മെല്‍ബണ്‍: കഴിഞ്ഞ ദിവസം അര്‍ജന്റീനയോട് പരാജയപ്പെട്ട ബ്രസീലിന്റെ തകര്‍പ്പന്‍ തിരിച്ചുവരവ്. ഇന്നലെ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന പോരാട്ടത്തില്‍ ആതിഥേയരായ ഓസ്‌ട്രേലിയയെ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് കാനറികള്‍ കെട്ടുകെട്ടിച്ചു. ബ്രസീലിനായി ഡീഗോ സോസ രണ്ട് ഗോളുകള്‍ നേടി.
തുടങ്ങി 12-ാം സെക്കന്‍ഡില്‍ തന്നെ ബ്രസീല്‍ ആദ്യ ഗോളടിച്ചു. ഓസ്‌ട്രേലിയന്‍ പ്രതിരോധനിര താരം ബെയ്‌ലി റൈറ്റ് ക്ലിയര്‍ ചെയ്ത പന്ത് പിടിച്ചെടുത്ത ഗ്വലിയാനോ എതിരാളികളെ വകഞ്ഞു മുന്നേറിയശേഷം ബോക്‌സില്‍ നില്‍ക്കുകയായിരുന്ന ഡീഗോ സോസക്ക് കൈമാറി. പന്ത് കിട്ടിയ ഡീഗോ പായിച്ച വലംകാലന്‍ ഷോട്ട് ഓസീസ് ഗോളിയെ കീഴടക്കി വലയില്‍ കയറി (1-0). തുടര്‍ന്ന് നിരവധി മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ആദ്യപകുതിയില്‍ കൂടുതല്‍ ഗോളുകള്‍ നേടാന്‍ ബ്രസീലിനോ സമനില നേടാന്‍ ഓസ്‌ട്രേലിയക്കോ കഴിഞ്ഞില്ല.
കളിയുടെ 62-ാം മിനിറ്റിലാണ് ബ്രസീല്‍ രണ്ടാം ഗോള്‍ നേടിയത്. കോര്‍ണറിനൊടുവില്‍ തിയാഗോ സില്‍വയാണ് ഹെഡ്ഡറിലൂടെ ലീഡ് ഉയര്‍ത്തിയത്. പിന്നീട് 75-ാം മിനിറ്റില്‍ ടെയ്‌സണും ലക്ഷ്യം കണ്ടു (3-0). ഒടുവില്‍ പരിക്കുസമയത്ത് സോസ കിടിലന്‍ ഒരു ഹെഡ്ഡറിലൂടെ നാലാം ഗോളും നേടി. വില്ല്യന്‍ എടുത്ത കോര്‍ണര്‍ കിക്കാണ് സോസ വലയിലെത്തിച്ചത്.
നെയ്‌മറെ കൂടാതെയാണ് ബ്രസീല്‍ കളിച്ചത്. കുടിന്യോയാണ് ബ്രസീലിനെ നയിച്ചത്.
















