കളവംകോടം ശക്തീശ്വരം ക്ഷേത്രഗുരുമണ്ഡപത്തില്‍ വീല്‍ചെയറിലിരുന്ന് രതീഷും രേഖയും
വിവാഹിതരാകുന്നു
ചേര്‍ത്തല: വീല്‍ചെയറുകളിലിരുന്ന് രതീഷും രേഖയും വിവാഹ ജീവിതത്തിലേക്ക്. താലികെട്ടിന് സാക്ഷികളായി വീല്‍ചെയര്‍ യൂസേഴ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍. കളവംകോടം ശക്തീശ്വരം ക്ഷേത്രത്തിലാണ് വിവാഹം നടന്നത്.
റാന്നി ഇടമണ്‍ നടേക്കാവില്‍ ശാന്തമ്മയുടെ മകനാണ് രതീഷ്. വണ്ടാനം ചിറക്കാടി ആനന്ദവല്ലിയുടെ മകളാണ് രേഖ. ഒരു വര്‍ഷം മുമ്പ് പരിചയപെട്ട സൗഹൃദം പ്രണയമായി വളരുകയായിരുന്നു. നന്നേ ചെറുപ്പത്തില്‍ തന്നെ രേഖയുടെ കാലുകള്‍ക്ക് ചലനശേഷി നഷ്ടപ്പെട്ടതാണ്. ഓട്ടോ ഡ്രൈവറായിരുന്ന രതീഷിനു വീഴ്ചയില്‍ പരിക്കേറ്റാണ് വീല്‍ചെയര്‍ ഉപയോഗിക്കേണ്ടി വന്നത്. അപകടത്തിന് ശേഷം ഓട്ടോയില്‍ പ്രത്യേക സജ്ജീകരണങ്ങള്‍ ഒരുക്കിയാണ് രതീഷ് ഉപജീവനം തേടുന്നത്.
ഇരുവരുടെയും പ്രണയം അറിഞ്ഞ സമാനവേദനയനുഭവിക്കുന്ന വീല്‍ചെയര്‍ യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളാണ് വിവാഹത്തിനു വഴിയൊരുക്കിയത്. ഇരുവരുടെയും വീട്ടുകാരെ ഉള്‍പ്പെടുത്തി ലളിതമായായിരുന്നു വിവാഹം. രേഖയുടെ അമ്മാവന്‍ രാമചന്ദ്രന്‍ കൈപിടിച്ചു നല്കി. അസോസിയേഷന്‍ ഭാരവാഹികളായ അജിത്കുമാര്‍ കൃപാലയം, ജയകൃഷ്ണന്‍ വലിയകലവൂര്‍, ജോസഫ് ചാക്കനാട്ട് തുടങ്ങിയവരാണ് വീട്ടുകാര്‍ക്കൊപ്പം പങ്കെടുത്തത്.
















