പാലക്കാട്: ബി.ജെ.പി പ്രവര്‍ത്തകരെ ചുട്ടുകൊന്ന കേസില്‍ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പുതുശ്ശേരി ജംഗ്ഷനില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ നടത്തിയ ദേശീയപാത ഉപരോധത്തില്‍ പോലീസ് അക്രമവും ലാത്തിച്ചാര്‍ജ്ജും.
രണ്ടുദിവസമായി നടന്നുവന്ന ഉപവാസ സമരത്തിനുശേഷം രണ്ടാംഘട്ടമായാണ് ദേശീയപാത ഉപരോധിച്ചത്. സംഘര്‍ഷത്തില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍ അടക്കം എട്ട് പേര്‍ക്ക് പരിക്കേറ്റു. ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മഹിളാ മോര്‍ച്ച സംസ്ഥാന സെക്രട്ടറി സിന്ധുരാജന്‍(32), ബിഎംഎസ് ജില്ലാ വൈസ് പ്രസിഡന്റ് എസ്.രാജേന്ദ്രന്‍(57), പട്ടികജാതി മോര്‍ച്ച മലമ്പുഴ മണ്ഡലം സെക്രട്ടറി ശെല്‍വരാജ്(52), ഹരിദാസ്(28), ബിനീഷ്(27), ഗോപന്‍(26), ആര്‍എസ്എസ് വിഭാഗ് കാര്യകാരി സദസ്യന്‍ കെ.സുധീര്‍(45) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
കഞ്ചിക്കോട് ചടയന്‍കലായില്‍ രാധാകൃഷ്ണന്‍, വിമല എന്നിവരെയാണ് ഒരു മാസം മുമ്പ് സിപിഎമ്മുകാര്‍ ചുട്ടുകൊന്നത്. ദേശീയപാതാ ഉപരോധം എം.ടി. രമേഷ് ഉദ്ഘാടനം ചെയ്തു. കേസിലെ പ്രതികളെ പിടികൂടും വരെ പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്ന് അദ്ദേഹം പറഞ്ഞു. ഉപരോധം ആരംഭിച്ചതോടെ മൈക്ക് ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്ന് എഎസ്പി പൂങ്കുഴലി പ്രഖ്യാപിച്ചതാണ് പ്രശ്‌നം വഷളാകാന്‍ കാരണം. മൈക്ക് പിടിച്ചെടുക്കുമെന്ന് അവര്‍ പ്രഖ്യാപിച്ചതോടെ പ്രവര്‍ത്തകര്‍ മുദ്രാവാക്യവുമായി രംഗത്തെത്തി. നേതാക്കള്‍ എഎസ്പിയുമായി ചര്‍ച്ചനടത്തിയെങ്കിലും അവര്‍ അനുനയത്തിന് തയ്യാറായില്ല. തുടര്‍ന്ന് റോഡ് ഉപരോധിച്ചു.
സമീപത്തെ ചില കെട്ടിടങ്ങളില്‍ നിന്ന് കല്ലേറുണ്ടായതാണ് സംഘര്‍ഷത്തിനിടയാക്കിയത്. ചെയര്‍പേഴ്‌സണ്‍ പ്രമീളാ ശശിധരന്‍, കൗണ്‍സിലര്‍മാര്‍, വനിതാ പഞ്ചായത്ത് മെമ്പര്‍ എന്നിവര്‍ റോഡില്‍ കുത്തിയിരുന്നതോടെ അവരെ മാറ്റാന്‍ പോലീസ് ബലപ്രയോഗം നടത്തി.
പ്രവര്‍ത്തകരെ നീക്കാന്‍ ലാത്തിവീശിയ പോലീസ് കണ്ണീര്‍ വാതകവും പ്രയോഗിച്ചു. ഉപരോധത്തിന് ശേഷം മാര്‍ച്ച് നടത്താനുള്ള ബി.ജെ.പി പ്രവര്‍ത്തകരുടെ നീക്കം പോലീസ് തടഞ്ഞതോടെ പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്നു. അഞ്ഞൂറിലധികം പ്രവര്‍ത്തകരാണ് ഉപരോധത്തില്‍ പങ്കെടുത്തത്.
















