അയോധ്യ കര്‍സേവകപുരത്ത് നടക്കുന്ന രാമക്ഷേത്ര നിര്‍മ്മാണം
അയോധ്യ: കോടതി വിധി എന്താകുമെന്ന ആശങ്ക അയോധ്യയ്‌ക്കില്ല. രാമക്ഷേത്ര നിര്‍മാണത്തിനുള്ള ഒരുക്കങ്ങള്‍ തകൃതിയാണിവിടെ. കൊത്തുപണിയുള്ള തൂണുകളുള്‍പ്പെടെ എഴുപത് ശതമാനം പണിയും പൂര്‍ത്തിയായി. വിധി വന്നാല്‍ തകര്‍ന്ന തര്‍ക്ക മന്ദിരത്തിന്റെ സ്ഥാനത്ത് പുതിയ രാമക്ഷേത്രം ഉയരും.
കര്‍സേവകപുരത്ത് വിശ്വ ഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിലാണ് രാമക്ഷേത്ര നിര്‍മാണം. തൊണ്ണൂറുകളില്‍ ആരംഭിച്ച നിര്‍മ്മാണ പ്രവൃത്തികള്‍ അവസാന ഘട്ടത്തിലാണ്.
തര്‍ക്ക മന്ദിര സ്ഥാനത്ത് ഇപ്പോള്‍ താല്‍ക്കാലിക ഷെഡ്ഡിനുള്ളിലാണ് പ്രതിഷ്ഠ. പൂജയും ആരാധനയും നടക്കുന്നു. കര്‍ശന പരിശോധനകളോടെ ഭക്തരെ പ്രവേശിപ്പിക്കുന്നുമുണ്ട്. ഹനുമാന്‍ ക്ഷേത്രത്തില്‍ നിന്നും ഒരു കിലോമീറ്റര്‍ നടന്നുവേണം ഇവിടെയെത്താന്‍. രാമമന്ത്രങ്ങള്‍ മുഴങ്ങുന്ന വഴിനീളെ ഭക്തരെ കാത്തിരിക്കുന്നത് പൂവും പ്രസാദവും കുങ്കുമക്കുറിയും.
തര്‍ക്ക സ്ഥലം രാമജന്മഭൂമിയാണെന്ന് വ്യക്തമാക്കിയ അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നടക്കുകയാണ്. അന്തിമ വിധി രാജ്യം കാത്തിരിക്കുമ്പോഴും അയോധ്യയെ അലട്ടുന്നില്ല.
കര്‍സേവകപുരം മറ്റൊരു തീര്‍ത്ഥാടന കേന്ദ്രമായി മാറിക്കഴിഞ്ഞു. പ്രാര്‍ത്ഥനക്കായി ഗ്രാമീണര്‍ കൂട്ടത്തോടെയെത്തുന്നു. അയോധ്യ സന്ദര്‍ശിക്കുന്നവര്‍ ക്ഷേത്രനിര്‍മാണം കാണാതെ മടങ്ങാറില്ല. അറുപത് സെന്റ് സ്ഥലത്തിന്റെ ഇടത് ഭാഗത്ത് രാമജന്മഭൂമി പ്രക്ഷോഭകാലത്ത് കേരളമുള്‍പ്പെടെയുള്ളസ്ഥലങ്ങളില്‍ നിന്ന് എത്തിച്ച പൂജിച്ച കല്ലുകള്‍ അടുക്കി വച്ചിരിക്കുന്നു. കൊത്തിയെടുത്ത തൂണുകളും ശ്രീകോവിലിനായുള്ള മാര്‍ബിളുകളും കൂട്ടിവെച്ചിരിക്കുന്നു. രാജസ്ഥാനില്‍ നിന്നുള്ള മണല്‍ക്കല്ലുകള്‍ ഉപയോഗിച്ചാണ് നിര്‍മ്മാണം. 212 സ്തംഭങ്ങളാണ് നിര്‍മ്മിക്കേണ്ടത്. 268 അടി അഞ്ച് ഇഞ്ച് നീളത്തിലും 128 അടി ഉയരത്തിലുമാണ് ക്ഷേത്രം ഉയരുക.
”ഞങ്ങള്‍ കോടതി വിധിക്ക് കാത്തിരിക്കുകയാണ്. അനുകൂലമാകുമെന്ന് ഉറച്ച വിശ്വാസമുണ്ട്”. നിര്‍മാണത്തിന് മേല്‍നോട്ടം നല്‍കുന്ന ഹനുമാന്‍ യാദവ് പറഞ്ഞു. തെരഞ്ഞെടുപ്പിലേക്ക് അയോധ്യയും വീണുകഴിഞ്ഞു. രാമക്ഷേത്രം എല്ലാ പാര്‍ട്ടികളുടെയും തെരഞ്ഞെടുപ്പ് വിഷയമാണ് ഇത്തവണയും മാറ്റമില്ല. ബിജെപി രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് വ്യക്തമാക്കുമ്പോള്‍ മുസ്ലിം വോട്ടുകളിലാണ് മറ്റ് പാര്‍ട്ടികളുടെ കണ്ണ്. കര്‍സേവകരെ വെടിവെച്ചു കൊന്നത് അടുത്തിടെ മുലായം സിംഗ് യാദവ് അഭിമാനത്തോടെ പറഞ്ഞിരുന്നു. അഞ്ച് തവണ തുടര്‍ച്ചയായി ജയിച്ച മണ്ഡലം 2012ല്‍ ബിജെപിക്ക് നഷ്ടപ്പെട്ടു.
അയോധ്യ തിരിച്ചു പിടിക്കേണ്ടത് പാര്‍ട്ടിക്ക് അഭിമാന പ്രശ്‌നമാണ്. കഴിഞ്ഞ തവണത്തെ ബിഎസ്പി സ്ഥാനാര്‍ത്ഥി വേദ് പ്രകാശ് ഗുപ്തയാണ് ഇത്തവണ ബിജെപി സ്ഥാനാര്‍ത്ഥി. എസ്പിയിലും കോണ്‍ഗ്രസ്സിലും പ്രവര്‍ത്തിച്ചിട്ടുള്ള ഗുപ്ത രാമജന്മഭൂമി പ്രക്ഷോഭത്തിന്റെ മുന്‍നിരയിലുണ്ടായിരുന്നു. സിറ്റിംഗ് എംഎല്‍എ തേജ് നാരായണ്‍ പാണ്‌ഡെയാണ് എസ്പി സ്ഥാനാര്‍ത്ഥി. മുസ്ലിം സ്ഥാനാര്‍ത്ഥിയെയാണ് ബിഎസ്പി ഇറക്കിയിരിക്കുന്നത്.
















