മുണ്ടക്കയം: ഹാരിസണ്‍ മലയാളം വക വെള്ളനാടി എസ്റ്റേറ്റില്‍ സംഘര്‍ഷത്തിനിടെ എംഎല്‍എ പി.സി ജോര്‍ജ് തോക്ക് ചൂണ്ടിയ സംഭവത്തില്‍ എംഎല്‍എയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി തൊഴിലാളികള്‍ രംഗത്ത്. പുറംപോക്ക് നിവാസികളെ സംരക്ഷിക്കാനെന്ന വ്യാജേനയെത്തിയ എംഎല്‍എയാതൊരു പ്രകോപനവും കൂടാതെ തൊഴിലാളികളെ ചീത്തവിളിക്കുകയും തൊഴിലാളികളുടെ മുഖത്ത് ആസിഡ് ഒഴിക്കുവാനും കാലുകള്‍ തല്ലിയൊടിക്കുവാനും ആഹ്വാനം ചെയ്തത് ജനാധിപത്യ വിരുദ്ധമാണെന്നും തൊഴിലാളി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. സംഭവ ദിവസം എംഎല്‍എ എത്തുമെന്ന് അറിഞ്ഞ് തോട്ടത്തിലെ മരങ്ങള്‍ മുറിക്കുന്നത് സംബന്ധിച്ച് നിവേദനം നല്‍കുവാനാണ് തങ്ങള്‍ എംഎല്‍എയെ സമീപിച്ചതെന്നും ഇവര്‍ പറഞ്ഞു.
മുക്കുപണ്ടക്കേസില്‍ അറസ്റ്റിലാവുകയും തോട്ടങ്ങളില്‍ ഭൂമി നല്‍കാമെന്ന് പറഞ്ഞ് പാവങ്ങളുടെ കൈയ്യില്‍ നിന്നും പണപിരിവ് നടത്തുകയും ചെയ്യുന്ന പുറംപോക്ക് നിവാസിയായ ജയകുമാര്‍ എന്ന ആള്‍ക്ക് വേണ്ടിയാണ് എംഎല്‍എ തൊഴിലാളികള്‍ക്ക് നേരെ തിരിഞ്ഞതെന്നാണ് ആരോപണം. പുറംപോക്കില്‍ താമസിക്കുന്നവരുമായി തൊഴിലാളികള്‍ക്ക് യാതൊരു തര്‍ക്കവുമില്ല. ജയകുമാര്‍ എന്നയാള്‍ എസ്റ്റേറ്റ് വക സ്ഥലം കൈയ്യേറിയതിനെതിരെ മാനേജര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. എംഎല്‍എക്ക് നിയമപരമായി ശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയതായും പി.കെ രാമചന്ദ്രന്‍, സിജു കൈതമറ്റം, വി.സി ശശി, കെ.ജി ശിവരാജന്‍,പി.കെ സന്തോഷ് കുമാര്‍, ടി.ആര്‍ മോഹനന്‍,കെ.ജി ഷാജി, കെ.ഒ ശിവദാസ്, പി.കെ റക്‌സന്‍, എന്‍.ജെ റോജിമോന്‍ എന്നിവര്‍ അറിയിച്ചു
















