പാനൂര്‍: തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്തിലെ പശ്ചിമ മലനിരകളായ പാത്തിക്കല്‍ നരിക്കോട് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ കരിങ്കല്‍ക്വാറികളും നിര്‍ത്തിവെക്കാന്‍ ഹൈക്കോടതി ഉത്തരവ്.
പ്രകൃതി സംരക്ഷണവേദി പ്രവര്‍ത്തകന്‍ എന്‍.പി.ബാലന്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്തിലെ രണ്ടാം വാര്‍ഡിലാണ് മുഴുവന്‍ ക്വാറികളും പ്രവര്‍ത്തിക്കുന്നത്. പാനൂര്‍ നഗരസഭ, കുന്നോത്ത്പറമ്പ്, തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്തുകളിലെ പ്രധാന ജലസ്രോതസുകളാണ് പാത്തിക്കല്‍, നരിക്കോട് ഭാഗം. ഇവിടെയാണ് അനധികൃത ക്വാറികള്‍ പ്രവര്‍ത്തിക്കുന്നത്. ഇതിനെതിരെ ശക്തമായ സമരപരിപാടികളാണ് നടന്നു വരുന്നത്. കോടതി വിധി നരിക്കോട്മല നിവാസികളുടെയും പ്രകൃതിസംരക്ഷണ സമിതിയുടെയും വിജയമാണെന്ന് പ്രകൃതിസംരക്ഷണസമിതി കണ്‍വീനര്‍ എന്‍.സുശാന്ത് പറഞ്ഞു.
















