വാഴൂര്‍: പരാതികളേറെ കൊടുത്തിട്ടും ജനപ്രതിനിധികള്‍ മാറി മാറി വന്നിട്ടും വാതല്ലൂര്‍ കോളനി നിവാസികളുടെ ദുരിതം മാറിയില്ല. ഇപ്പോഴും പ്രധാന റോഡിലെത്താന്‍ ഇടുങ്ങിയ വഴിയിലൂടെ കിലോമീറ്ററുകള്‍ നടക്കണം.
പൊതു ശ്മശാനത്തിലേക്ക് ശവങ്ങള്‍ കൊണ്ടുവരുന്ന തോടാണ് പ്രധാനറോഡിലേക്കുള്ള എളുപ്പവഴി. മഴക്കാലമെത്തിയാല്‍ നിറഞ്ഞൊഴുകുന്ന തോടു കടന്നുവേണം വാതല്ലൂര്‍വാസികള്‍ക്ക് പുറം ലോകത്തെത്തുവാന്‍. ആരെങ്കിലും കിടപ്പിലായാല്‍ കസേരയില്‍ ചുമന്ന് റോഡിലെത്തിക്കണം. പാറക്കെട്ടുകള്‍ നിറഞ്ഞ സ്ഥലത്ത് കുടിവെള്ളവുമില്ല. അഭ്യുദയകാംക്ഷികളുടെ സഹകരണത്തില്‍ കിട്ടിയ കുഴല്‍ക്കിണറില്‍ വെള്ളവുമില്ല. പ്രദേശത്ത് വൈദ്യുതി എത്തിച്ചു എന്നത് മാത്രമാണ് ജനപ്രതിനിധികളില്‍ നിന്നും കിട്ടിയ ഏക ഉപകാരം. ഈ ദുരിതം മാറാന്‍ കോളനി നിവാസികള്‍ മുട്ടാത്ത വാതിലുകളില്ല. ദേശീയ പാത 183ല്‍ വാഴൂര്‍ 19-ാം മൈലില്‍ നിന്നും അ കിലോമീറ്റര്‍ ദൂരത്തിലാണ് വാതല്ലൂര്‍ കോളനി.
10 സെന്റില്‍ താഴെ സ്ഥലമുള്ള ഒമ്പത് കുടുബങ്ങളാണ് കോളനിയിലുള്ളത്. സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലൂടെയുള്ള ഒറ്റയടിപ്പാതയാണ് ഇവരുടെ ആശ്രയം. ഇതിന് വീതി കൂട്ടി റോഡാക്കണമെങ്കില്‍ സ്വകാര്യവ്യക്തികള്‍ കനിയണം.
മഴക്കാലത്ത് ഇഴജന്തുക്കളും തോട്ടപ്പുഴുക്കളും സ്വന്തമാക്കിയ ഒറ്റയടിപ്പാത കാടും പടലും വെട്ടി തെളിക്കാന്‍ ശ്രമിച്ചതിന് കടന്നു കയറ്റമാണെന്ന പേരില്‍ സ്വകാര്യവ്യക്തി കേസു കൊടുത്തെന്ന് കോളനി നിവാസികള്‍ പറയുന്നു. എന്നാല്‍ മൂന്നടി വീതിയില്‍ നടപ്പുവഴി നല്‍കിയിട്ടുണ്ടെന്നും, അതില്‍ കൂടുതല്‍ സ്ഥലം തെളിക്കാന്‍ ശ്രമിച്ചതിനെതിരെയാണ് കേസ് നല്‍കിയതെന്നും സ്ഥലമുടമ പറയുന്നു.
തോടിന് പാലമിട്ടാല്‍ ബുദ്ധിമുട്ടുകള്‍ക്ക് ഒരു പരിധി വരെ ആശ്വാസമാകുമെന്നാണ് കോളനിവാസികള്‍ പറയുന്നത്. വാതല്ലൂരുകാരുടെ പ്രാരാബ്ധങ്ങള്‍ക്ക് എങ്ങനെ അറുതി വരുത്തണമെന്ന് ജനപ്രതിനിധികള്‍ക്കും നിശ്ചയമില്ല. വോട്ടു ചോദിക്കാന്‍ മാത്രം തൊണ്ടുവഴി കടക്കുന്ന ജനപ്രതിനിധികള്‍ക്ക് ജയിച്ചാല്‍ പിന്നെ തോട്ടപ്പുഴുക്കള്‍ വാഴുന്ന നടക്കാന്‍ അറക്കുന്ന വഴിയാണിത്. ഇവരുടെ ദുരിതം മാറ്റാന്‍ ദുരന്തങ്ങളുണ്ടാകാന്‍ കാത്തിരിക്കുകയാണ് അധികൃതര്‍
















