മുണ്ടക്കയം: പൈപ്പ് പൊട്ടി റോഡിലൂടെ വെള്ളം ഒഴുകാന്‍ തുടങ്ങിയിട്ട് മാസം ഒന്നായെങ്കിലും അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപം. പൂഞ്ഞാര്‍ എരുമേലി സംസ്ഥാന പാതയില്‍നിന്നും സെന്റ് ജോസഫ്‌സ് ഗേള്‍സ് സ്‌കൂളിലേക്കുള്ള പ്രവേശനപാതയ്‌ക്ക് എതിര്‍വശത്താണ് സംഭവം. റോഡിന് കുറുകെ കടന്നുപോകുന്ന പൈപ്പ് ലൈനാണ് പൊട്ടിയത്.
വെള്ളത്തിന്റെ ശക്തിയില്‍ റോഡിന്റെ ഒരുവശം വട്ടത്തില്‍ ഇടിഞ്ഞ് താഴ്ന്ന് കുഴി രൂപപ്പെട്ടു. ഇരുചക്രവാഹന യാത്രികര്‍ കുഴിയില്‍ വീണ് അപകടങ്ങള്‍ ഉണ്ടായതോടെ നാട്ടുകാര്‍ കല്ലുകളിട്ട് കുഴി നികത്തി. പക്ഷേ ദിവസങ്ങള്‍ കഴിയുന്തോറും കുഴിക്കു സമീപം മറ്റു കുഴികളും രൂപപ്പെട്ടു വന്നു. ഇപ്പോള്‍ റോഡ് നിറയെ കുഴികള്‍ രൂപപ്പെട്ട് കുളമായ അവസ്ഥയാണ്.
മഴപെയ്ത് വെള്ളം നിറയുന്ന കുഴിയില്‍ വാഹനങ്ങള്‍ ചാടുകയും പെട്ടെന്ന് വെട്ടിച്ചുമാറ്റുകയും ചെയ്യുന്നത് വീണ്ടും അപകടകാരണമാകുകയാണ്. പൈപ്പിലെ ചോര്‍ച്ച തടയുവാന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ റോഡിന്റെ ഒരു വശം പൂര്‍ണമായും തകരും.
















