കട്ടപ്പന: കട്ടപ്പന നഗരത്തില്‍ കുടിവെള്ളം മുട്ടിച്ച് വാട്ടര്‍ അതോറിറ്റി. 2 മാസമായി തകരാറിലായി കിടക്കുന്ന കുഴല്‍ കിണറ്റിലെ മോട്ടോര്‍ നന്നാക്കാന്‍ നടപടിയില്ല. കട്ടപ്പന ടൗണിലെ നിരവധി കുടുംബങ്ങളും വ്യാപാര സ്ഥാപനങ്ങളും കുടിവെള്ളത്തിനായി ആശ്രയിക്കുന്നത് വാട്ടര്‍ അതോറിറ്റിയുടെ പമ്പു ഹസിനെയാണ്.
എന്നാല്‍ മാസങ്ങളായി പമ്പ് ഹൗസ് പണിമുടക്കിയിരിക്കുകയാണ്. വാട്ടര്‍ അതോറിറ്റിയില്‍ പ്രദേശവാസികള്‍ പരാതി നല്‍കിയിട്ടും ഇതുവരെ നടപടിയായിട്ടില്ല. പലതവണ കുഴല്‍ കിണറ്റിലെ മോട്ടോര്‍ ഉയര്‍ത്താന്‍ ശ്രമം നടന്നിരുന്നു. ഇതിനുതന്നെ നല്ലൊരു തുക ചിലവായിട്ടുമുണ്ട്. എന്നിട്ടും വെള്ളമെത്തിയിട്ടില്ല. ഇപ്പോള്‍ പണം നല്‍കിയാണ് കുടുംബങ്ങളും വ്യാപാര സ്ഥാപനങ്ങളും കുടിവെള്ളം വാങ്ങുന്നത്. കുഴല്‍കിണറ്റില്‍ ആവശ്യത്തിന് വെള്ളമുണ്ടെങ്കിലും ഇത് പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്നില്ല.
ഇപ്പോള്‍ കാല്ല്‌വെച്ചു മൂടിയ നിലയിലാണ് കുഴല്‍ കിണര്‍. ഇതിനുചുറ്റും കാടുകയറി നിറഞ്ഞിരിക്കുകായാണ്. പൈപ്പുകള്‍ തുരുമ്പെടുത്തു നശിക്കുന്ന അവസ്ഥയിലാണ്. വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ അലംഭാവം മാറ്റി കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം കാണണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. മഴക്കാലത്തും കുടിവെള്ളത്തിനായി നെട്ടോട്ടമൊണ്ടേണ്ട ഗതികേടിലാണ് ഹൈറേഞ്ചുകാര്‍.
















