ഗാന്ധിനഗര്‍: മികച്ച ഡോക്ടര്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് ലഭിച്ചതിലൂടെ ഡോ.ടി.കെ.ജയകുമാറിന് ആതുരസേവന രംഗത്തെ മികവിനുള്ള അംഗീകാരമായി. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടും കാര്‍ഡിയോതൊറാസിക് സര്‍ജ്ജനുമാണ് ഡോ.ടി.കെ.ജയകുമാര്‍.
സര്‍ക്കാര്‍ മേഖലയിലുള്ള ആശുപത്രികളില്‍ ഇന്ത്യയില്‍ ആദ്യമായി ഹൃദയം മാറ്റിവച്ചതുകൊണ്ടാണ് ഡോക്ടര്‍ പ്രശസ്തനായത്. 2015 ഒക്‌ടോബറിലായിരുന്നു ഇത് നടന്നത്. പത്തനംതിട്ട സ്വദേശി പൊടിമോന്റെ ഹൃദയമാണ് മാറ്റിവച്ചത്. മസ്തിഷ്‌ക മരണം സംഭവിച്ച മറ്റൊരാളുടെ ഹൃദയം ലഭ്യമായപ്പോള്‍ നിര്‍ദ്ധനനായ പൊടിമോന്റെ ഹൃദയംമാറ്റിവച്ചുകൊണ്ടാണ് അദ്ദേഹം ശ്രദ്ധേയനായത്. എങ്കിലും അണുബാധയെത്തുടര്‍ന്ന് പൊടിമോന്‍ മരണപ്പെട്ടിരുന്നു. പിന്നീട് രണ്ടുഹൃദയം മാറ്റിവയ്‌ക്കല്‍ ശസ്ത്രക്രിയകൂടി ഡോക്ടറുടെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളേജില്‍ വിജയകരമായി നടത്തി. 2016 ജൂലൈയിലാണ് സൂപ്രണ്ട് പദവി ഏറ്റെടുത്തത്.
മെഡിക്കല്‍ കോളേജിലെ രോഗികളെ കിടത്തി ചികിത്സിക്കുന്ന കെട്ടിടം പൊളിച്ചുമാറ്റി അത്യാധുനിക രീതിയിലുള്ള കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടക്കുകയാണ്. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ അദ്ദേഹം അവാര്‍ഡ് ഏറ്റുവാങ്ങി.
















