കുടമാളൂര്‍: വൃദ്ധദമ്പതികള്‍ മാത്രം താമസിക്കുന്ന വീടിന് അമിത തുകയുടെ വൈദ്യുതി ചാര്‍ജ്ജ് നല്‍കി കെഎസ്ഇബിയുടെ ഇരുട്ടടി. കുടമാളൂര്‍ കുന്നുംപുറത്ത് ഗോപിനാഥന്‍ നായര്‍ക്കാണ് 15ദിവസത്തേക്കുള്ള വൈദ്യതി നിരക്കായി 12,224രൂപയുടെ ബില്‍ നല്‍കിയത്. ബില്ലില്‍ കാണിച്ചിരിക്കുന്ന ഉപഭോഗം ഒരു യൂണിറ്റ് മാത്രമാണ്.
അയ്‌മനം മേജര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ ഉപഭോക്താവാണ് ഇദ്ദേഹം. 1146293003927 എന്ന മീറ്റര്‍ നമ്പരാണ് ഇദ്ദേഹത്തിന് നല്‍കിയിരിക്കുന്നത്. അമ്പാടി കവലയ്‌ക്ക് സമീപം രണ്ടുമുറികള്‍ മാത്രമുള്ള വീട്ടിലാണ് 77വയസ്സുള്ള ഗോപിനാഥന്‍ നായരും ഭാര്യ ഭാഗര്‍ഗവി അമ്മയും താമസിക്കുന്നത്. രണ്ടോ മൂന്നോ എല്‍ഇഡി ബള്‍ബുകള്‍ മാത്രമാണ് ഉപയോഗിക്കുന്നതും. വീടിന് സമീപത്ത് ഒരു ചെറിയ ചായക്കട നടത്തിയാണ് ഇവര്‍ ഉപജീവനം കഴിക്കുന്നത്.
ഇദ്ദേഹത്തിന്റെ വീട്ടിലെ മീറ്റര്‍ നാളുകളായി കേടായി കിടക്കുകയായിരുന്നു. കഴിഞ്ഞ മാസമാണ് മീറ്റര്‍ മാറ്റിവച്ചത്. അതിന് ശേഷം 15ദിവസത്തെ വൈദ്യുതി നിരക്കാണ് ഇവര്‍ക്ക് ശരിക്കും ഇരുട്ടടിയായത്. എനര്‍ജ്ജി ചാര്‍ജ്ജായി 11,113 രൂപയും ഡ്യൂട്ടിഇനത്തില്‍ 1,111 രൂപയുമടക്കം 12,224 രൂപയുടെ ബില്ലാണ് കെഎസ്ഇബി നല്‍കിയത്. പിഴകൂടാതെ പണം അടയ്‌ക്കുവാനുള്ള തീയതിയും വൈദ്യുതിബന്ധം വിച്ഛേദിക്കാതിരിക്കാന്‍ പണം അടയ്‌ക്കേണ്ട തീയതിയും ജൂലൈ മൂന്നിന് ആണെന്ന് ബില്ലില്‍ കാണിച്ചിട്ടുണ്ട്.
















