തിരുവനന്തപുരം: പനിവ്യാപിക്കുന്നത് തടയാന്‍ വിപുലമായ രീതിയില്‍ സംസ്ഥാന വ്യാപകമായി ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. രാഷ്ട്രീയപാര്‍ട്ടികള്‍, വിവിധസംഘടനകള്‍, വിദ്യാര്‍ഥികള്‍ അടക്കം എല്ലാവരും രംഗത്തിറങ്ങണം. ഇത് ചര്‍ച്ച ചെയ്യാന്‍ വെള്ളിയാഴ്ച സര്‍വകക്ഷിയോഗം വിളിക്കും.
ഈ ദിവസം മന്ത്രിമാര്‍ ജില്ലാതല യോഗങ്ങളും വിളിക്കും. മാധ്യമങ്ങളിലെ ആരോഗ്യസംബന്ധിയായ പരിപാടികളില്‍ പകര്‍ച്ചപ്പനി ബാധയെക്കുറിച്ചുള്ള ബോധവത്കരണത്തിന് ഊന്നല്‍ നല്‍കണമെന്നു മാധ്യമ മേധാവികളോട് ആവശ്യപ്പെടും. 27, 28, 29 തീയതികളില്‍ ശുചീകരണയജ്ഞം നടത്തുമെന്നും മന്ത്രിസഭാ യോഗത്തിനുശേഷം വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
പനി പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ചുമതലയുള്ള മന്ത്രിമാരും ജില്ലകളും: കടകംപള്ളി സുരേന്ദ്രന് (തിരുവനന്തപുരം), ജെ. മേഴ്സിക്കുട്ടിയമ്മ (കൊല്ലം), ജി. സുധാകരന് (ആലപ്പുഴ), മാത്യു ടി. തോമസ് (പത്തനംതിട്ട), കെ. രാജു (കോട്ടയം), എം.എം. മണി (ഇടുക്കി), തോമസ് ഐസക് (എറണാകുളം), എ.സി. മൊയ്തീന് (തൃശൂര്‍), എ.കെ. ബാലന് (പാലക്കാട്), കെ.ടി. ജലീല്‍ (മലപ്പുറം), കെ.കെ. ശൈലജ (കോഴിക്കോട്), വി.എസ്. സുനില്‍ കുമാര്‍ (വയനാട്), രാമചന്ദ്രന് കടന്നപ്പള്ളി (കണ്ണൂര്‍), ഇ. ചന്ദ്രശേഖരന് (കാസര്‍കോട്).
പനിബാധിത പ്രദേശങ്ങളെ തീവ്രതയ്ക്കനുസരിച്ചു മൂന്നു മേഖലകളാക്കി തിരിച്ച് ഡോക്ടര്‍മാരുടെ കുറവ് അടിയന്തരമായി നികത്തും. പ്രത്യേക പ്രതിരോധ പ്രവര്‍ത്തനങ്ങളും ബോധവത്കരണവും നടത്താന്‍ സ്വകാര്യ മേഖലയിലെ ഡോക്ടര്‍മാരെയും നഴ്സുമാരെയും ഉള്‍പ്പെടുത്തും. കൂടുതല്‍ രോഗികളുള്ളിടത്തു കിടത്തി ചികിത്സയ്ക്കു സൗകര്യമൊരുക്കും. ഇതിന് ആശുപത്രികളിലെ ഉപയോഗിക്കാത്ത കെട്ടിടങ്ങള്‍ ശുചീകരിച്ച് പനി വാര്‍ഡുകള്‍ തുറക്കും. തിരക്കുള്ള പ്രദേശങ്ങളില്‍ മൊബൈല്‍ ക്ലിനിക്കുകള്‍ തുറക്കുമെന്നും രോഗനിര്‍ണയത്തിനു കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: