കുറവിലങ്ങാട്:കുത്തിയൊലിച്ച് എത്തുന്ന മഴവെള്ളം ഓടയില്‍ നിന്ന് പുറത്തേക്ക് ഒഴുകാന്‍ സംവിധാനമില്ലാത്തതിനാല്‍ പളളിക്കവലയില്‍ അതിരൂക്ഷമായ വെളളക്കെട്ട്. എം.സി റോഡ് നവീകരണം കഴിയുമ്പോള്‍ റോഡിലെ വെളളക്കെട്ടിന് പരിഹാരമാവുമെന്നായിരുന്നു കെ.എസ്.ടി.പിയുടെ അവകാശവാദമെങ്കിലും ഒന്നും ശരിയായില്ല. എം.സി റോഡില്‍ പട്ടിത്താനം മുതല്‍ ജില്ലാ അതിര്‍ത്തിയായ കൂത്താട്ടുകുളത്തിന് സമീപം വരെ പലയിടത്തും ചെറിയ ഒരു മഴപെയ്താല്‍ വെളളക്കെട്ടുണ്ടാവും.
ഓടകളുടെ നിര്‍മാണത്തിലെ അപാകതയും കിലോമീറ്ററുകള്‍ നീളത്തില്‍ നിര്‍മിച്ചിരിക്കുന്ന ഓടയില്‍നിന്ന് പുറത്തേക്ക് വെളളം പോകാന്‍ സംവിധാനമില്ലാത്തതുമാണ് കാരണം. വെമ്പളളി തെക്കേകവല, കുര്യനാട് തുടങ്ങിയ സ്ഥലങ്ങളിലും മഴക്കാലത്ത് വെളളക്കെട്ട് പതിവാണ്. ഇലയ്‌ക്കാട് റോഡിന്റെ രണ്ട് വശങ്ങളില്‍ നിന്ന് ഒഴുകി വരുന്ന വെളളമാണ് കറവിലങ്ങാട് പളളിക്കവലയില്‍ പ്രധാനമായും വെളളക്കെട്ടുണ്ടാവാന്‍ കാരണം. റോഡ് നവീകരണത്തിന്റെ ഭാഗമായി കുറവിലങ്ങാട് ടൗണില്‍ 13 കലുങ്കുകളാണ് പുനര്‍നിര്‍മിച്ചിരിക്കുന്നത്. എന്നാല്‍ ഇതില്‍ മൂന്നു കലുങ്കുകളില്‍ നിന്ന് മാത്രമെ വെളളം പുറത്തേക്ക് ഒഴുകിപ്പോവുകയുളളു. പഴയകാലത്ത് റോഡിന്റെ വശങ്ങളില്‍നിന്ന് വെളളം തോട്ടിലേക്ക് ഒഴുകിയെത്താന്‍ ചെറുതോടുകള്‍ ഉണ്ടായിരുന്നു. നാട് വികസിച്ചപ്പോള്‍ ചെറുതോടുകള്‍ ഇല്ലാതായി.
ഇതോടെയാണ് വെളളം ഒഴുകിപ്പോവാന്‍ സംവിധാനമില്ലാതായത്. കുറവിലങ്ങാട് ടൗണ്‍ ഭാഗത്ത് എം സി റോഡ് നവീകരണ ജോലികള്‍ ഇതുമായി ബന്ധപ്പെട്ട് പരാതികള്‍ ഉയര്‍ന്നിരുന്നു. പലഭാഗത്തും വീതിയില്ലെന്നും കലുങ്കുകളില്‍ നിന്ന് വെളളം ഒഴുകാന്‍ സംവിധാനമില്ലെന്നുമായിരുന്നു പരാതി. തുടര്‍ന്ന് ആര്‍.ഡി.ഒയുടെ നേതൃത്വത്തില്‍ ഉപസമിതി രൂപീകരിച്ച് പരിശോധന നടത്തിയിരുന്നു. ഓടയില്‍ നിന്ന് വെളളം വലിയതോട്ടിലേക്ക് ഒഴുകിയെത്തുന്നതിന് സ്ഥലം നല്‍കാമെന്ന് സ്വകാര്യവ്യക്തികള്‍ പറഞ്ഞിരുന്നുവെങ്കിലും പിന്നീട് തുടര്‍നടപടികള്‍ ഒന്നും നടന്നില്ല.
















