വഡോദര: ത്രോയിനങ്ങളില്‍ കാര്യമായ നേട്ടമൊന്നും ഉണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കിലും ട്രാക്കിലും ജമ്പിങ്ങ് പിറ്റിലും നടത്തിയ അവിസ്മരണീയ പ്രകടനമാണ് തുടര്‍ച്ചയായ പതിനെട്ടാം തവണയും ദേശീയ സ്‌കൂള്‍ ജൂനിയര്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് ഓവറോള്‍ കിരീടം സമ്മാനിച്ചത്.
ത്രോയിനങ്ങളില്‍ രണ്ട് വെങ്കലം മാത്രമാണ് കേരളത്തിന്റെ സമ്പാദ്യം. ഡിസ്‌കസ് ത്രോയില്‍ അതുല്യയും ഷോട്ട്പുട്ടില്‍ മേഘ മറിയം മാത്യവുമാണ് കഴിഞ്ഞ ദിവസങ്ങളില്‍ വെങ്കലം നേടിയത്. അത്‌ലറ്റിക്‌സില്‍ കേരളത്തിന്റെ കുത്തക തകര്‍ക്കാനായി ഈ വര്‍ഷം മുതല്‍ സ്‌കൂള്‍ കായികമേള മൂന്നായി തിരിച്ച് നടത്തിയിട്ടും ഉത്തരേന്ത്യന്‍ ലോബികളുടെ ശ്രമം വിജയം കണ്ടില്ല. ഇതോടെ മൂന്ന് വിഭാഗങ്ങളിലായി നടന്ന മീറ്റുകളില്‍ രണ്ടെണ്ണത്തിലും കേരളം ചാമ്പ്യന്മാരായി.
പൂനെയില്‍ കഴിഞ്ഞ മാസം നടന്ന സീനിയര്‍ വിഭാഗത്തില്‍ കേരളം ഓവറോള്‍ ചാമ്പ്യന്മാരായിരുന്നു. എന്നാല്‍ അവിടെ തന്നെ നടന്ന സബ്ജൂനിയര്‍ വിഭാഗത്തില്‍ കേരളത്തിന് തിരിച്ചടി നേരിട്ടു. ആറാമതായാണ് കേരളം ഫിനിഷ് ചെയ്തത്. മീറ്റിന്റെ അവസാന ദിനമായ ഇന്നലെ റെക്കോര്‍ഡുകളൊന്നും പിറന്നില്ല.
അവസാന ദിനമായ ഇന്നലെ നടന്ന ആറ് ഫൈനലുകളില്‍ അഞ്ചിലും കേരളം സ്വര്‍ണം നേടി. പെണ്‍കുട്ടികളുടെ ട്രിപ്പിള്‍ജമ്പില്‍ 12.02 മീറ്റര്‍ ദൂരം താണ്ടി മെറിന്‍ ബിജുവിലൂടെയാണ് കേരളം സ്വര്‍ണ്ണക്കൊയ്‌ത്തിന് തുടക്കമിട്ടത്. പിന്നാലെ 200 മീറ്റര്‍ ആണ്‍കുട്ടികളില്‍ സി. അഭിനവും ട്രിപ്പിള്‍ജമ്പില്‍ ആകാശ് എം. വര്‍ഗ്ഗീസും ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും റിലേയിലും കേരളത്തിന്റെ ചുണക്കുട്ടികള്‍ സ്വര്‍ണ്ണം വാരി. പെണ്‍കുട്ടികളുടെ ട്രിപ്പിള്‍ജമ്പില്‍ സാന്ദ്ര ബാബു വെള്ളിയും 200 മീറ്ററില്‍ ആന്‍സി സോജന്‍ വെങ്കലവും നേടി.
എന്നാല്‍ കഴിഞ്ഞ വര്‍ഷം കോഴിക്കോട് നടന്ന ദേശീയ സ്‌കൂള്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിനെ അപേക്ഷിച്ച് ഇത്തവണ സ്വര്‍ണ്ണവേട്ടയില്‍ കേരളം പിന്നിലായി. 17 സ്വര്‍ണമാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ഗ്രൗണ്ടില്‍ നടന്ന അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് ലഭിച്ചത്.
















