത്.അത്തരം ഒരു വ്യാജവിശ്വാസമായിരുന്നു ദിലീപിനും.
ഒത്തിരി വ്യാജങ്ങള്‍ ചെയ്യുമ്പോള്‍ ഒരുനാള്‍…ദിലീപിനെ നെഞ്ചേറ്റിയ ആരാധകര്‍ തന്നെയാണ് അയാളെ കൂക്കു വിളിച്ചത്.സിനിമാക്കാരനായി ജീവിച്ച് മനുഷ്യനാകാന്‍ മറന്നുപോയ ഒരാളുടെ പതനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: