കൊച്ചി: ആലുവയിലെ ദേശത്തു ജനിച്ച ഗോപാലകൃഷ്ണന്‍ പദ്മനാഭ പിള്ള എന്ന ദിലീപിനെ ലോകം ആദ്യം അറിഞ്ഞത് തിരക്കിട്ട മിമിക്രി കലാകാരന്‍ എന്ന നിലയിലാണ്. കലാഭവന്റെ ട്രൂപ്പിലൂടെ നിരവധി വേദികളില്‍ നിറഞ്ഞു നിന്നു.
സംവിധായകന്‍ കമലിന്റെ സഹസംവിധായകനായി സിനിമയില്‍ തുടക്കം കുറിച്ചു. നിരവധി ചിത്രങ്ങളില്‍ ക്യാമറയ്‌ക്കു പിന്നില്‍ നില്‍ക്കുമ്പോഴും മനസില്‍ അഭിനയം മാത്രമായിരുന്നു.
നിസാര്‍ സംവിധാനം ചെയ്ത മാനത്തെ കൊട്ടാരം എന്ന ചിത്രമാണ് സ്‌ക്രീനില്‍ ദിലീപിനു ബ്രേക്കായത്. പിന്നീട് ഒട്ടേറെ ചിത്രങ്ങളില്‍ ചെറിയ കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോഴും കോമഡി കൈകാര്യം ചെയ്യാനുളള കഴിവ് ദിലീപിനെ വ്യത്യസ്തനാക്കി.
തൊണ്ണൂറുകളുടെ പകുതി മുതലുള്ള വിജയങ്ങളാണ് ദിലീപിനെ താരമാക്കിയത്. സല്ലാപം, ഈ പുഴയും കടന്ന്, പഞ്ചാബി ഹൗസ് എന്നിവയില്‍ തുടങ്ങി തെങ്കാശിപ്പട്ടണം, ഈ പറക്കും തളിക, കല്യാണരാമന്‍ എന്നിങ്ങനെ വിജയങ്ങള്‍ ആവര്‍ത്തിച്ചു. കരിയര്‍ ഹിറ്റായ മീശ മാധവന്റെ വലിയ വിജയം ദിലീപിനെ മറ്റൊരു തലത്തിലേക്ക് എത്തിച്ചു.
താര സംഘടനയായ അമ്മയ്‌ക്കു വേണ്ടി ട്വന്റി 20 എന്ന ചിത്രം നിര്‍മിച്ചതോടു കൂടിയാണ് ദിലീപിലെ നിര്‍മാതാവ് സജ്ജീവമാകുന്നത്. ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിരവധി ഹിറ്റുകള്‍ നിര്‍മിച്ചു. ദേ പുട്ട് എന്ന റസ്റ്റോറന്റ്, ഡി സിനിമാസ് എന്ന തിയെറ്റര്‍ ശൃംഖല, കൊച്ചി രാജാവ് എന്ന പേരിലുള്ള ഹൗസ് ബോട്ടുകള്‍ തുടങ്ങി പ്രത്യക്ഷമായ ബിസിനസ് സംരംഭങ്ങള്‍. റിയല്‍ എസ്റ്റേറ്റ് രംഗത്തു സജീവമായിരുന്നു. നിരവധി ബിസിനസ് സംരംഭങ്ങളില്‍ വന്‍തോതില്‍ പണം നിക്ഷേപിച്ചിരുന്നു എന്നും റിപ്പോര്‍ട്ടുണ്ട്.
ഒടുവില്‍ നിയമത്തിന്റെ പിടിയിലാവുമ്പോഴും ആ ഗൂഢാലോചനയ്‌ക്കു പിന്നില്‍ ചില ബിസിനസ് താത്പര്യങ്ങളുണ്ടെന്നാണ് സൂചന. ഒടുവിലിറങ്ങിയ ചില ദിലീപ് ചിത്രങ്ങള്‍ പ്രതീക്ഷിച്ച വിജയം കണ്ടിരുന്നില്ല. അവയില്‍ ഒരു ചിത്രത്തിന്റെ ടൈറ്റില്‍ ഒരുപക്ഷേ, അറംപറ്റുന്നതിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്… വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍.
















