മലപ്പുറം: ഒരിടവേളക്ക് ശേഷം മലപ്പുറം ജില്ലയില്‍ ക്ഷേത്രങ്ങള്‍ക്ക് നേരെയുള്ള അതി1ക്രമം വര്‍ധിക്കുകയാണ്. ആസൂത്രിതമായി കലാപം സൃഷ്ടിക്കാനുള്ള ചിലരുടെ ശ്രമത്തിന്റെ ഭാഗമായാണ് ക്ഷേത്രങ്ങള്‍ ആക്രമിക്കപ്പെടുന്നത്. രാഷ്‌ട്രീയ സംഘര്‍ഷങ്ങളില്‍ എതിര്‍ പാര്‍ട്ടിയുടെ ഓഫീസുകള്‍ അടിച്ചുതകര്‍ക്കുന്ന ലാഘവത്തോടെയാണ് ക്ഷേത്രങ്ങളും ആക്രമിക്കപ്പെടുന്നത്.
ഏറ്റവും ഒടുവില്‍ വണ്ടൂരിനടുത്ത് വാണിയമ്പലം ശ്രീബാണാപുരം ത്രിപുരസുന്ദരി ദേവീക്ഷേത്രത്തിന് നേരെ നടന്ന ആക്രമണമാണ് ചര്‍ച്ചയാകുന്നത്. രാത്രിയില്‍ ക്ഷേത്രം അടിച്ചു തകര്‍ക്കുകയും ഉപദേവനായ നാഗരാജാവിന്റെ പ്രതിഷ്ഠ ഇളക്കിയെടുത്ത് വലിച്ചെറിയുകയും ചെയ്തു. ചുറ്റമ്പലത്തിനുള്ളില്‍ മലമൂത്ര വിസര്‍ജ്ജനവും നടത്തി. ആരാധാനാലയങ്ങളില്‍ മോഷണങ്ങള്‍ നടക്കുന്നത് പതിവാണ്, എന്നാല്‍ വാണിയമ്പലത്ത് നടന്നത് കേവലം മോഷണ ശ്രമമല്ലെന്ന് വ്യക്തമാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഇത്തരത്തില്‍ ക്ഷേത്രങ്ങള്‍ ആക്രമിക്കപ്പെടുന്നത് ജാതിമതഭേദമന്യേ ജനങ്ങളെ ആശങ്കയിലാഴ്‌ത്തുന്നു.
ഹൈന്ദവ ആചാര പ്രകാരം വെച്ചാരാധന നടത്തിയതിന് പരപ്പനങ്ങാടി കെട്ടുങ്ങല്‍ കുന്നത്ത് ഓമനയുടെ വീട് ഒരുസംഘം ആക്രമിച്ചിരുന്നു. ഉപദേവതാസ്ഥാനങ്ങള്‍ തകര്‍ത്തു. ഈ അന്ധവിശ്വാസം ഇനി അനുവദിക്കില്ലെന്ന് ആക്രോശിച്ചുകൊണ്ടായിരുന്നു ആക്രമണം. ഏറെ പഴക്കമുള്ള വെന്നിയൂര്‍ ശിവക്ഷേത്രത്തിന്റെ മേല്‍ക്കൂര പൂര്‍ണ്ണമായും കത്തിനശിച്ചതില്‍ ഇന്നും ദുരൂഹത തുടരുകയാണ്.
ഈ കേസുകളിലൊന്നും പോലീസ് അന്വേഷണം ശരിയായി നടക്കുന്നില്ലെന്നും ആരോപണമുണ്ട്. മുസ്ലീം ലീഗ് അടക്കമുള്ള സംഘടനകള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തുണ്ട്. വാണിയമ്പലം ക്ഷേത്രത്തില്‍ അക്രമികള്‍ നശിപ്പിച്ച ആംപ്ലിഫയര്‍ വാങ്ങി നല്‍കാമെന്ന് ക്ഷേത്രം സന്ദര്‍ശിച്ച ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ.എന്‍.എ. ഖാദര്‍ അറിയിച്ചു.
മതവിദ്വേഷം വളര്‍ത്തി സമൂഹത്തില്‍ വര്‍ക്ഷീയ കലാപം ഉണ്ടാക്കാന്‍ ശ്രമിക്കുന്നവരെ കണ്ടെത്താന്‍ പോലീസ് തയ്യാറാകണമെന്നാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്. ഇതിനായി ബഹുജന പ്രക്ഷോഭം ആരംഭിക്കാനൊരുങ്ങുകയാണ് നാട്ടുകാര്‍.
















