ഗാന്ധിനഗര്‍: മഴവെള്ളത്തില്‍ മണ്ണൊലിച്ച് ഗര്‍ത്തങ്ങള്‍ രൂപപ്പെട്ട അമ്പലക്കവല-മെഡിക്കല്‍ കോളേജ് റോഡിന്റെ വശങ്ങളിലെ കുഴികള്‍ മണ്ണിട്ട് നികത്തിതുടങ്ങി.
മണ്ണൊലിപ്പ് മൂലം ഈറോഡിന്റെ ഇരുവശങ്ങളിലും രൂപപ്പെട്ട വലിയ ഗര്‍ത്തങ്ങളില്‍ വീണ് ഇരുചക്രവാഹനങ്ങളിലെ യാത്രക്കാരടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. ഗാന്ധിനഗര്‍ എസ്എംഇ ഹയര്‍സെക്കന്‍ഡറി സ്കൂള്‍, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ എന്നിവിടങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ മെഡിക്കല്‍ കോളേജ് ബസ് സ്റ്റാന്‍ഡില്‍ ബസ്സിറങ്ങി കാല്‍നടയായിട്ടാണ് ഇതുവഴി സഞ്ചരിച്ച് വരുന്നത്. ഇരുവശങ്ങളില്‍ നിന്നും വാഹനങ്ങള്‍ വരുമ്പോള്‍ റോഡിന്റെ സൈഡിലേക്ക് മാറിനില്ക്കാന് കഴിയാതെ കുട്ടികള്‍ കുഴികളില്‍ വീണ് പരിക്കേല്‍ക്കുന്നതും നിത്യസംഭവമായിരുന്നു.
ഈ കുഴികളാണ് ഇപ്പോള്‍ അടയ്ക്കുന്നത്. ഇതോടൊപ്പം അനധികൃതമായി സ്ഥാപിച്ചിരുന്ന ഫ്ളക്സ് ബോര്‍ഡുകളും മാറ്റുന്നുണ്ട്. എന്നാല്‍ ഇതൊരു താല്‍ക്കാലിക പ്രവൃത്തിയാണെന്നും അടുത്തമഴയ്ക്കുതന്നെ മണ്ണൊലിച്ച് വീണ്ടും കുഴികള്‍ രൂപപ്പെടുമെന്നും നാട്ടുകാര്‍ പറയുന്നു. റോഡിന്റെ വശങ്ങള് ശരിയായി ഉറപ്പിച്ച് ടാര്‍ ചെയ്യണമെന്നും ഓടകള്‍ നിര്‍മ്മിച്ച് സുരക്ഷിതമാക്കണമെന്നുമാണ് ഇവരുടെ അഭിപ്രായം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: