ശ്രീനഗർ: ജമ്മു കശ്മീരിൽ ആഭ്യന്തരകലഹം മൂലം മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുടെ സര്‍ക്കാര്‍ താഴെ വീഴുമെന്ന അഭ്യൂഹം ശക്തമാകുന്നു. ഒമര്‍ അബ്ദുള്ളയുടെ നേതൃത്വത്തെ സര്‍ക്കാരിനകത്തും നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടിയ്‌ക്കകത്തുമുള്ള ഒരു വിഭാഗം എംഎല്‍എമാര്‍ ചോദ്യം ചെയ്യുന്നതാണ് തലവേദനയാകുന്നത്.
തിരക്കിട്ട് ജൂൺ 3 ന് ഒമർ അബ്ദുള്ള എല്ലാ എംഎൽഎമാരുടെയും യോഗം വിളിച്ചത് തന്നെ പാര്‍ട്ടിക്കും സര്‍ക്കാരിനും ഉള്ളില്‍ വിമതരായി നില്‍ക്കുന്നവരുടെ പരാതികള്‍ കേട്ട് പ്രശ്നം പരിഹരിക്കാനാണെന്ന് വിലയിരുത്തപ്പെടുന്നു. നാഷണൽ കോൺഫറൻസ് നേതൃത്വത്തിലുള്ള സർക്കാർ സമീപഭാവിയിൽ ഗുരുതരമായ വെല്ലുവിളികൾ നേരിടേണ്ടിവരുമെന്ന് ഈയിടെ ജമ്മു കശ്മീരിലെ ബിജെപി നേതൃത്വം അവകാശപ്പെട്ടിരുന്നു.
ജൂൺ 3 ന് പാര്‍ട്ടി എംഎല്‍എമാരുടെ അടിയന്തരയോഗം വിളിച്ചുചേർത്ത ഒമര്‍ അബ്ദുള്ളയുടെ നടപടിയെ ബിജെപിക്കാരനായ പ്രതിപക്ഷ നേതാവ് സുനിൽ ശർമ്മയും മുതിർന്ന ബിജെപി നേതാവ് അൽതാഫ് താക്കൂറും പരിഹസിച്ചിരുന്നു. മുഖ്യമന്ത്രി തന്റെ “മുങ്ങുന്ന കപ്പലിനെ” രക്ഷിക്കാൻ അവസാന ശ്രമം നടത്തുകയാണെന്നായിരുന്നു ഇവരുടെ പരിഹാസം. ജമ്മു കശ്മീരിലെ രാഷ്‌ട്രീയ രംഗം ഉടനെ വലിയ പൊട്ടിത്തെറികള്‍ക്ക് സാക്ഷ്യം വഹിക്കുമെന്ന് ബിജെപി നേതാക്കൾ അഭിപ്രായപ്പെട്ടു. ഒമര്‍ അബ്ദുള്ള സർക്കാരിന്റെ നിലനിൽപ്പ് ഭീഷണിയിലാണെന്നും ബിജെപി നേതാവ് അൽതാഫ് താക്കൂര്‍ അഭിപ്രായപ്പെട്ടു.
ഭരണകക്ഷിയിലെ നിരവധി നിയമസഭാംഗങ്ങൾ ഒമർ അബ്ദുള്ളയുടെ നേതൃത്വത്തിൽ അതൃപ്തരാണെന്ന് അൽതാഫ് താക്കൂറും പറഞ്ഞു. അവരെ സമാധാനിപ്പിക്കാനുള്ള മുൻ ശ്രമങ്ങൾ പരാജയപ്പെട്ടുവെന്നും ജൂൺ 3 ലെ യോഗം അസംതൃപ്തരായ എംഎൽഎമാരെ വീണ്ടും പാർട്ടിയിലേക്ക് കൊണ്ടുവന്ന് സർക്കാരിനെ രക്ഷിക്കാനുള്ള അവസാന ശ്രമമാണെന്നും അദ്ദേഹം അവകാശപ്പെട്ടു. “അസന്തുഷ്ടരായ നിയമസഭാംഗങ്ങളെ ബോധ്യപ്പെടുത്താനും സർക്കാരിനെ സംരക്ഷിക്കാനുമുള്ള അവസാന ശ്രമമാണിത്. ഒമർ അബ്ദുള്ളയുടെ ശ്രമങ്ങൾ പരാജയപ്പെടുമെന്ന് ഉറപ്പാണ്. ജൂൺ 3 വരെ കാത്തിരിക്കുക,” അല്‍ത്താഫ് താക്കൂർ കൂട്ടിച്ചേർത്തു.
നാഷണൽ കോൺഫറൻസ് നിയമസഭാംഗങ്ങൾക്കിടയിൽ ചില അതൃപ്തി നിലനിൽക്കുന്നുണ്ടെന്നും നിരവധി എംഎൽഎമാർ അസന്തുഷ്ടരാണെന്നും ജമ്മു കശ്മീര്‍ അപ്നി പാർട്ടി(ജെകെഎപി) നേതാവ് മുൻതാസിർ മെഹ്ദി സമ്മതിച്ചു. ഇന്ത്യ ടിവിയോട് സംസാരിച്ച മെഹ്ദി പറഞ്ഞു, “നിരവധി നാഷണൽ കോൺഫറൻസ് എംഎൽഎമാർ പാർട്ടിയിൽ അതൃപ്തരാണെന്നും അവർ പാര്‍ട്ടി വിട്ടു പോകാൻ ആഗ്രഹിക്കുന്നുവെന്നും സംശയമില്ല. കാരണം, ഒമർ അബ്ദുള്ളയ്‌ക്ക് ലഭിച്ച ജനവിധി നിറവേറ്റുന്നതിൽ പരാജയപ്പെട്ടു എന്നാണ് അവര്‍ പറയുന്നത്.” അപ്നി പാർട്ടിയുടെ മുതിര്‍ന്ന നേതാവ് മുൻതാസിർ മെഹ്ദി പറയുന്നു.
അതേ സമയം സർക്കാരിന്റെ കാലാവധി പൂർത്തിയാക്കാൻ നാഷണൽ കോൺഫറൻസ് പ്രസിഡന്റ് ഫാറൂഖ് അബ്ദുള്ള നിർണായക പങ്ക് വഹിക്കുമെന്നും മെഹ്ദി അഭിപ്രായപ്പെട്ടു. “ഏത് സാഹചര്യത്തിലും അധികാരം ഉപേക്ഷിക്കാൻ ഒമർ അബ്ദുള്ളയോ ഫാറൂഖ് അബ്ദുള്ളയോ തയ്യാറല്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.
ബിജെപിക്കെതിരെ ഒമർ അബ്ദുള്ള തിരിച്ചടിച്ചു.
പ്രതിപക്ഷ നേതാവ് സുനിൽ ശർമ്മ നടത്തിയ അവകാശവാദങ്ങൾക്കും ജൂൺ 3 ലെ നിയമസഭാ കക്ഷി യോഗത്തെക്കുറിച്ചുള്ള വർദ്ധിച്ചുവരുന്ന ഊഹാപോഹങ്ങൾക്കും മറുപടിയായി ഒമർ അബ്ദുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം എക്‌സില്‍ മറുപടി നല്‍കി. “എന്റെ എംഎൽഎമാരുമായി ഞാൻ വിളിച്ച യോഗത്തെക്കുറിച്ച് ഏറ്റവും കുറച്ച് അറിയുന്നത് എനിക്കാണെന്ന് തോന്നുന്നു. ഒരു കാര്യം ഓർക്കുക: അറിയുന്നവർ സംസാരിക്കുന്നില്ല, സംസാരിക്കുന്നവർ പ്രതിപക്ഷത്തുള്ളവരാണ്.” ഒമര്‍ അബ്ദുള്ള പരിഹസിച്ചു.
ബിജെപി ആരോപണങ്ങള്‍ തള്ളി നാഷണല്‍ കോണ്‍ഫറന്‍സ്
ബിജെപിയുടെ ആരോപണങ്ങൾ നാഷണൽ കോൺഫറൻസ് എംപി റംസാൻ ചൗധരി തള്ളി. നാഷണല്‍ കോണ്‍ഫറന്‍സിനുള്ളില്‍ ഭിന്നതയുണ്ടെന്നത് ബിജെപിയുടെ രാഷ്‌ട്രീയ ദിവാസ്വപ്നങ്ങള്‍ മാത്രമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
മറ്റൊരു നാഷണൽ കോൺഫറൻസ് നേതാവും എംഎൽഎയുമായ സൽമാൻ സാഗറും യോഗം വിളിക്കാനുള്ള മുഖ്യമന്ത്രിയുടെ തീരുമാനത്തെ ന്യായീകരിച്ചു. “ഒരു നൂറ്റാണ്ടിലേറെ നീണ്ട രാഷ്‌ട്രീയ വെല്ലുവിളികളെ നാഷണൽ കോൺഫറൻസ് വിജയകരമായി മറികടന്നു. പാർട്ടിയെ ദുർബലപ്പെടുത്താനുള്ള എണ്ണമറ്റ ശ്രമങ്ങൾ ഉണ്ടായിരുന്നിട്ടും, അത്തരം എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു. ഈ സർക്കാർ അഞ്ച് വർഷത്തെ കാലാവധി പൂർത്തിയാക്കുമെന്നും അടുത്ത തിരഞ്ഞെടുപ്പിലും വിജയിക്കും.,” സാഗർ പറഞ്ഞു.
ജൂൺ 3 ലെ യോഗത്തിലേക്ക് ഉറ്റുനോക്കി മാധ്യമങ്ങള്‍
ജൂൺ 3 ന് നടക്കുന്ന നിയമസഭാ കക്ഷി യോഗത്തിലേക്ക് മാധ്യമങ്ങളും ഉറ്റുനോക്കുകയാണ്. എന്തായാലും സർക്കാർ വീഴാൻ സാധ്യതയുണ്ടെന്ന ബിജെപിയുടെ വാദങ്ങൾ ജമ്മു കശ്മീരിലെ രാഷ്‌ട്രീയ വൃത്തങ്ങളിൽ ചൂടുള്ള ചര്‍ച്ചാവിഷയമായിരിക്കുകയാണ്. ഏറ്റവും ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങളിലൊന്നായി മാറിയിരിക്കുന്നു.
90 അംഗ കശ്മീര്‍ നിയമസഭയിലെ സീറ്റ് നില
2024ലെ ജമ്മു കശ്മീര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷമുണ്ടായില്ല. 90 അംഗ സഭയില്‍ ഒമര്‍ അബ്ദുള്ളയുടെ നാഷണല്‍ കോണ്‍ഫറന്‍സ് 42 സീറ്റ്, ബിജെപി 29 സീറ്റ്, കോണ്‍ഗ്രസ് 6 സീറ്റ്, പിഡിപി 3 സീറ്റ്, സിപിഎം 1 സീറ്റ്, ജമ്മു കശ്മീര്‍ പിപ്പിള്‍സ് കോണ്‍ഫറന്‍സ് 1 സീറ്റ്, ആം ആദ്മി 1 സീറ്റ്, സ്വതന്ത്രര്‍ 7 സീറ്റ് എന്നിങ്ങനെയാണ് സീറ്റ് നില.
















