ഇരിട്ടി: 76 തവണ നിയമംലംഘിച്ച് അമിത വേഗത്തില്‍ ഓടിയ സ്വകാര്യബസിന്റെ ഫിറ്റ്‌നസ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍റദ്ദാക്കി. കണ്ണൂര്‍ കൂട്ടുപുഴ റൂട്ടിലോടുന്ന സ്വകാര്യ ബസിന്റെ ഫിറ്റ്‌നസ്് ആണ് ഇന്നലെ റദ്ദ് ചെയ്തത്. ഇന്നലെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ മൊബൈല്‍ ഫോണില്‍ ഘടിപ്പിച്ച പ്രത്യേക അപ്ലിക്കേഷന്‍ ഉപയോഗിച്ച് പരിശോധിച്ചപ്പോഴാണ് ഈ ബസ് 76 തവണ നിയമം ലംഘിച്ചതായി കണ്ടെത്തിയത്. അമിത വേഗതയിലും സ്പീഡ് ഗവര്‍ണറില്ലാതെയും സര്‍വീസ് നടത്തിയതാകാം കാമറയില്‍ ഇത്രയേറെ തവണ ഈ ബസിന്റെ ദൃശ്യങ്ങള്‍ പതിയാന്‍ കാരണമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇരിട്ടി ബസ് സ്റ്റാന്റില്‍ വെച്ചാണ് ബസ് കസ്റ്റഡിയിലെടുത്തത്. സ്പീഡ് ഗവര്‍ണറില്ലാത്ത 15 മറ്റ് ബസുകളും പിടികൂടി. എന്നാല്‍ തലശേരി വളവുപാറ റോഡ് നിര്‍മാണം ഉള്‍പെടെയുള്ള ഗതാഗത കുരുക്ക് കാരണമാണ് സമയത്തെത്താന്‍വേഗത്തില്‍ സര്‍വീസ് നടത്തുന്നതെന്നാണ് പിടികൂടിയ ബസ് ജീവനക്കാര്‍ പറയുന്നത്. ഒരു തവണ നിയമം ലംഘിച്ചാല്‍ 400 രൂപയാണ് പിഴ. ഇത്തരത്തില്‍ ഇന്നലെ പിടികൂടിയ ബസ് 30,400 രൂപ പിഴയടക്കണം. എംവിഐ മാരായ ഇ.ജയറാം, എം.പി റിയാസ് എന്നിവരാണ് പരിശോധന നടത്തിയത്.
















