തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലെത്തിയ ദിവസം മെട്രോ ഉദ്ഘാടനം നടക്കുന്ന സ്ഥലത്തേക്ക് ഒരുസംഘം കടന്നുകയറാന്‍ ശ്രമിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അന്ന് സമരം നടത്തിയത് തെറ്റാണ്. പ്രധാനമന്ത്രിക്ക് സംരക്ഷണം നല്‍കേണ്ട ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിനുണ്ട്. അതാണ് പോലീസ് ചെയ്തത്. പോലീസ് സമരക്കാരെ തടഞ്ഞില്ലെങ്കില്‍ സ്ഥിതിഗതി ഇതാകുമായിരുന്നില്ല.
ക്രമസമാധാനപാലന ചുമതല സംസ്ഥാന സര്‍ക്കാരിനാണ്. അത് പാലിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. തടയാനെത്തിയിരുന്നവര്‍ക്ക് തീവ്രവാദ ബന്ധമോ മറ്റെന്തെങ്കിലും ഉദ്ദേശ്യമോ ഉണ്ടായിരുന്നോ എന്ന് അന്വേഷിക്കണം. പുതുവൈപ്പ് പ്രശ്‌നത്തില്‍ മുഖ്യമന്ത്രി ഇടപെട്ടിരുന്നു.
ഇത്തരം വിഷയത്തില്‍ പോലീസിന് കൈയുംകെട്ടി നോക്കി നില്‍ക്കാനാകില്ല. സംസ്ഥാനത്ത് ഒരു വികസനപ്രവര്‍ത്തനവും നടത്താന്‍ അനുവദിക്കില്ലെന്ന ചിലരുടെ നിലപാട് അംഗീകരിക്കാനാകില്ല. കേന്ദ്ര സര്‍ക്കാരിന്റെ പുതുവൈപ്പിലെ പദ്ധതിക്ക് സംരക്ഷണം നല്‍കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.
















