വ്യക്തി അപരിചിതനാകുന്നിടത്ത് ആള്‍ക്കൂട്ടത്തിന്റെ അപരിചിത സാഗരത്തെക്കുറിച്ച് പറയാനുമില്ല. ആള്‍ക്കൂട്ടത്തില്‍ തനിയെ എന്നുള്ള എം.ടിയുടെ അന്യവല്‍ക്കരണത്തിന്റെ ഏകാന്ത സൗന്ദര്യത്തെക്കുറിച്ചുള്ള വാക്ക് പരിചിതമായ നമുക്ക് പക്ഷേ, ആള്‍ക്കൂട്ടം എന്നും പിടി തരാത്ത സമസ്യ തന്നെയാണ്. ആധുനികതയുടെ പ്രഹേളികാ സൗന്ദര്യമുള്ള ജീവിതത്തില്‍ വിവിധ മനസ്ക്കരായവര്‍ അവരവര്‍ക്കു തന്നെ പിടികിട്ടാത്തൊരു വഴുക്കലാണ്. പാശ്ചാത്യ സാഹിത്യത്തിലും തത്വശാസ്ത്രത്തിലുമൊക്കെ നേരത്തെ തന്നെ ഇത്തരം അന്യത്വം വലിയൊരു വിഷയമായിരുന്നു.
ജീന്‍ പോള്‍ സാര്‍ത്രിന്റെ അസ്തിത്വദര്‍ശനത്തിന്റെ പ്രലോഭനത്തില്‍ പാശ്ചാത്യ സാഹിത്യം അഭിരമിച്ചതോടുകൂടി ലോകത്തെ സര്‍ഗാല്‍മകമായൊരു രോഗമായി ഈ തത്വജ്ഞാനം പിടികൂടി. കാഫ്ക,കമ്യു എന്നിവരുടേയും കൂടി രചനകളോടു പരിചിതമായപ്പോള്‍ ഈ സാഹിത്യ ദര്‍ശനം വലിയൊരു അഭിനിവേശമായി ലോകത്തു വളര്‍ന്നു. അപരിഹാര്യമായൊരു പ്രശ്നമായി മലയാളത്തിലെ ആധുനിക സാഹിത്യത്തില്‍ ഇന്നും വേരറ്റു പോകാത്തൊരു വിഷയമാണ്. പഴയരീതിയെക്കാളും മറ്റൊരു വിധത്തില്‍ ഇന്നും കൊടിയ അവസ്ഥയായി ഈ അന്യതാബോധം നിലനില്‍ക്കുന്നുണ്ട്. ആഗോളവല്‍ക്കരണത്തിനും നഗരജീവിതത്തിനും അപ്പുറം എന്നത്തേയും കെണിയായി അസ്തിത്വ പ്രശ്നം തുടര്‍ന്നിരിക്കും എന്നതു തന്നെയാണ് നമ്മുടെ ജീവിതം ആവര്‍ത്തിച്ചു ബോധ്യപ്പെടുത്തുന്നത്.
ഒറ്റപ്പെടല്‍ അല്ലെങ്കില്‍ ആള്‍ക്കുട്ടത്തില്‍ തനിയെ എന്നത് സ്വാഭാവികമായൊരു മനുഷ്യ പ്രശ്നമായി എം.ടി.മാധവിക്കുട്ടി, മേതില്‍ രാജലക്ഷ്മി തുടങ്ങിയവരുടെ കൃതികളില്‍ നേരത്തെ അടയാളപ്പെട്ടിരുന്നു. നിഷേധം കലഹവാസനയാക്കിയ എംടിയുടെ അപ്പുണ്ണി, സേതു, ഗോവിന്ദന് കുട്ടി, രണ്ടാമൂഴത്തിലെ ഭീമന്‍പോലും പേറുന്നത് ഈ അന്യതാ ദുഖമാണ്. കവിതയിലാണെങ്കില്‍ ചങ്ങമ്പുഴയിലും ഇടപ്പള്ളിയിലും ഇത് നിര്‍ലോഭമായി പരിലസിച്ചിരുന്നു. ഐറണി ഇതിന്റെ കൊടിയടയാളമായിരുന്നു. ചങ്ങമ്പുഴയുടെ രണ്ടു കവിതാ സമാഹാരത്തിന്റെ പേരുതന്നെ ഇത്തരം വൈരുധ്യങ്ങളുടെ ഏങ്കോണിപ്പിനെ ചുമക്കുന്നതായിരുന്നു. പാടുന്ന പിശാച്, സ്പന്ദിക്കുന്ന അസ്ഥിമാടം തുടങ്ങിയ നാമങ്ങള്‍ ഈ അന്യത്വം ഉണര്‍ത്തുന്നുണ്ട്. എന്നാല്‍ മുകുന്ദന്, സേതു, ആനന്ദ്, വിജയന്, കാക്കനാടന് എന്നിവരുടെ രചനകളിലൂടെയാണ് മനുഷ്യന്റെ അന്യന് എന്ന ശിഥിലാവസ്ഥ മലയാളി കൂടുതല്‍ വായിച്ചറിഞ്ഞത്.
1970ല്‍ പ്രസിദ്ധീകരിച്ച ആനന്ദിന്റെ ആള്‍ക്കൂട്ടം എന്ന നോവലിലാണ് അസ്തിത്വാന്വേഷണം എന്ന പ്രശ്നഭരിതമായ വിഷയം അതിന്റെ എല്ലാത്തരം പിളര്‍പ്പു സ്വഭാവത്തില്‍ മലയാളി വായിച്ചെടുത്തത്. ബോംബെ എന്ന മഹാനഗരത്തിന്റെ തിരക്കിലൂടെ ഒഴുകി അവനവന് അവനവന് തന്നെ നഷ്ടമാകുന്ന ആധുനിക ജീവിതത്തിന്റെ അലോസരതയിലൂടെ വായിച്ചുപോകുമ്പോഴാണ് വാക്കുകള്‍കൊണ്ട്പറയാനാവാതെ മലയാളിയുടെ ഉള്ളില്‍ തടവിലായിപ്പോയ അവസ്ഥയ്ക്കു വാമൊഴി കിട്ടിയത്. വിക്ടോറിയ ടെര്മിനസില് ഇറങ്ങി ആള്‍ക്കൂട്ടത്തിനിടയിലൂടെ ജീവിതത്തിന്റെ പെരുവഴിയിലൂടെ കടന്നുപോകുന്നവരുടെ അസ്തിത്വ വ്യഥ വായനക്കാരുമായി താദാത്മ്യം പ്രാപിക്കും. ആള്‍ക്കൂട്ടത്തിലും അതിനിടയില്‍ ഒറ്റപ്പെടുമ്പോഴും വ്യക്തി മുഖമില്ലാത്ത അവസ്ഥ. ആധുനിക നഗരജീവിതം ആളുകളെ എങ്ങനെ അവരല്ലാതാക്കുന്നുവെന്ന് ആനന്ദിന്റെ ആള്‍ക്കൂട്ടം വായിച്ച് മലയാളി മരവിച്ചിരുന്നിട്ടുണ്ട്.
മുപ്പത്തിനാലാം വയസിലാണ് ആനന്ദിന്റെ ആദ്യ നോവല്‍ ആള്‍ക്കൂട്ടം പ്രസിദ്ധീകരിക്കുന്നത്. നാലു വര്‍ഷത്തോളമാണ് പ്രസിദ്ധീകരണ ശാലയുടെ അകത്തളത്തില്‍ ആള്‍ക്കൂട്ടത്തിന്റെ കയ്യെഴുത്തു പ്രതി പൊടിപിടിച്ചു കിടന്നതെന്നു കേട്ടിട്ടുണ്ട്. വെളിച്ചം കണ്ടപ്പോള്‍ അത് മലയാള സാഹിത്യത്തിനു തന്നെ ആഘോഷമായി മാറി. മലയാള സാഹിത്യത്തിന് ദര്‍ശനപരമായൊരു നോവലും ദാര്‍ശനികനായൊരു നോവലിസ്റ്റിനേയുമാണ് ഈ കൃതിയിലൂടെ ലഭിച്ചത്. തുടര്‍ന്ന് മരണ സര്‍ട്ടിഫിക്കറ്റ്, ശവഘോഷയാത്ര എന്നീ രചനകളിലൂടെ പി.സച്ചിദാനന്ദ് എന്ന ആനന്ദ് മലയാളത്തില്‍ എഴുത്തുകാരനെന്ന നിലയില്‍ ഇതിഹാസമാകുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: