അയ്‌മനം: വഴിവിളക്കുകള്‍ തെളിയിക്കണമെന്നും തകര്‍ന്ന റോഡുകള്‍ നന്നാക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി അയ്‌മനം പഞ്ചായത്ത് കമ്മിറ്റി പ്രത്യക്ഷ സമരപരിപാടികളിലേക്ക്. ഗ്രാമപഞ്ചായത്തംഗങ്ങള്‍ ആവശ്യപ്പെട്ടിട്ടും പഞ്ചായത്തിലെ വാര്‍ഡുകളില്‍ വഴിവിളക്കുകള്‍ കത്തിക്കാന്‍ അധികൃതര്‍ തയ്യാറായില്ല. ബള്‍ബുകളും അനുബന്ധ സാമഗ്രികളും ലഭ്യമാക്കാനും കൂട്ടാക്കുന്നില്ല. പഞ്ചായത്തിന്റെ ഉടമസ്ഥതയില്‍ വഴിവിളക്കുകള്‍ നന്നാക്കുന്നതിന് പ്രത്യേക വാഹനവും ജീവനക്കാരും ഉണ്ടെങ്കിലും ഇവര്‍ക്ക് ജോലി എടുക്കാതെ ശമ്പളം നല്‍കി വരികയാണ്. പൊതുജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കി ഇതുമായി ബന്ധപ്പെട്ട പണികള്‍ അടിയന്തിരമായി നടത്തണം.
പഞ്ചായത്തിന്റെ ജവനിധി പദ്ധതിയുമായി ബന്ധപ്പെട്ട് ജലവിതരണ കുഴലുകള്‍ സ്ഥാപിക്കാന്‍ എടുത്ത കുഴികള്‍ പൂര്‍ണ്ണമായും മൂടാതെ കിടക്കുന്നു. ഇതുമൂലം റോഡുകളും തകര്‍ന്ന നിലയിലാണ്. മിക്കസ്ഥലത്തും ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടെ അപകടത്തില്‍പ്പെടുന്നതും നിത്യസംഭവമായി മാറിയിരിക്കുന്നു. കാല്‍നടയാത്രപോലും ദുരിതമാണ്. ഇക്കാര്യത്തില്‍ അധികാരികളുടെ ഭാഗത്തുനിന്നും നടപടി സ്വീകരിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.
പ്രസിഡന്റ് ഇ.വി. ഓമനക്കുട്ടന്‍ അദ്ധ്യക്ഷനായി. പഞ്ചായത്ത് പ്രതിപക്ഷനേതാവ് എം.വി. ഉണ്ണികൃഷ്ണന്‍, ജനറല്‍ സെക്രട്ടറി സജി.പി, വാര്‍ഡംഗങ്ങളായ എം.എസ്. ജയകുമാര്‍, ബിന്ദുമോഹന്‍ എന്നിവര്‍ സംസാരിച്ചു.
















