ഉഴവൂര്‍: ഇരുട്ടിലും രക്ഷാപ്രവര്‍ത്തനം നടത്തി മാതൃകയായി അഗ്നിരക്ഷാ സേന. കൂത്താട്ടുകുളം അഗ്നിരക്ഷാസേന വിഭാഗത്തിലെ അംഗങ്ങളുടെ സേവനം നാട്ടുകാരുടെ പ്രശംസകള്‍ക്ക് കാരണമായി. ബുധനാഴ്ചത്തെ രാത്രിയിലുണ്ടായ കനത്ത മഴയിലും കാറ്റിലും ഉഴവൂര്‍ കരിനെച്ചി താഴത്തുപറമ്പില്‍ ടി.ഒ. അബ്രഹാമിന്റെ വീടിന്റെ മുകളില്‍ മരം കടപുഴകിവീണു.
അപകടസമയത്ത് വീട്ടില്‍ കുടുംബാംഗങ്ങള്‍ ഉണ്ടായിരുന്നു. വീട് ഭാഗികമായി തകരുകയും ചെയ്തു. വീടിന്റെ മുകളില്‍ വീണ മരം മാറ്റുവാനാണ് വീട്ടുകാര്‍ അഗ്നിരക്ഷാസേനയുടെ സഹായം തേടിയത്. സേന സ്ഥലത്തെത്തിയപ്പോള്‍ പ്രദേശത്തെ വൈദ്യുതിയും നിലച്ചു.
മെഴുകുതിരിയുടെയും മൊബൈല്‍ഫോണ്‍ ടോര്‍ച്ചിന്റെയും സഹായത്തോടെയാണ് സേന രക്ഷാപ്രവര്‍ത്തനം നടത്തിയത്. വെളിച്ചക്കുറവ് പ്രവര്‍ത്തനത്തെ ബാധിച്ചെങ്കിലും അത് കാര്യമാക്കാതെയുളള സേനയുടെ സേവനം ചര്‍ച്ചയായത്. കൂത്താട്ടുകുളം രക്ഷാസേനവിഭാഗത്തിലെ എസ്.പി.ഒ.മാരായ പി.കെ.ഭാര്‍ഗവന്‍, കെ.കലേഷ് കുമാര്‍ , കെ.സി.റെജികുമാര്‍,അഭിഷേക്, ഷിബിന്‍ ഗോപി,എച്ച്.ഷാജഹാന്‍ എന്നിവരാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം വഹിച്ചത്
















