ഡിണ്ടിഗല്‍: എട്ടാം ക്‌ളാസില്‍ പഠനം നിര്‍ത്തിയതാണ് കെഎ രാജാ ജ്ഞാനപ്രകാശം. പക്ഷെ ഡിണ്ടിഗലില്‍ ഇന്ന് ഈ മുപ്പത്തഞ്ചുകാരന്‍ ചില്ലറക്കാരനല്ല. വിമാനനിര്‍മ്മാതാവാണ് കക്ഷി.
കുറഞ്ഞ ചെലവില്‍ ഗ്‌ളൈഡറുകള്‍ ഉണ്ടാക്കി കഴിവുതെളിയിച്ചുകഴിഞ്ഞു ജ്ഞാനപ്രകാശം.
പഴനിക്കടുത്ത് വയലൂര്‍ ഗ്രാമ നിവാസിയാണ്. 23ാം വയസിലാണ് ഗ്‌ളൈഡര്‍ ഉണ്ടാക്കാക്കാന്‍ തുടങ്ങിയത്. പലവട്ടം പാളി. പക്ഷെ സ്വപ്നം കൈവിട്ടില്ല. ഒടുവില്‍ ദാ അഭിലാഷം പൂവണിഞ്ഞിരിക്കുന്നു. ഒരാള്‍ക്ക് പറക്കാന്‍ കഴിയുന്ന ഒരു ഗ്‌ളൈഡറും രണ്ടു പേര്‍ക്ക് കയറാവുന്ന രണ്ടു ഗ്‌ളൈഡറുകളുമാണ് വികസിപ്പിച്ചത്, ഒന്നിന്റെ വില ശരാശരി 60,000 രൂപ. വലിയ കമ്പനികള്‍ നാലു ലക്ഷം രൂപ ചുമത്തുമ്പോഴാണ് വെറും അരലക്ഷം രൂപയ്‌ക്ക് ജ്ഞാനപ്രകാശം ഗ്‌ളൈഡറുകള്‍ നിര്‍മ്മിച്ചത്.
കാര്‍ഷികാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന 230 സിസി മുതല്‍ 300 സിസി വരെയുള്ള മോട്ടോറുകളാണ് ഇവ നിര്‍മ്മിക്കാന്‍ ഉപയോഗിച്ചത്. കാറ്റിന്റെ വേഗതയളക്കാനുള്ള അനിമോ മീറ്ററും, ഉയരമളക്കാനുള്ള ആള്‍ട്ടിമീറ്ററും ഇവയിലുണ്ട്. തിരുപ്പൂരിലെ കാടത്തൂരിലെ തന്റെകൃഷി ഭൂമിയുടെ ഒരു ഭാഗം റണ്‍വേയാക്കി മാറ്റി. ആഴ്ചയില്‍ ഒരിക്കല്‍ ഗ്‌ളൈഡര്‍ ഇറക്കി ഏറെനേരം പറത്തും. 60,70 കിലോമീറ്റര്‍ പറക്കും. പാരാഗ്‌ളൈഡറിന് ലൈസന്‍സ് വേണ്ട. 500 അടി ഉയരത്തില്‍ വരെ പറക്കാന്‍ അനുമതിയും വേണ്ട.
എന്നാല്‍ അനുമതി വാങ്ങി സ്വന്തം ഗ്‌ളൈഡറില്‍ ഞാന്‍ ആയിരക്കണക്കിന് അടി ഉയരത്തില്‍ പറന്നിട്ടുണ്ട്. ജ്ഞാനപ്രകാശം പറഞ്ഞു. തന്റെ ഗ്‌ളൈഡറിന് മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗതയില്‍ വരെ പറക്കാം. 14 ലിറ്റര്‍ പെട്രോള്‍ കൊണ്ട് നാലു മണിക്കൂര്‍ വരെ പറക്കാം. യൂട്യൂബിന്റെ സഹായത്താലാണ് ഗ്‌ളൈഡര്‍ രൂപ കല്പ്പന ചെയ്തത്.
















