ആലപ്പുഴ: കൊതുകുകളുടെ വളര്‍ച്ചയ്‌ക്ക് സാഹചര്യം സൃഷ്ടിച്ചാല്‍ വ്യക്തികള്‍ക്കും സ്ഥാപന ഉടമകള്‍ക്കും എതിരേ കര്‍ശന നടപടിയെടുക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. കൊതുകുകള്‍ക്ക് പെറ്റുപെരുകാന്‍ സാഹചര്യമുണ്ടാക്കുന്ന നിലയില്‍ വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യം സൃഷ്ടിക്കുന്നവര്‍ക്കെതിരേ തിരു-കൊച്ചി പൊതുജനാരോഗ്യനിയമം, ഇന്ത്യന്‍ ശിക്ഷാ നിയമം എന്നിവ പ്രകാരം കേസെടുക്കും. ഇതനുസരിച്ച് രണ്ടുവര്‍ഷം വരെ തടവുശിക്ഷയോ പിഴയോ രണ്ടും കൂടിയോ ലഭിക്കാം. ചിരട്ടകള്‍, പാത്രങ്ങള്‍, ടയറുകള്‍, കളിപ്പാട്ടങ്ങള്‍, പ്ലാസ്റ്റിക് ഷീറ്റുകള്‍, ആക്രി സാധനങ്ങള്‍, അങ്കോലം(കുമ്പിളിലയുള്ള വേലിച്ചെടി) എന്നിവയില്‍ ജലം കെട്ടിനില്‍ക്കുന്നത് ഒഴിവാക്കാന്‍ ആരോഗ്യവകുപ്പ് നല്‍കിയ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.
















