കുറവിലങ്ങാട്: എംസിറോഡില്‍ വൈദ്യതിലൈന്‍ പൊട്ടി വെള്ളത്തില്‍ വീണു. അപകടവിവരം വൈദ്യുതി ഓഫീസില്‍ വിളിച്ചറിയിച്ചിട്ടും ഉദ്യോഗസ്ഥര്‍ക്ക് മെല്ലപ്പോക്ക്. ഇന്നലെ രാവിലെ പത്തോടെയാണ് കോഴാ സെന്റ് ജോസഫ്‌സ് കപ്പേളയ്‌കക് സമീപമാണ് ലൈന്‍ പൊട്ടിവീണത്. സീഡ്ഫാം പാടത്തെ തെങ്ങോല ലൈനിലേക്ക് ഒടിഞ്ഞെത്തിയതാണ് രണ്ട് കമ്പികള്‍ പൊട്ടിവീണത്.
റോഡിനോട് ചേര്‍ന്നുള്ള ചെറിയ കൈച്ചാണയിലടക്കമാണ് കമ്പി വീണത്. കമ്പി വീണ തോടുമായി ചേര്‍ന്നുള്ള സര്‍ക്കാര്‍ പാടത്ത് തൊഴിലാളികളുണ്ടായിരുന്നു. വെള്ളത്തിലൂടെ വൈദ്യുതി പ്രവഹിച്ചാലുണ്ടാകുന്ന അപകടസാധ്യത കണക്കിലെടുത്ത് സ്ഥലത്തുണ്ടായിരുന്നവര്‍ വൈദ്യുതി ഓഫീസില്‍ ഫോണില്‍ വിവരമറിയിച്ചു. ഓഫീസിന്റെ വിളിപ്പാടകലെയുള്ള സ്ഥലം അറിയില്ലെന്നായിരുന്നു ഓഫീസില്‍ നിന്നുള്ള മറുപടി. പിന്നീട് വിവരം നല്‍കുന്നയാളിന്റെ മേല്‍വിലാസവും ഫോണ്‍നമ്പറും വേണമെന്ന നിലപാടാണ് സ്വീകരിച്ചത്. വിവരം നല്‍കിയിട്ടും ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയില്ല. കമ്പി പൊട്ടിവീണ സ്ഥലത്തിന് സമീപമുളള കടകളിലെല്ലാം ഈ സമയം വൈദ്യുതി ഉണ്ടായിരുന്നുവെന്നത് പരിഭ്രാന്തിക്ക് ഇടയാക്കി. പിന്നീട് പത്തേകാല്‍ കഴിഞ്ഞതോടെയാണ് കെഎസ്ഇബി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയത്.സ്ഥലം നിരീക്ഷിച്ച് സംഘം മടങ്ങി. ഒരുമണിയോടെയാണ് തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കായി ഉദ്യോഗസ്ഥര്‍ എത്തിയത്.
















