ജോഹന്നാസ്‌ബെര്‍ഗ്: മാര്‍ച്ച് 12, 2016…പതിനൊന്നു വര്‍ഷത്തിനു ശേഷവും ആ ദിവസം മറക്കാന്‍ കഴയില്ല. ഓസ്‌ട്രേലിയ-ദക്ഷിണാഫ്രിക്ക പരമ്പരയിലെ അഞ്ചാം ഏകദിനം. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 434 റണ്‍സെടുത്തപ്പോള്‍ അസാധാരണമായി ഒന്നും പ്രതീക്ഷിക്കാനില്ലാത്ത ദിവസം. എന്നാല്‍ ആ കൂറ്റന്‍ സ്‌കോര്‍ ചേസ് ചെയ്ത് ദക്ഷിണാഫ്രിക്ക വിജയിച്ചപ്പോള്‍ ക്രിക്കറ്റില്‍ പുതിയൊരു ചരിത്രത്തിനു തുടക്കമാവുകയായിരുന്നു. 175 റണ്‍സുമായി ദക്ഷിണാഫ്രിക്കയുടെ ഐതിഹാസിക റണ്‍ ചേസിനു നേതൃത്വം നല്‍കിയ ഹെര്‍ഷെല്ലെ ഗിബ്‌സിന്റെ ഇന്നിംഗ്‌സ് വിസ്മയമായി.
ജോഹന്നാസ് ബെര്‍ഗില്‍ വെറും 111 പന്തുകളില്‍ നിന്ന് 21 ബൗണ്ടറികളും ഏഴു സിക്‌സറുകളും അടിച്ചു തകര്‍ത്ത ഗിബ്‌സിന്റെ കളി കണ്ട പലരും അന്നേ ചോദിച്ചാണ്, രണ്ടെണ്ണം അടിച്ചിട്ടുണ്ടോ? തമാശ കാര്യമാവുകയാണ്, തലേന്നു രാത്രി നല്ല ഫിറ്റായിരുന്നു താനെന്ന് ഗിബ്‌സ് തന്നെ സമ്മതിച്ചിരിക്കുന്നു. മൂന്നു മണിക്കൂറാണ് നൈറ്റ് ക്ലബ്ബില്‍ ചെലവഴിച്ചത്. ആ അടിയുടെ ഹാങ്ങോവറിലാണ് പിറ്റേന്ന് ഓസ്‌ട്രേലിയന്‍ ബൗളിങ്ങിനെ അടിച്ചു നിരത്തിയത്.
ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 438 റണ്‍സെടുത്ത് അസാധാരണമായി നേടിയ വിജയത്തിന്റെ പതിനൊന്നാം വാര്‍ഷികം ആഘോഷിക്കുമ്പോഴാണ് ഗിബ്‌സിന്റെ ഹാങ്ങോവര്‍ വെളിപ്പെടുത്തല്‍. ടു ദി പോയിന്റ്: ദി നോ ഹോള്‍ഡ്‌സ് ബാറെഡ് ഓട്ടോബയോഗ്രഫി എന്ന ആത്മകഥയിലാണ് ഗിബ്‌സ് കാര്യങ്ങള്‍ തുറന്നു പറയുന്നത്. രാത്രി മൂന്നു മണിക്കൂര്‍ നൈറ്റ് ക്ലബ്ബിലിരുന്നു മദ്യപിച്ചു. പിറ്റേന്നു രാവിലെ ബ്രേക് ഫാസ്റ്റിനിരിക്കുമ്പോള്‍ പാതി പൂസായ അവസ്ഥയിലായിരുന്നു. ബാറ്റിങ്ങിനിറങ്ങുമ്പോള്‍ അത് പൂര്‍ണമായി വിട്ടിരുന്നില്ല. നല്ല ഹാങ്ങോവറിലായിരുന്നു, ഗിബ്‌സ് പറയുന്നു.
ഇതെക്കുറിച്ച് ഓസ്‌ട്രേലിയയുടെ മുന്‍ താരം മൈക്ക് ഹസി നേരത്തേ സംശയം പ്രകടിപ്പിച്ചിരുന്നതാണ്. രാത്രി ഭക്ഷണം കഴിക്കാന്‍ നാഥന്‍ ബ്രാക്കനൊപ്പം പുറത്തു പോയപ്പോള്‍ ഗിബ്‌സിനെ ബാറില്‍ അല്‍പ്പം വശപ്പിശകില്‍ താന്‍ കണ്ടിരുന്നു എന്നാണ് ഹസി നേരത്തേ പറഞ്ഞത്.
മൂന്നു മണിക്കൂറോളം ബിഗ്‌സ് ബാറിലുണ്ടായിരുന്നു എന്ന ഹസിയുടെ സംശയവും ആത്മകഥ ഇപ്പോള്‍ ശരിവെക്കുന്നു.
ഹാങ്ങോവറില്‍ നേടിയ 175 റണ്‍സിനും അതിന്റെ ബലത്തില്‍ നേടിയ വിജയത്തിനും ഐസിസി വിലക്കു വല്ലതും കല്‍പ്പിക്കുമോ എന്നാണ് കാത്തിരുന്നു കാണേണ്ടത്.
















