ഘാസിയാബാദ്: വില കുറഞ്ഞ ഫോണ്‍ നിര്‍മിച്ചു നല്‍കാമെന്നു പറഞ്ഞ് പണം തട്ടിച്ചെന്ന പരാതിയില്‍ ഒരാള്‍ അറസ്റ്റില്‍. നോയിഡയിലെ റിങ്ങിങ് ബെല്‍സ് ഡയറക്ടര്‍ മോഹിത് ഗോയലിനെയാണ് ഗാസിയാബാദ് പോലീസ് അറസ്റ്റ് ചെയ്തത്.
251 രൂപ വിലയ്‌ക്ക് മൊബൈല്‍ ഫോണ്‍ നല്‍കാമെന്ന വാഗ്ദാനവുമായെത്തിയ അയാം എന്റര്‍പ്രൈസസ് വിതരണക്കാരന്‍ അക്ഷയ് മല്‍ഹോത്ര നല്‍കിയ പരാതിയിലാണ് അറസ്റ്റ്.
‘ഫ്രീഡം 251’ എന്ന പേരില്‍ 251 രൂപയ്‌ക്ക് മൊബൈല്‍ ഫോണ്‍ നല്‍കുമെന്ന് പ്രഖ്യാപിച്ച് 2015 നവംബറിലാണ് റിങ്ങിങ് ബെല്‍സ് രംഗത്തെത്തിയത്. എന്നാല്‍, അവര്‍ക്ക് അതിനായില്ല.
കഴിഞ്ഞ ജൂലായില്‍ ആകെ 5,000 ഫോണ്‍ മാത്രമാണ് നല്‍കിയത്. അയാമില്‍ നിന്ന് പലപ്പോഴായി 30 ലക്ഷം രൂപ റിങ്ങിങ് ബെല്‍സ് ഈടാക്കി. എന്നാല്‍, 13 ലക്ഷം രൂപയുടെ ഫോണുള്‍പ്പെടെ 14 ലക്ഷം മാത്രമാണ് തിരിച്ചു നല്‍കിയത്. 16 ലക്ഷം രൂപ തട്ടിച്ചുവെന്നാരോപിച്ചാണ് അക്ഷയ് പരാതി നല്‍കിയത്. ഫോണിനു പകരം പവര്‍ ബാങ്കും ബള്‍ബുകളുമാണ് നല്‍കിയതെന്നും പരാതിയില്‍ പറഞ്ഞിരുന്നു.
കേസില്‍ മോഹിതിന്റെ ഭാര്യ ധര്‍ന ഗാര്‍ഗ്, അന്‍മോള്‍ ഗോയല്‍, അശോക് ചദ്ദ, സുമിത് കുമാര്‍ എന്നിവരെയും പ്രതി ചേര്‍ത്തുവെന്ന് ഘാസിയാബാദ് പോലീസ് സൂപ്രണ്ട് സല്‍മാന്‍ താജ് പാട്ടീല്‍ പറഞ്ഞു. അറസ്റ്റുണ്ടായതോടെ നിരവധി വിതരണക്കാര്‍ പരാതിയുമായി എത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതിനിടെ, റിങ്ങിങ് ബെല്‍സ് അടച്ചുപൂട്ടി ഇവര്‍ എംഡിഎം ഇലക്ട്രോണിക്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി രൂപീകരിച്ചുവെന്ന് ചൂണ്ടിക്കാട്ടി സാങ്കേതിക വാര്‍ത്തകള്‍ കൈകാര്യം ചെയ്യുന്ന ഒരു പോര്‍ട്ടല്‍ രംഗത്തെത്തിയിരുന്നു. ഇതി റിങ്ങിങ് ബെല്‍സ് ഉടമകള്‍ നിഷേധിച്ചു.
















